Saturday, June 14, 2014

ഞങ്ങളെ രക്ഷിച്ചാല്‍ നിങ്ങള്‍ക്കു കൊള്ളാം.





ക്രോം ക്രോം..... ക്രോം........ ക്രോം
കൂട്ടുകാരെ,നിങ്ങളീ ശബ്ദം എവിടെയെങ്കിലും കേള്‍ക്കുന്നുണ്ടോ? ഒരു പക്ഷേ നിങ്ങള് ഇല്ലെന്നായിരിക്കും പറയുന്നത്. പക്ഷേ നിങ്ങളുടെ അച്ഛനോടും മുത്തച്ഛനോടും ഒക്കെ ചോദിച്ചാല്‍ അവര്‍ പറയും  അവര്‍ കേട്ടിട്ടുണ്ടെന്ന്.ഇതു കേള്‍ക്കുകയാണെങ്കില്‍ അവര്‍ പറയും...ദേ തവളകരയുന്നു.   ഇന്നു മഴപെയ്യും.തീര്‍ച്ച.ശരിയാണ് മാനത്തു മഴക്കാറു വരുമ്പോള്‍ ഞങ്ങള്‍ക്കുത്സാഹമാണ്. മഴപെയ്ത് തോടും കുളവും ഒക്കെ നിറയുമ്പോള്‍ ഞങ്ങള്‍ കുത്തിമറിഞ്ഞ് നീന്തി തുടിയ്ക്കും.
 എന്തു ചെയ്യാം. അതൊക്കെ ഒരു ഓര്‍മ്മ മാത്രമായി. ഇപ്പോള്‍ ഞങ്ങളുടെ വംശം അറ്റുപോയി എന്നുതന്നെ പറയാം.വല്ല പൊന്തക്കാട്ടിലോ കുളത്തിലോ അവിടവിടെയായി ഞങ്ങളുടെ കൂട്ടര്‍ഒന്നോ രണ്ടോ വല്ലതും നുള്ളിപ്പെറുക്കിയാല്‍ കാണും. അത്ര തന്നെ.
 അതു കൊണ്ടാണല്ലൊ കൂട്ടുകാരെ ഞങ്ങളെ സംരക്ഷിക്കുവാന്‍ ഏപ്രില്‍ 27എന്നൊരു ദിവസം  പോലും ഉണ്ട്. പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ.കെറിക്രിഗര്‍ ആണ് ഇതിനു പിന്നില്‍.
കൊച്ചു കൂട്ടുകാരെ നിങ്ങള്‍ക്കൊരു കാര്യം അറിയാമോ?36 കോടി വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഞങ്ങളീ ഭൂമിയിലുണ്ടായിരുന്നു.ഞങ്ങള്‍ പെറ്റു പെരുകി ഭൂമിയിലെ എല്ലാ സ്ഥലത്തും എത്തിച്ചേര്‍ന്നു.കുളങ്ങളിലും തോടുകളിലും മഴക്കാടുകളിലും ചതുപ്പു നിലങ്ങളിലും ഒക്കെ ഞങ്ങളുടെ വീടൊരുക്കി.
ദിനോസറുകള്‍ ചത്തൊടുങ്ങിയപ്പോഴും ആദി മനുഷന്‍ ഭൂമിയിലുണ്ടായപ്പോഴും ഞങ്ങളിവിടുണ്ടായിരുന്നു.
മനുഷ്യര്‍ക്ക് ഉപദ്രവമുള്ള കൊതുകകളേയും ഈച്ചകളേയും ഒക്കെ  തിന്നു നശിപ്പിക്കുന്ന ഞങ്ങളെ ആദ്യമാദ്യം അവര്‍ക്ക് വലിയ ഇഷ്ടമായിരുന്നു.
പിന്നീട് ഏതോ ഒരു ദുഷ്ടന്‍ ഞങ്ങളില്‍ഒന്നിന്‍റെ കാല് അറുത്ത് ഭക്ഷണമൊരുക്കി.നല്ല രുചി പിടിച്ചു. അതോടെ ഞങ്ങടെകഷ്ടകാലം തുടങ്ങി എന്നു പറയാം.രാത്രികാലങ്ങളില്‍ വലിയ പെട്രോമാക്സ് വിളക്കുമായി വന്ന് ഞങ്ങളെ കൂട്ടത്തോടെ പിടിച്ചു. അങ്ങനെ തവളപിടുത്തക്കാര്‍  ഞങ്ങളുടെ ഇറച്ചി വിറ്റ് സമ്പാദിക്കുവാന്‍തുടങ്ങി.
അങ്ങനെ അങ്ങനെ ഞങ്ങളുടെ വംശം അറ്റു എന്നു തന്നെ പറയാം.
ഇവകൂടാതെ ഞങ്ങള്‍ക്കു താമസിക്കുവാനുള്ള കുളവും തോടും ചതുപ്പും ഒക്കെ നികത്തി വലിയ വലിയ കോണ്‍ക്രീറ്റു കെട്ടിടങ്ങളും ഉണ്ടാക്കി.അതും ഞങ്ങളുടെ വംശ നാശത്തിന് ഭീക്ഷണിയായി.
ചുരുക്കം പറഞ്ഞാല്‍ കൂട്ടുകാരെ ഞങ്ങളില്ലാത്തതു കൊണ്ട് കൊതുകുകള്‍ പെരുകി. പുതിയ പുതിയഅസുഖങ്ങളും വന്നു.തക്കാളിപ്പനി,ഡങ്കിപ്പനി,ചിക്കന്‍ഗുനിയ എല്ലാം പടര്‍ന്നുപിടിച്ചു.ഇപ്പോള്‍ ദേ ഞങ്ങളെരക്ഷിയ്ക്കാനുള്ളശ്രമങ്ങള്‍ മനുഷ്യര്‍ തുടങ്ങിയിട്ടുണ്ട്.
ഞങ്ങളെ രക്ഷിച്ചാല്‍ നിങ്ങള്‍ക്കു കൊള്ളാം.