Thursday, November 15, 2012

മൂത്തവരുടെ വാക്ക് മുത്തു പോലെ





എന്നും കിഴക്കേ അറ്റത്തുള്ള  കിഴക്കമ്പലക്കുന്നില്‍ നിന്നുംഅപ്പുപ്പന്‍ തത്തയും അമ്മുമ്മതത്തയും മക്കളും കൊച്ചുമക്കളും എല്ലാവരും ആയിട്ടാണ് അങ്ങു പടിഞ്ഞാറ്  പടിഞ്ഞാറ്റിന്‍കര പാടത്ത് നെന്മണികള്‍ തിന്നാന്‍ പോകുന്നത്. അവരെന്നും ഒരുമിച്ചു പോകും.
എന്നും വൈകിട്ട്  വയറു നിറയെ തിന്നു കഴിഞ്ഞ് പറന്നു പറന്ന് ചേക്കേറാന്‍  തിരികെ കിഴക്കമ്പലക്കുന്നില്‍ വരും. അവരു ചേക്കേറാന്‍  വരുമ്പോളാണ്  തൂങ്ങന്‍ വവ്വാല്‍  തീറ്റയ്ക്കായി  പുറപ്പെടുന്നത്. എന്നും വഴിയില്‍ വെച്ച് ചെഞ്ചുണ്ടന്‍ തത്തക്കുഞ്ഞന്‍ തൂങ്ങന്‍ ചേട്ടനെ കാണും.അവനോടു തിരക്കിയപ്പോള്‍   പടിഞ്ഞാറ്റിന്‍കര പാടത്തിനടുത്തുള്ള കദളിക്കാട്ടില്‍ തീറ്റതേടി പോകുവാണെന്നു പറഞ്ഞു.
 ഒരുദിവസം അവന്‍ വവ്വാലിനോടു ചോദിച്ചു ചേട്ടായി  ഞാനും കൂടെ ചേട്ടായിയുടെ കൂടെ കദളിക്കാട്ടില്‍ വരട്ടേന്ന്. അപ്പോള്‍ തൂങ്ങന്‍ പറഞ്ഞു. വന്നോ വന്നോ പക്ഷെ ഒരു കാര്യംഅപ്പുപ്പനോടും അമ്മുമ്മയോടും  അച്ഛനോടും അമ്മയോടും ഒക്കെ അനുവാദം വാങ്ങിയിട്ടേ വരാവു. ചെഞ്ചുണ്ടന്‍ പറഞ്ഞു. ശരി ശരി അങ്ങിനെ തന്നെ.
പിറ്റെന്ന് തത്തക്കുഞ്ഞന്‍ അപ്പുപ്പനോടു ചോദിച്ചു അപ്പുപ്പാ ഞാനും കൂടി വവ്വാലു ചേട്ടന്‍റെ കൂടെ  കദളിക്കാട്ടിലൊന്നു പൊയ്ക്കോട്ടെയെന്ന്.  അപ്പോളപ്പുപ്പന്‍ തത്ത അവനോടു പറഞ്ഞു. പാടില്ല മക്കളെ നമ്മള് പകലു തീറ്റ തേടുന്നവരാണ്. രാത്രി പൊയ്ക്കൂടാ.
വീണ്ടും ചെഞ്ചുണ്ടന്‍ അമ്മുമ്മതത്തയോടു ചെന്നു ചോദിച്ചു. അപ്പോളമ്മുമ്മയും അതു തന്നെ അവനോടു പറഞ്ഞു. വീണ്ടും അവന്‍ അമ്മയോടും അച്ഛനോടും ചോദിച്ചു. എല്ലാവരും അവനോടു് ഒരേപോലെയാണ് പറഞ്ഞത്.
എല്ലാവരും ചെഞ്ചുണ്ടനോട് പോകരുതെന്നു പറഞ്ഞെങ്കിലും അവന് തൂങ്ങന്‍റെ കൂടെ പോകണമെന്ന് അതിയായ ആഗ്രഹം ഉണ്ടായി. പിറ്റെ ദിവസം തത്തക്കൂട്ടങ്ങള്‍ ചേക്കാറാന്‍ തിരികെ പോന്നപ്പോള്‍ വഴിക്കു വെച്ച് ചെഞ്ചുണ്ടന്‍ ഒരു തെങ്ങില്‍ ഇരുന്നു.അവന്‍ തൂങ്ങന്‍ വവ്വാലു വന്നപ്പോള്‍അവന്‍റെ കൂടെ പറന്നു.
ചെഞ്ചുണ്ടന്‍ തൂങ്ങനോടു പറഞ്ഞു എല്ലാവരും പോകണ്ട എന്നാണ് പറഞ്ഞതെന്ന്. പക്ഷേങ്കില് എനിക്ക് ചേട്ടായിയുടെ കൂടെ വരാന്‍ അതിയായ ആശ വന്നു പോയി.
സന്ധ്യ ആയപ്പോള്‍  തൂങ്ങന്‍  എന്നും തീറ്റ തിന്നുന്ന കദളി വാഴതോപ്പിലെത്തി. അവിടെ  നിറയെ വാഴപ്പഴങ്ങളും വാഴക്കൂമ്പിലെ തേനും ഒക്കെ ഉണ്ടായിരുന്നു.തത്തക്കുഞ്ഞന്‍ വവ്വാലിന്‍റെ കൂടെ പറന്ന് വാഴപ്പഴമൊക്കെ കൊത്തി തിന്നു.
സന്ധ്യ മാറി ഇരുട്ടു തുടങ്ങിയപ്പോള്‍ ചെഞ്ചുണ്ടന്‍ തൂങ്ങനോടു പറഞ്ഞു. ചേട്ടായി എനിക്ക് ഒന്നും കാണാന്‍ പറ്റുന്നില്ലല്ലൊ. എനിക്കു പേടി വരുന്നു. അപ്പോള്‍ തൂങ്ങന്‍ പറഞ്ഞു. ഇതു കൊണ്ടാണു തത്തക്കുഞ്ഞാ നിന്നോട് അപ്പുപ്പനും അമ്മുമ്മയും അച്ഛനും അമ്മയും ഒക്കെ ഒരേപോലെ പറഞ്ഞത് നീ എന്‍റ കൂടെ വരരുതെന്ന്.  നീ അത് അനുസരിച്ചില്ല. ഇനിയിപ്പോള്‍ വെളുക്കുന്നിടം വരെ എവിടേലും ഇരിക്ക്. അങ്ങനെ തൂങ്ങന്‍ ചെഞ്ചുണ്ടനെ അവിടെ ഉണ്ടായിരുന്ന ഒരു അത്തി മരത്തിലൊളിപ്പിച്ചിരുത്തി.
രാത്രിയായപ്പോള്‍ അവിടം രാത്രിയില്‍ സഞ്ചരിക്കുന്ന മൃഗങ്ങളെയും പക്ഷികളേയും കൊണ്ടു നിറഞ്ഞു. വലിയ വലിയ കടവാതിലുകളുടെ ചിറകടി ഒച്ചയും മൂങ്ങകളുടെ ഒച്ചയും ചീവിടുകള്‍ കരയുന്ന ശബ്ദവും ഒക്കെ കൂടി ചെഞ്ചുണ്ടന്‍ പേടിച്ചു വിറച്ചു. പിന്നെ കുറക്കന്‍റെയും ഓരിയിടലും , കാട്ടു പൂച്ചകളുടെ കരച്ചിലും  ഒക്കെ കൂടി തത്തക്കുഞ്ഞന്‍ രാവെളുക്കുവോളവും പേടിച്ചു വിറച്ച് ഉറങ്ങാതെ അത്തിമരത്തിലൊളിച്ചിരുന്നു. നേരം വെളുത്തപ്പോള്‍ തൂങ്ങന്‍  ചെഞ്ചുണ്ടനെ തൊട്ടടുത്ത പടിഞ്ഞാറ്റിന്‍കര പാടത്ത് കൊണ്ടാക്കി. അപ്പോഴേക്കും അവിടെ തത്തകൂട്ടങ്ങളെല്ലാം തീറ്റ തിന്നാന്‍ എത്തിയിരുന്നു. ചെഞ്ചുണ്ടന്‍ അപ്പുപ്പന്‍ തത്തയോടും അമ്മുമ്മതത്തയോടും എല്ലാം ഉണ്ടായ കാര്യങ്ങളെല്ലാം  പറഞ്ഞു. 
അപ്പോളവനോട് അപ്പുപ്പന്‍ തത്ത പറഞ്ഞു. എടാ കുഞ്ഞാ മൂത്തവരുടെ വാക്കെന്നു പറഞ്ഞാല്‍ മുത്തു പോലെ വിലയുള്ളതാണെന്ന് ഇപ്പോള്‍ നിനക്കു മനസ്സിലായല്ലൊ.

കുഞ്ഞന്‍ പറഞ്ഞു...ശരിയാണപ്പുപ്പ മുതിര്‍ന്നവര്‍ പറയുന്നതില്‍ കാര്യമുണ്ടെന്നു്  ഇപ്പോളാണ് മനസ്സിലായത് .മുത്തുപോലെ തന്നെ.