Thursday, April 26, 2012

കള്ളനെ കണ്ടു പിടിച്ചേ



 കറുമ്പി കോഴി  അങ്കവാലന്‍ പൂവന്‍ കോഴിയുടെ അടുത്തു്  ഒരു ദിവസം കരഞ്ഞും കൊണ്ട് വന്നു.കറമ്പികോഴീടെ കരച്ചിലു കണ്ടപ്പോളങ്കവാലനും സങ്കടമായി. അവന്‍ പറഞ്ഞു .നീ കാര്യം പറ പെണ്ണേ എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുന്നതാണെങ്കില്‍ ഞാന്‍ ചെയ്തു തരാം.   കറമ്പിക്കോഴി പറഞ്ഞു.
നോക്കിക്കെ അങ്കവാലന്‍ചേട്ടാ. എന്ത് ആശിച്ചു മോഹിച്ചാണെന്നോ അഞ്ചു  കുഞ്ഞുങ്ങളെ കിട്ടിയത്. എത്രദിവസം ഞാനാഹാരം പോലും കഴിയ്ക്കാതെ മുട്ടയ്ക്ക് ചൂടും കൊടുത്ത് ഇരുന്നിട്ടാണെന്നോ ഈ അഞ്ചെണ്ണത്തിനെ എനിയ്ക്കു കിട്ടിയതെന്നറിയാമൊ. ബാക്കിയെല്ലാം ചീമൊട്ടയായി പോയില്ലെ. അപ്പോളങ്കവാലന്‍ പറഞ്ഞു.  ഇപ്പോളഞ്ചു കുഞ്ഞുങ്ങളെ കിട്ടിയില്ലെ.പിന്നെന്താ.  അപ്പോള്‍ വീണ്ടും കറുമ്പിക്കോഴി കരഞ്ഞും കൊണ്ട് പറഞ്ഞു തുടങ്ങി. അതില്‍ രണ്ടെണ്ണത്തിനെ ആരോ ശത്രുക്കളു പിടിച്ചോണ്ടു പോയി. അപ്പോളങ്കവാലന്‍  പറഞ്ഞു. നീ കാര്യമെല്ലാം വിശദമായി പ്പറ. കേക്കട്ടെ.അപ്പോള്‍ വീണ്ടും കറുമ്പിക്കോഴി പറഞ്ഞു തുടങ്ങി.അതങ്കവാലന്‍ ചേട്ടാ ,ഞാനാ കുറ്റിക്കാട്ടിന്‍റെവിടെ നിന്ന് ചിക്കി ചികഞ്ഞ് കുഞ്ഞുങ്ങളെ തീറ്റിക്കുകയായിരുന്നു. ഇഷ്ടം പോലെ ചിതലും മണ്ണിരേം എല്ലാം കിട്ടി. കുഞ്ഞുങ്ങടെ വയറു നിറയാനും വേണ്ടികിട്ടി.അപ്പോഴൊരു കാക്ക എന്‍റെ കുഞ്ഞുങ്ങളെ  റാഞ്ചാന്‍ വന്നു. ഞാന്‍ കൊക്കി കൊണ്ട് കാക്കയുടെ പുറകേ പോയി തിരികെ വന്നപ്പോളൊരു കുഞ്ഞിനെ കാണാനില്ല.ഒരു കരച്ചിലു പോലും കേട്ടില്ല.പിന്നെ നാലെണ്ണത്തിനേം കൊണ്ട് ഞാനങ്ങ് വീട്ടില്‍ പോയി. പിറ്റെ ദിവസവും അവിടെ തന്നെയാണ് കുഞ്ഞുങ്ങളെ തീറ്റിക്കാന്‍ പോയത്. പിറ്റെന്നും അതു തന്നെ  പറ്റി.  കാക്കേ ഓടിച്ചിട്ടു തിരിച്ചു വന്നപ്പം ഒരു കുഞ്ഞിനേം കൂടികാണാനില്ല. ഇപ്പം ദേ മൂന്നു കുഞ്ഞുങ്ങളേ ബാക്കിയൊള്ളു.ആരാണ് പിടിച്ചോണ്ടു പോയന്നു പോലും കണ്ടില്ല. അതും പറഞ്ഞ് കറുമ്പിക്കോഴി വീണ്ടും കരഞ്ഞോണ്ടു പറയാന്‍ തുടങ്ങി.ഇങ്ങിനെയാണെങ്കി ബാക്കി മൂന്നു കുഞ്ഞുങ്ങളേം ഇതേ പോലെ ആരെങ്കിലും പിടിച്ചോണ്ട് പോകത്തെയൊള്ളു.

    കറമ്പിക്കോഴീടെ സങ്കടം കണ്ടിട്ടങ്കവാലന്‍ പറഞ്ഞു.നീ സങ്കടപ്പെടാതിരിക്ക് . നിന്‍റെ കുഞ്ഞുങ്ങളെ കട്ടോണ്ടു പോകുന്ന കള്ളനെ ഞാന്‍ നിനക്കു കണ്ടു പിടിച്ചു തരാം.എന്നിട്ടു കറമ്പിക്കോഴീടടുക്കല്‍   അങ്കവാലന്‍ പറഞ്ഞു. നാളെ ഞാനാണ് അവരെ തീറ്റിക്കാന്‍ കൊണ്ടു പോകുന്നത്. നീ വരുകയേ വേണ്ട.അങ്ങിനെ പിറ്റെ ദിവസം അങ്കവാലന്‍ കറമ്പികോഴി , കുഞ്ഞുങ്ങളെ തീറ്റിക്കാന്‍ കൊണ്ടുപോകുന്ന സ്ഥലത്ത്  ആദ്യം  കുഞ്ഞുങ്ങളില്ലാതെ ഒന്നു പോയി. കുറ്റിക്കാടിന്‍റെടുത്ത് പതുങ്ങി നിന്നു.അപ്പോള്‍ അക്കരെ കാട്ടിലെ ചെമ്പന്‍ പൂച്ചേം കോങ്കണ്ണി കാക്കേം കൂടി എന്തോ രഹസ്യം പറയുന്നതു കണ്ടു. അങ്കവാലന്‍ പതുങ്ങി നിന്ന് ചെവി വട്ടം പിടിച്ചു. അപ്പോള്‍ ചെമ്പന്‍ കോങ്കണ്ണി കാക്കേടടുക്കല്‍   പതുക്കെ  പറയുന്നു . എടീ കാക്കേ നീ എന്നത്തേയും പോലെ കോഴി കുഞ്ഞുങ്ങളെ റാഞ്ചുന്ന പോലെ പറന്നു വരണം. അപ്പൊ നിന്നെ ഓടിക്കാന്‍ കറുമ്പിക്കോഴി വരും. അപ്പോള്‍ ഞാന്‍ കുറ്റിക്കാട്ടീന്ന് ഒറ്റചാട്ടത്തിനൊരെണ്ണത്തിനെ എന്‍റ വായിലാക്കിക്കോളാം. നീയാ മരത്തിന്‍റെ ചോട്ടി വന്നാമതി. നമുക്കു രണ്ടുപേര്‍ക്കും കൂടി ശാപ്പിടാം. അപ്പോള്‍  കറുമ്പികാക്ക പറഞ്ഞു. അതു ഞാനേറ്റു. ചെമ്പന്‍ ചേട്ടാ.  കറുമ്പികാക്ക പറഞ്ഞു ഇനീം നമുക്ക് പതുങ്ങിയിരിക്കാം. കറുമ്പിക്കോഴി വരാന്‍ സമയമായി.ചെമ്പന്‍ ചേട്ടന്‍ കുറ്റിക്കാട്ടിലും ഞാനാ തെങ്ങിന്‍റെ ഓലേലും ഇരിക്കാം.  ചെമ്പന്‍ പൂച്ച പറഞ്ഞു.  ഓ ശരി...ശരി.
അങ്കവാലന്‍  വിചാരിച്ചു ആ..അപ്പോളിവനാണു കക്ഷി. ഇവനിട്ടിന്നു രണ്ടു കൊടുക്കണം.   തിരിച്ചു വന്ന് കോഴിക്കുഞ്ഞുങ്ങളുമായി കുറ്റിക്കാട്ടിന്‍റെടുത്തോട്ട് പോയി.അവിടെകരിയിലയൊക്കെ ചിക്കിയിട്ടു കൊടുത്തിട്ട് കുഞ്ഞുങ്ങളോടു പറഞ്ഞു. ഞാനിതാ ഇവിടെ നിങ്ങടെ അടുത്തു തന്നെ നില്‍പ്പുണ്ട്. നിങ്ങളുപോയി കൊത്തിപ്പെറുക്കി തീറ്റതിന്നോണം.അങ്ങിനെ അങ്കവാലന്‍ ചുറ്റിനും നിരീക്ഷിച്ചോണ്ട് പതുങ്ങി നിന്നു.അപ്പോള്‍ ദേ നോക്കുമ്പം ചെമ്പന്‍ പൂച്ച പതുങ്ങി പതുങ്ങി വരുന്നു.അങ്കവാലന്‍ ചെമ്പന്‍റെടുത്തോട്ട് ഒറ്റ ചാട്ടം ചാടി. ഒരു കൊത്തും കൊടുത്തു. അവന്‍ പേടിച്ചു വിറച്ചു പോയി. കുഞ്ഞുങ്ങളു വന്ന് അങ്കവാലന്‍റെ ചിറകിനടിയില്‍ വന്നു നിന്നു.അങ്കവാലന്‍ ചെമ്പനോടു പറഞ്ഞു. എടാ ചെമ്പാ..ഇപ്പോഴല്ലെ മനസ്സിലായത് നീയാണ് ആ രണ്ടു കുഞ്ഞുങ്ങളേം കട്ടോണ്ടു പോയതെന്ന്. നീ നേരത്തെ വന്ന് ആ കോങ്കണ്ണി കാക്കേടടുക്കല്‍ പറഞ്ഞതു മുഴുവനും ഞാന്‍ കേട്ടു കേട്ടോ.ഇനി ഇവിടെങ്ങാനും കണ്ടു പോയാല്‍ നിന്‍റെ കണ്ണു ഞാന്‍ കൊത്തിപ്പറിച്ചെടുക്കും. വേഗം ഇവിടെ നിന്നും പൊയ്ക്കോ. ചെമ്പന്‍ ജീവനും കൊണ്ട് ഓടിപ്പോയി. ഇതെല്ലാം തെങ്ങിന്‍റെ ഓലേലിരുന്ന് കണ്ടോണ്ടിരുന്ന കോങ്കണ്ണി കാക്ക കാ..കാ..എന്ന് കാറിക്കൊണ്ട്  നാണിച്ചു പറന്നും പോയി.കറമ്പികോഴീം ബാക്കി കുഞ്ഞുങ്ങളും കൂടി    ആരേം പേടിക്കാതെ സുഖമായി കഴിഞ്ഞു.



Monday, March 5, 2012

കാര്‍മേഘത്തിന്‍റ കാരുണ്യം




  അപ്പുപ്പന്‍താടിപോലെ  രണ്ടു കുഞ്ഞു  വെള്ളി  മേഘത്തുണ്ടുകള്‍ ആകാശത്തുകൂടി കളിച്ചു രസിച്ച് ഒഴുകി പോകുകയായിരുന്നു.അപ്പോളതുവഴി ഒരു
കാര്‍മേഘത്തുണ്ട് ഒരുപാടു വേഗത്തില്‍ ഓടി പോകുന്നതു കണ്ടു. ഇതുകണ്ടുകൊണ്ട് വെള്ളി മേഘങ്ങള്‍ ചോദിച്ചു. കാര്‍മേഘമേ നീ എന്താ ഇങ്ങനെ പാഞ്ഞു പോകുന്നത്.
 ഇത്തിരിനേരം ഞങ്ങളുടെ കൂടെ നിന്ന് കളിച്ചിട്ടു പോകാം.    അപ്പോള്‍ കാര്‍മേഘം അവരോടു പറഞ്ഞു. എനിയ്ക്ക് ഒട്ടും നില്‍ക്കുവാന്‍ സമയമില്ല ചങ്ങാതിമാരെ .അപ്പോള്‍ വെള്ളി മേഘത്തുണ്ടുകള്‍ രണ്ടുപേരും കൂടി കാര്‍മേഘത്തിനോടു ചോദിച്ചു . അതെന്താ അങ്ങിനെ. അപ്പോള്‍ കാര്‍മേഘം മറുപടി പറഞ്ഞു.അതോ അത് എന്നെ കടലമ്മ ഒരു ജോലി ഏല്‍പ്പിച്ചു വിട്ടിരിക്കുകയാണ്. ഓഹോ അതെന്താ ആ ജോലി. മറ്റെ മേഘങ്ങളാകാംക്ഷയോടെ ചോദിച്ചു. കാര്‍മേഘം മറുപടി പറഞ്ഞു. നിങ്ങള്‍ താഴോട്ടു. നോക്കൂ. ഭൂമിയിലെ വയലുകളെല്ലാം വരണ്ട് വിണ്ടു കീറി കിടക്കുന്നതു കണ്ടില്ലേ.... കുളങ്ങളും കിണറുകളും എല്ലാം വറ്റി വരണ്ടു കിടക്കുന്നതു കണ്ടില്ലേ...ചെടികളെല്ലാം ഉണങ്ങി കരിഞ്ഞു നില്‍ക്കുന്നതു കണ്ടില്ലേ.. നദികള് വറ്റി മണ്ണ് മാത്രമായിട്ടിരിക്കുന്നതു കണ്ടില്ലേ... വേഴാമ്പല് വായും പൊളിച്ച് ദാഹിച്ചു മുകളിലോട്ടു നോക്കി തപസ്സു ചെയ്യുന്നതു നിങ്ങള്‍ കാണുന്നില്ലേ.. അപ്പോളവര്‍ കാര്‍ മേഘത്തിനോടു പറഞ്ഞു. ഉണ്ട് ഉണ്ട് ഞങ്ങളും കാണുന്നുണ്ടല്ലോ ഇതൊക്കെ.അതുകൊണ്ട് നീ ഓടീട്ട് എന്തു കാര്യം അപ്പോള്‍ കാര്‍ മേഘം പറഞ്ഞു. എന്നെ കടലമ്മ ഒരു ജോലി ഏല്‍പ്പിച്ചെന്നു പറഞ്ഞില്ലേ.. എന്നില്‍ നിറയെ നീരാവിയാണ്. കടലമ്മ തന്നതാണ്. ഇത് ഓടിയോടി അങ്ങ് മുകളില്‍ ചെന്നു തണുക്കുമ്പോള് മഴത്തുള്ളിയായി മാറും. അതു താഴേക്കു വീണ് വെള്ളമാകുമ്പോള് കുളത്തിലും നദിയിലും കിണറിലും ഒക്കെ വെള്ളം കിട്ടും.. വായും പൊളിച്ചിരിക്കുന്ന വേഴാമ്പലിന്‍റ വായിലോട്ട് അതു വീഴുമ്പോളവന്‍റ ദാഹമെല്ലാം തീരും . ചെടികള്‍ക്കെല്ലാം പുതു നാമ്പുവരും.അപ്പോള്‍ വെള്ളി മേഘങ്ങളു വീണ്ടും പറഞ്ഞു. അയ്യോ ചങ്ങാതീ ഞങ്ങളോടും കടലമ്മ ഇതു പറഞ്ഞതാണ്. പക്ഷെ അപ്പോള്‍ വെള്ളമായിക്കഴിയുമ്പോള്‍ പിന്നെ നമ്മള്‍ മേഘങ്ങളങ്ങില്ലാതെ വരില്ലേ...അതുകൊണ്ട് ഞങ്ങളു പറഞ്ഞു ഞങ്ങള്‍ക്ക് ആ ജോലി വയ്യെന്ന്.
അപ്പോള്‍ കാര്‍മേഘം പറഞ്ഞു. നമ്മളില്ലാതായാലും നമ്മളു മുഖാന്തിരം ഭൂമിയ്ക്ക് എത്ര മാത്രം ഉപകാരമായി എന്ന് നിങ്ങളോര്‍ക്കാത്തതെന്തേ... അപ്പോള്‍ വെള്ളി മേഘത്തുണ്ടുകള്‍ കാര്‍ മേഘത്തിനോടു പറഞ്ഞു. ശരിയാണ് ചങ്ങാതീ.. നീ ഞങ്ങടെ കണ്ണു തുറപ്പിച്ചു. മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യുന്ന നിന്നെപ്പോലെ ഞങ്ങളും കടലമ്മയുടെ അടുക്കല്‍ പോയി നീരാവി കൊണ്ടുവരാം. നീ ഓടിപ്പൊയ്ക്കോ. ഞങ്ങളും ദേ പുറകേ എത്തിക്കഴിഞ്ഞു. അതുപറഞ്ഞ് അവരും കളി മതിയാക്കി, കാര്‍മേഘത്തിനെ പ്പോലെ നീരാവിയും വഹിച്ച് കാര്‍മേഘമായി ഭൂമിയില്‍ മഴ പെയ്യിച്ചു.അങ്ങിനെ ഭൂമിയിലെ വരള്‍ച്ച എല്ലാം പോയി.

Friday, January 20, 2012

കുഞ്ഞാറ്റക്കുരുവിയും കുഞ്ഞുവാവയും



കുഞ്ഞാറ്റക്കുരുവി അതു വഴിപോയപ്പോളാണ് ആ വീടിന്‍റ തിണ്ണയിലിരുന്ന് കുഞ്ഞു വാവ കരയുന്നതു കണ്ടത്. കുഞ്ഞാറ്റക്കുരുവിയുടെ കൂട് കുഞ്ഞുവാവയുടെ വീടിന്‍റ മുറ്റത്തെ
കിളി മരത്തിലായിരുന്നു. കരുവിക്ക് മൂന്നു കുഞ്ഞുങ്ങളായിരുന്നു. കുരുവി കുഞ്ഞുങ്ങള്‍ക്ക് ആഹാരം തേടി പോയതായിരുന്നു. അപ്പോഴാണ് കുഞ്ഞുവാവ കരയുന്നതു കണ്ടത്.
എളുപ്പം തന്നെ കുഞ്ഞാറ്റക്കുരുവി കുഞ്ഞുവാവയുടെ അടുത്തുചെന്നിട്ടു് ഒന്നു വട്ടമിട്ടു പറന്നു. അപ്പോള്‍കുഞ്ഞുവാവ അതിശയത്തോടു കൂടി കുഞ്ഞാറ്റക്കുരുവിയെ നോക്കി.
കുഞ്ഞുവാവ കരച്ചിലും നിര്‍ത്തി.   കുഞ്ഞുവാവയോട് കുഞ്ഞാറ്റക്കുരുവി ചോദിച്ചു. കുഞ്ഞാവെ കുഞ്ഞാവേ എന്തിനാണു കരഞ്ഞത്.? അപ്പോള്‍കുഞ്ഞുവാവ കുരുവിയോടു പറഞ്ഞു.  അതു കുഞ്ഞാറ്റക്കുരുവി ഞാനുറങ്ങിയെണീറ്റു വന്നപ്പോളെനിയ്ക്ക് ഭയങ്കര വിശപ്പ്. വിശന്നിട്ടാണ് ഞാന്‍കരഞ്ഞത്.
     കുഞ്ഞാറ്റക്കുരുവി അപ്പോള്‍കുഞ്ഞുവാവയോടു പറഞ്ഞു. കുഞ്ഞുവാവേ..ദേ ആ കൂട്ടിന്നുള്ളിലേയ്ക്കു നോക്കിയേ.അതിനകത്ത് മൂന്നു കുരുവിക്കുഞ്ഞുങ്ങളുണ്ട്.   കുഞ്ഞുവാവ പറഞ്ഞു. അതു ഞാനെപ്പോഴും കാണുന്നതല്ലെ. കുഞ്ഞാറ്റക്കുരുവിയുടെ കുഞ്ഞുങ്ങളെ അമ്മ കാണിച്ചു തന്നിട്ടുണ്ട്. കുരുവി വീണ്ടും പറഞ്ഞു. അതിലൊരെണ്ണമെങ്കിലും കരയുന്നോ എന്നു നോക്കിയ്ക്കേ.അപ്പോള്‍കുഞ്ഞുവാവ പറഞ്ഞു. ഇല്ലല്ലൊ. ഒരു കുരുവിക്കുഞ്ഞുപോലും കരയുന്നില്ല.അപ്പോള്‍ വീണ്ടും കുഞ്ഞാറ്റക്കുരുവി പറഞ്ഞു. അവര് ഞാന്‍തീറ്റകൊണ്ടുചെല്ലുമ്പോള്‍മാത്രമേ വാ പൊളിയ്ക്കുകയുള്ളു. അല്ലാതേ കുഞ്ഞുവാവേപോലെ വിശക്കുന്നേന്നും പറഞ്ഞ് എപ്പോഴും ഇങ്ങനെ കരഞ്ഞോണ്ടിരിക്കുകയില്ല. അവര്‍ക്കറിയാം അവരുടെ അമ്മയായ ഞാന്‍അവര്‍ക്കു കഴിയ്ക്കാന്‍തീറ്റയുമായി ചെല്ലുമെന്നുള്ളത്.  എനിയ്ക്ക് അത് നല്ല ഓര്‍മ്മയുണ്ട്
എന്നുള്ളതവര്‍ക്കറിയാം.അതേപോലെ കുഞ്ഞുവാവയുടെ അമ്മയ്ക്കും കുഞ്ഞുവാവേപ്പറ്റി നല്ല ഓര്‍മ്മയുണ്ട്. ആഹാരവും കൊണ്ട് ഇപ്പോള്‍കുഞ്ഞുവാവയുടെ അമ്മയെത്തും.

വീണ്ടും കുരുവി കുഞ്ഞുവാവയുടെ ചുറ്റിനും ഒന്നുകൂടി പറന്ന് വട്ടമിട്ടു. അപ്പോഴേയ്ക്കും കുഞ്ഞുവാവവേടെ അമ്മ ഒരു ഗ്ലാസ്സില്‍കുഞ്ഞുവാവയ്ക്കു കുടിയ്ക്കാനുള്ള പാലുമായി വരുന്നതു കണ്ടു. അതു കണ്ടപ്പോള്‍കുഞ്ഞുവാവ പറഞ്ഞു. കുഞ്ഞാറ്റക്കുരുവി പറഞ്ഞതെത്ര സത്യം. അപ്പോള്‍കുഞ്ഞാറ്റക്കുരുവി വീണ്ടും കുഞ്ഞുവാവയോടു പറഞ്ഞു.  നോക്കു എപ്പോഴും അമ്മമാരുടെ മനസ്സില്‍കുഞ്ഞുങ്ങളെപ്പറ്റിയായിരിക്കും ചിന്ത. അവര്‍ക്കു വിശക്കുന്നതിനു  കൊടുക്കാനുള്ള ആഹാരത്തിനെപ്പറ്റിയും അവരെ കുളിപ്പിക്കുന്നതിനേപ്പറ്റിയും അവരെ ഉടുപ്പിടീക്കുന്നതിനെപ്പറ്റിയും. അവര്‍ക്കു കുഞ്ഞിക്കഥകള്‍പറഞ്ഞു കൊടുക്കുന്നതിനെപ്പറ്റിയും ഒക്കെയായിരിക്കും വിചാരം. അതിനു നിങ്ങള്‍കുഞ്ഞുങ്ങളു കരയണമെന്നൊന്നും ഇല്ല.
സമായസമയങ്ങളില്‍എല്ലാം തരും. അതു പറഞ്ഞോപ്പോളേയ്ക്കും കുഞ്ഞുവാവയുടെ അമ്മ അടുത്തെത്തി. കുഞ്ഞുവാവ പാലൊക്കെ കുടിച്ച് വിശപ്പു മാറ്റി.  കുഞ്ഞാറ്റക്കുരുവി അങ്ങു പറന്നും പോയി. അങ്ങനെ കുഞ്ഞാറ്റക്കുരുവിയും കുഞ്ഞുവാവയും നല്ല കൂട്ടുകാരുമായി.


Thursday, December 22, 2011

ഒരു പൂന്തേനരുവിയുടെ നൊമ്പരം




ഒരു പൂന്തേനരുവി ഒരുപാടു വേഗത്തിലൊഴുകിയൊഴുകി വരുകയായിരുന്നു. വഴിയിലൊരിടത്തുവെച്ച് ഒരു കട്ടുറുമ്പിനെ ഒരു കടലാസു വഞ്ചിയില്‍ കയറ്റി ഒരു കുസൃതിക്കുട്ടന്‍
പൂന്തേനരുവിയിലോട്ടൊഴുക്കിവിട്ടു. കട്ടുറുമ്പു വിചാരിച്ചു എന്താണേലും ഈ പൂന്തേനരുവീടെ കൂടെ പോകാം. വഴിയിലെ കാഴ്ചകളും കാണാം.പുതിയ പുതിയ നാടുകളും കാണാം. നാട്ടാരേയും കാണാം.പൂന്തേനരുവി ഒഴുകി പോയടത്തുകൂടിയൊക്കെ ആ കടലാസു വഞ്ചിയും ഒഴുകി. അങ്ങനെ ആ കട്ടുറുമ്പ് കാണാത്ത കരകളെല്ലാം കണ്ടുകണ്ട് മുന്നോട്ടു പോയി. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ആ പൂന്തേനരുവിയും കട്ടുറുമ്പും നല്ല ചങ്ങാതിമാരായി.കട്ടുറുമ്പ് പൂന്തേനരുവിയോടു ചോദിച്ചു. പൂന്തേനരുവി..ചങ്ങാതി  നീയെവിടെ നിന്നും വരുന്നു.   നീയെവിടെയ്ക്കാണീ തിടുക്കത്തിലൊഴുകിയൊഴുകി പോകുന്നത്. ഞാന്‍ നിന്‍റ വെള്ളത്തിന്‍റ കൂടെ ഈ കടലാസു വഞ്ചിയില്‍ നിന്നോടൊപ്പം കൂടിയിട്ട് കുറേനേരമായി. എവിടുന്നാണ് നീ വരുന്നത്. ഞാന്‍ വഴിയ്ക്കു വെച്ചാണ് നിന്‍റകൂടെ കൂടിയത് .അപ്പോള്‍ പൂന്തേനരുവി കട്ടുറുമ്പിനോടു പറഞ്ഞു.കൂട്ടുകാരാ ഞാനങ്ങ് ദൂരെ എന്‍റച്ഛന്‍റടുത്തു നിന്നും  വരുകയാണ്. ഞാനെന്‍റ അമ്മയുടെ അടുത്തേയ്ക്ക് എളുപ്പം ഒഴുകി പോകുകയാണ്.കട്ടുറുമ്പ് അതിശയത്തില്‍ ചോദിച്ചു. അച്ഛന്‍റടുത്തു നിന്നോ.ഹാ...ഹാ അതു കൊള്ളാമല്ലോ.
ആരാണു നിന്‍റച്ഛന്‍ .പൂന്തേനരുവി പറഞ്ഞു. നീ കേട്ടിട്ടില്ലേ.കറുമ്പന്‍മല. കറുമ്പന്‍മലയാണെന്‍റച്ഛന്‍ .വീണ്ടും കട്ടുറുമ്പിനു സംശയമായി.അപ്പോള്‍ നിന്‍റ അമ്മയാരാ.  പൂന്തേനരുവി പറഞ്ഞു.  അതോ അത് അറബിക്കടലെന്നു നീ കേട്ടിട്ടില്ലേ.ആ അറബിക്കടലാണെന്‍റയമ്മ.കട്ടുറുമ്പിനു വീണ്ടും സംശയമായി. പൂന്തേനരുവിയോടു ചോദിച്ചു. നീയെന്തിനാണിത്ര വേഗത്തിലീ പാഞ്ഞൊഴുകുന്നത്. നീയൊന്നു നിന്നേ..ഞാനൊരു കര്യം പറയട്ടെ.     അപ്പോള്‍ പൂന്തേനരുവി ഒരുപാടു സങ്കടത്തില്‍ പറഞ്ഞു .അതു ചങ്ങാതീ  നില്‍ക്കാനൊന്നും ഒട്ടും സമയമില്ല. ഞാന്‍ വെപ്രാളപ്പെട്ട് ഓടുന്നതെന്താണെന്നു വെച്ചാല്‍ എപ്പോഴാണ് മനുഷ്യേരു വന്ന് എന്നെ തടഞ്ഞു നിര്‍ത്തുന്നതെന്നറിയത്തില്ല.അവരു വന്ന് തടയിണകെട്ടി തടഞ്ഞു നിര്‍ത്തുന്നതിനു മുമ്പേ എന്‍റയമ്മേടടുത്തെത്തി കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കണം. അതിനാണ്  ഞാനീ വേഗത്തിലോടുന്നത്.കട്ടുറുമ്പിനു പൂന്തേനരുവിയുടെ നൊമ്പരം  മനസ്സിലായി. കട്ടുറുമ്പു പൂന്തേനരുവിയോടു പറഞ്ഞു. എനിയ്ക്കു നിന്‍റ വിഷമം മനസ്സിലായി പൂന്തേനരുവി. എളുപ്പം ഒഴുകിയ്ക്കോ. നീ പറഞ്ഞതു ശരിയാ ഒരു ദയയുമില്ലാത്തമനുഷ്യേര് എപ്പോഴാണ് നിന്നെ തടുത്തു നിര്‍ത്തുന്നതെന്നറിയത്തില്ല.വഴിയിലൊരിടത്ത് ഒരു മരം കിടന്നതില്‍ കയറി കട്ടുറുമ്പ് രക്ഷപ്പെട്ടു . പൂന്തേനരുവി വേഗത്തിലൊഴുകി അമ്മയുടെ അടുത്തേയ്ക്കും പോയി.














Friday, December 9, 2011

പച്ചക്കുതിര



കുട്ടനു പറമ്പിലൊക്കെ കളിച്ചു നടക്കാന്‍ ഒരുപാടിഷ്ടമാണ്. പറമ്പില്‍ നടക്കുമ്പോള്‍ കുട്ടന്‍ ചെടിമേലിരിക്കുന്ന പൂത്തുമ്പിയോടും പുവിനോടും ചിത്ര ശലഭത്തിനോടും ഒക്കെ കാര്യങ്ങളു പറയുകയും ചോദിക്കുകയും ഒക്കെ ചെയ്യും. അവരൊക്കെയാണു കുട്ടന്‍റ കൂട്ടുകാരും.ഒരു ദിവസം കുട്ടനൊരു പച്ചക്കുതിരയെ കണ്ടു. കുട്ടനതിനെ തന്നെ നോക്കിക്കൊണ്ടിരുന്നു. പച്ചക്കുതിര ഒരുപാടുയരത്തില്‍ ചാടുന്നത്  കണ്ടു. പച്ചക്കുതിരയോട്  ചോദിച്ചു. ഹായ് നീയെന്തുയരത്തില്‍ ചാടുന്നു പച്ചക്കുതിരേ.
 എനിയ്ക്കിതു കണ്ടിട്ട് കൊതി വരുന്നു.  കുട്ടനതുപോലൊന്നു ചാടാന്‍ നോക്കി. ദേ തടുപെടാന്നും പറഞ്ഞ് കുട്ടന്‍ താഴെ വീണു.   പച്ചക്കുതിരയോട് കുട്ടന്‍ ചോദിച്ചു. ഞാനൊരു കാര്യം ചോദിച്ചാ നീ സത്യം പറയുമോ. പച്ചക്കുതിര പറഞ്ഞു. ഞാന്‍ സത്യമേ പറയൂ.  ചോദിച്ചോളൂ.. നീയെന്തു ഭക്ഷണമൊക്കെയാ കഴിയ്ക്കുന്നത്. അതു കേട്ടു പച്ചക്കുതിര ഒരു ചിരിചിരിച്ചു.ഹാ...ഹാ... ഇതെന്തു ചോദ്യമാ കുട്ടാ. ഞങ്ങളു പുല്‍ച്ചാടികളല്ലേ. ഈ പേരുപോലെ തന്നെ ഞങ്ങള് ഈ തളിരു പുല്ലും ഇലയും ഒക്കെ തിന്നാ ജീവിക്കുന്നേ.നീയെന്താ അങ്ങിനെ ചോദിച്ചെ കുട്ടാ. അപ്പോള്‍ കുട്ടന്‍ പറഞ്ഞു.  എനിയ്ക്ക് അമ്മ ഇറച്ചീം മീനും ഒക്കെയാണ് തരുന്നത്. എന്നിട്ടു പറയും ഇതൊക്കെ തിന്നാ നല്ല ശക്തി കിട്ടും. ഓടാനും ചാടാനും ഒക്കെപ്പറ്റും എന്നൊക്കെ. അപ്പോള്‍ പുല്‍ച്ചാടി വീണ്ടും അവനോടു പറഞ്ഞു. അതു മനുഷരുടെ വെറുതെയുള്ള തോന്നലാ,  നീയിപ്പോള്‍ കണ്ടില്ലേ. ഇറച്ചി തിന്നുന്ന നീയും പുല്ലു തിന്നുന്ന ഞാനും തമ്മിലുള്ള വ്യത്യാസം. കുട്ടനപ്പോള്‍  പുല്‍ച്ചാടിയോടു പറഞ്ഞു. ശരിയാ പുല്‍ച്ചാടി എനിയ്ക്കു മനസ്സിലായി. അന്നു വീട്ടില്‍ എത്തിയപ്പോള്‍ കുട്ടനമ്മയോടു പ്രത്യേകം പറഞ്ഞു. അമ്മേ ഇന്നുമുതലെനിയ്ക്ക് പച്ചക്കറിയാഹാരം മതി. ഇറച്ചിയും മീനും ഒന്നും വേണ്ട. എന്നിട്ടു പുല്‍ച്ചാടിയുടെ കാര്യവും പറഞ്ഞു.പുല്ലു മാത്രം തിന്നുന്ന പുല്‍ച്ചാടിക്ക് ഒരുപാടുയരത്തില്‍ ചാടാന്‍ പറ്റുന്നത്.

Thursday, November 10, 2011

അന്യനെ ആശ്രയിച്ചാലുണ്ടാകുന്ന ദോഷം



ഒരു കാട്ടിലൊരു അത്തിമരം ഉണ്ടായിരുന്നു.അതു പൂത്തു നിറയെ കായ്കളുണ്ടായി.കുറെ ദിവസം കഴിഞ്ഞപ്പോള് അത്തിപ്പഴം  പഴുത്തു തടങ്ങി.  അത്തിപ്പഴം തിന്നാന്‍  ഒരു കുയിലമ്മ  എത്തി. നല്ല മധുരമുള്ള പഴം. അവള്‍ രണ്ടു മൂന്ന് അത്തിപ്പഴം തിന്നിട്ട് നീട്ടി കൂവി.കൂ.......കൂ........അവളുടെ
കൂട്ടു കാരനെ വിളിയ്ക്കുകയാണ്. എവിടെയോ ഇരുന്നു് മറുപടി കിട്ടി. കൂ.......കൂ....... കുയിലമ്മയുടെ ഈ വിളി ആ അത്തിമരത്തിന്‍റെ കൊമ്പില്‍ പറ്റിയിരുന്ന ഇത്തിള്‍ കൊടിയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല.
ഇത്തിള്‍ ക്കൊടി കുയിലമ്മയോടു ചോദിച്ചു. നീ വന്നു് അത്തിപ്പഴം തിന്നതും പോരാഞ്ഞിട്ട് കൂകി വിളിച്ച് കൂട്ടുകാരനെയും കൂടി വിളിച്ചു വരുത്തുകയാണ്. അല്ലേ.. എന്തിനാണിങ്ങനെ വല്ലതിനേം ആശ്രയിച്ചു ജീവിക്കുന്നെ. കുയിലമ്മ തിരിച്ചു ചോദിച്ചു. ഹാ..ഹാ.. ഇതു നല്ല തമാശ തന്നെ. ചെറിയ മന്തന്‍ വലിയ മന്തനോട് പറയും പോലെ.  ഇത്തിള്‍ ക്കൊടിയേ   നീ അല്ലേ അത്തിമരത്തിനെ പൂര്‍ണ്ണമായും ആശ്രയിക്കുന്നെ. അതിന്‍റെ വേരു വലിച്ചെടുക്കുന്ന ആഹാരം തൊട്ട് വലിച്ചെടുക്കുന്ന ഇത്തിള്‍ ക്കൊടിയേ...നിനക്ക് ഇതു പറയാന്‍ ഒരു യോഗ്യതയും ഇല്ല.നീ ഒരു കാര്യം ഓര്‍ ത്തോളു ഇത്തിള്‍ കൊടിയേ.എനിയ്ക്ക് ഈ അത്തി മരമല്ലേല്‍ വേറെ ഏതേലും മരം . അതിലുണ്ടാകുന്ന പഴമേതേലും കഴിച്ച് ഞാന്‍ ജീവിക്കും. പക്ഷെ നീ പൂര്‍ണ്ണമായും ഇതിനെ തന്നെ ആശ്രയിച്ചാണു ജീവിക്കുന്നത്. ഈ മരത്തിനെന്തേലും സംഭവിച്ചാല്‍ നിന്‍റെ കാര്യം. അതോര്‍ക്കുമ്പോളാണെനിക്ക് സങ്കടം.
കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു. അത്തി മരത്തിലെ പഴമെല്ലാം തീര്‍ന്നു. കുയിലമ്മ അതു വഴി പറന്നു പോയപ്പോളാണ് ആ കാഴ്ച കണ്ടത്. അത്തിമരം അതാ കാറ്റില്‍ മറിഞ്ഞു കിടക്കുന്നു.അതില്‍ പറ്റിയിരുന്ന ഇത്തിള്‍ ക്കൊടി  സങ്കടത്തോടെ പറഞ്ഞു. കുയിലമ്മ പറഞ്ഞതെത്രശരിയാണ്. ഈ അത്തിമരത്തിനെ മാത്രം ആശ്രയിച്ചു ജീവിച്ച ഞാന്‍ ഇതാ ആപത്തില്‍ പെട്ടിരിക്കുന്നു.എന്‍റെ അന്ത്യകാലമടുത്തു. ഭക്ഷണം കിട്ടാനുള്ള മാര്‍ഗ്ഗമാണ് അടഞ്ഞത്.ഇതില്‍ നിന്നും ഒരു പാഠം ഞാന്‍ പഠിച്ചു. ഒരിയ്ക്കലും നമ്മള്‍ ജീവിതത്തില്‍ പൂര്‍ണ്ണമായും  ആരേയും  ആശ്രയിക്കരുത്.



Wednesday, November 2, 2011

വാക്കു പാലിച്ചതിന്റ വില എത്ര വലുത്


കൊക്കരക്കോ...കൊക്കരക്കോ...കൊക്കരക്കോ...

ഹാവൂ...കൂട്ടുകാരെ..  ഞാനങ്ങനെ രക്ഷപ്പെട്ടു.

 ഇപ്പോള്‍നിങ്ങളു വിചാരിക്കുകയാവും ഞാന്‍ എങ്ങിനെയാണ് രക്ഷപ്പെട്ടത്..എവിടെ നിന്നാണ് എന്നൊക്കെ. ഞാനതെല്ലാം പറയാം കൂട്ടുകാരെ..

ദാ കേട്ടോളു....

എന്നെ ആ ഇറച്ചിക്കടേടെ മുമ്പിലെ കൂട്ടിലിട്ടേക്കുവാരുന്നേ. എന്തിനാണെന്നു നിങ്ങക്കെല്ലാം അറിയാമല്ലോ. ഇറച്ചി മേടിക്കാന്‍ആളു വരുമ്പം എന്നെ തൂക്കി കൊടുക്കാനെക്കൊണ്ട്.പക്ഷെ അപ്പോഴാണ് ദൈവം കനിഞ്ഞത്. കൂട്ടിനു നേരെ ഒരു കൊതിയന്‍പട്ടി ഒറ്റ ചാട്ടം.കൂടു ദേ മറിഞ്ഞു താഴെ കിടക്കുന്നു.കൂടിന്‍റ വാതില്‍തുറന്നു വന്നു. ഞാനൊറ്റ ചാട്ടം കൊടുത്തു. എന്‍റ പുറകെ കടക്കാരനും  വന്നു . ഞാനോടി പറന്ന് കടേടെ  മുകളില്‍  മോന്തായത്തി കേറി ഇരുന്നു.കടക്കാരന്‍ആവുന്നതു നോക്കി  .എന്നെ പിടിക്കാന്‍. പക്ഷെ കൂട്ടുകാരെ എന്നെ അയാള്‍ക്കു കിട്ടിയില്ല. അങ്ങിനെ രാത്രിയായി. ഞാന്‍പതുക്കെ താഴെയിറങ്ങി. തീറ്റയൊന്നും കഴിക്കാതെ വിശന്നു പൊരിഞ്ഞ് എന്തെങ്കിലും കിട്ടുമോന്ന് നോക്കി ഞാനൊരു വീടിന്‍റെ  മുറ്റത്ത് ചെന്നു.  ഇരുട്ടായിരുന്നതു കൊണ്ട്  കണ്ണു കാണാന്‍  പറ്റത്തില്ലായിരുന്നേലും  എച്ചിലും വറ്റുമൊക്കെ തപ്പിപെറുക്കി കൊത്തി തിന്നുവാരുന്നു. അപ്പോഴല്ലേ അടുത്ത ആപത്തു വന്നത്. അവിടെ തിളങ്ങുന്ന രണ്ടു കണ്ണുകള്‍. നോക്കുമ്പം ദേ ഒരു ഉണ്ടക്കണ്ണന്‍കുറുക്കന്‍.   അവിടുത്തെ കോഴി കൂട്ടില്‍ അവന്‍ നോട്ടമിട്ടിരുന്നപ്പോഴാണ് എന്നെ കണ്ടത്. എന്നെ കണ്ടതും അവന്‍ചാടി എന്‍റെ നേരെ ഒറ്റ വരവ്. എന്നിട്ട് ഒരു പറച്ചിലും. ആഹാ ഇന്നെനിക്കിനി കഷ്ടപ്പെടാതെ നിന്നെ തിന്നാമല്ലോയെന്ന്.

കൂട്ടുകാരെ 'പടേ പേടിച്ചു പന്തളത്തു ചെന്നപ്പോള്‍പന്തോം കൊളുത്തി പട' വന്നെന്നു പറയുന്നതു കേട്ടില്ലേ. അതേ പോലെയായി ഞാന്‍.  ഞാനവനോടു കെഞ്ചിപ്പറഞ്ഞു.

കുറക്കന്‍  ചേട്ടാ ഞാന്‍രണ്ടു ദിവസം സ്വാതന്ത്ര്യത്തോടു കുടി നടന്നിട്ട് മൂന്നാമത്തെ ദിവസം ചേട്ടന്‍പറയുന്നിടത്ത് ഞാന്‍വന്നോളാം എന്ന്. അതുവരെ ചേട്ടനെന്നെ നോക്കിക്കോ, ഞാന്‍വല്ലയിടത്തും പോകുന്നുണ്ടോയെന്നും മറ്റും.  അപ്പോള്‍കുറുക്കന്‍പറഞ്ഞു. എന്താണേലും ഞാന്‍നിന്നെയൊന്ന് പരീക്ഷിക്കാന്‍പോകുകയാണ്..നീ സത്യ സന്ധനാണോയെന്ന് ഞാന്‍ നോക്കട്ടെ..

അങ്ങിനെ ജീവിതത്തിലാദ്യമായി രണ്ടു ദിവസത്തേക്ക്  ഞാന്‍സ്വതന്ത്രനായി. ഇപ്പോള്‍നിങ്ങക്കൊരു സംശയം തോന്നിക്കാണും അല്ലേ അതുവരെ എനിക്ക് സ്വാതന്ത്ര്യമില്ലായിരുന്നോയെന്ന്.  ഇല്ലായിരുന്നു   കൂട്ടുകാരെ  എന്നെപ്പിടിച്ച് ഒരു കൂട്ടിലാക്കി  വീട്ടുകാര്   തീറ്റയും തന്ന് വളര്‍ത്തുകയായിരുന്നു..എന്തിനാണെന്നോ. എളുപ്പം വലുതാക്കീട്ട്  ഇറച്ചിക്കു വേണ്ടി വില്‍ക്കാന്‍. അങ്ങിനെ അവര്‍വിറ്റപ്പോളാണ് ഞാനാ കടേടെ കൂട്ടിലായത്. ഇപ്പം നിങ്ങളു വിചാരിക്കുന്നുണ്ടായിരിക്കും എന്‍റ അമ്മേം അച്ഛനും ഒക്കെ ഇല്ലേയെന്ന്. ഉണ്ട്. അവരും ഇതേ പോലെ കൂട്ടില്‍തന്നെയാണേ. അങ്ങിനെ ആ ഉണ്ടക്കണ്ണന്‍കുറുക്കന് ദയതോന്നി എന്നെ രണ്ടു ദിവസത്തേക്ക് വിട്ടു. അങ്ങിനെ ഞാനാ കുറ്റിക്കാടിന്റെടുത്താക്കി എന്റെ താവളം. പകലൊക്കെ കരീലയുടെ ഇടയിലൊക്കെ ചിക്കീം ചികഞ്ഞും കൊത്തിപ്പെറുക്കി വല്ലതും തിന്നും. രാത്രയാവുമ്പോള് അവിടൊരു പേര മരത്തില് പതുങ്ങിയിരിക്കും.  രണ്ടാമത്തെ ദിവസം വൈകുന്നേരമാണ് കുറുക്കന്‍ ചേട്ടനെന്നോട് അവിടെ ഒരു വലിയ ആല്മരത്തിന്റെ ചോട്ടില് ചെല്ലണമെന്നു പറഞ്ഞത്.ഞാനന്നു വൈകുന്നേരം  സങ്കടപ്പെട്ടു നടക്കുന്നതു കണ്ടപ്പോള് അതുവഴിവന്ന കാളച്ചേട്ടനെന്നോടു് കാര്യം തിരക്കി. അപ്പോള് കാളച്ചേട്ടനെന്നോടു പറഞ്ഞു. നീ എന്റ മുതുകത്തു കയറി  പതുങ്ങി ഇരുന്നോ നിന്നെ ഞാന്‍ ദൂരെ ഒരിടത്തു കൊണ്ടുപോയി രക്ഷപ്പെടുത്താമെന്ന്.പക്ഷെ ഞാന്‍ പറഞ്ഞു. ജീവന്‍ പോയാലും വേണ്ടില്ല കുറുക്കന്‍ ചേട്ടനു കൊടുത്ത വാക്കു പാലിക്കുമെന്ന്. ഞാനങ്ങനെ മരിക്കാന്‍ തയ്യാറായി രണ്ടും കല്‍പ്പിച്ച് ആല്മരത്തിന്റ ചോട്ടില് കുറുക്കന്‍ ചേട്ടനേയും കാത്തു നിന്നു. ഇത്തിരി സമയം കഴിഞ്ഞപ്പോള്‍ ചിറിയെല്ലാം നക്കി നക്കി കുറുക്കന്‍ ചേട്ടന്‍ വരുന്നു.ഞാനവസാനമായി കണ്ണടച്ചു നിന്നു പ്രാര്ത്ഥിച്ചു. ഇനി  കുറച്ചു സമയത്തിനകം ഞാന്‍ മരിക്കും. കുറുക്കന്‍ ചേട്ടനടുത്തു വന്നു. എന്റ ചിറകില് തട്ടി. എടാ കോഴിച്ചെറുക്കാ കണ്ണു തുറക്കെന്നു പറഞ്ഞു. . എന്‍റ കഥകഴിയുവാന്‍ പോകുകയാണെന്നു വിചാരിച്ചുഞാന്‍ പേടിച്ചു വിറച്ച് കണ്ണു  തുറന്നു .   എന്നോടു പറഞ്ഞു നീ പറഞ്ഞ വാക്കു പാലിച്ചു. അതു കൊണ്ട് നിന്നെ ഞാന്‍ വെറുതെ വിട്ടിരിക്കുന്നു. കൂട്ടു കാരെ അന്നാണ് എനിക്കു മനസ്സിലായത്  വാക്കു പാലിച്ചതിന്റ വില എത്ര വലുതാണെന്നുള്ളത്. അങ്ങിനെ മരണത്തില്‍ ‍നിന്നും ഞാന്‍ രക്ഷപ്പെട്ടു.

ഇപ്പം നിങ്ങള്‍ക്കു മനസ്സിലായോ ഞാനെങ്ങനാ രക്ഷപ്പെട്ടതെന്ന്.