Thursday, July 14, 2011

ആടും പന്നിയും

ഡിങ്കനാട്ടിന്‍ കുട്ടിയും കുഞ്ഞന്‍ പന്നിയും തമ്മില്‍ നല്ല കൂട്ടായിരുന്നു. എന്നും രാവിലെ രണ്ടുപേരും അമ്മമാരോടൊത്ത്  മേയാനിറങ്ങും. വൈകുന്നേരമാകുമ്പോള്‍ തിരികെ പ്പോകും. ആട്ടിന്‍ കുട്ടി നല്ല നല്ല പച്ചിലകളും കുറ്റിച്ചെടികളും ഒക്കെയാണ് തിന്നുന്നത്. കുഞ്ഞന്‍റ ആഹാരം പറമ്പിലുള്ള വിസര്‍ജ്ജ്യ വസ്തുക്കളാണ്. പ്രത്യേകിച്ചും മനുഷ്യരുടെ.
കുറെ ദിവസങ്ങള്‍ കഴിഞ്ഞു. അവര്‍ വലുതായി. ഇപ്പോള്‍ രണ്ടുപേരും തനിയെയാണ് തീറ്റ തിന്നാനിറങ്ങുന്നത്. ഒരു ദിവസം ഡിങ്കന്‍ വന്നു പറഞ്ഞു. എടാ കുഞ്ഞാ,എന്‍റ അമ്മയെ മനുഷേരു കൊന്നു തിന്നും. രണ്ടു മനുഷേരു തമ്മില്‍ പറയുന്നത് ഞാന്‍ കേട്ടു. ആടുകള്‍ പച്ചിലകളല്ലേ തിന്നുന്നത്. അതുകൊണ്ട് ആടിന്‍റ ഇറച്ചി തിന്നാല്‍ ഔഷധഗുണം കിട്ടുമെന്നൊക്കെ. എനിയ്ക്ക് വിഷമം വരുന്നു. കുഞ്ഞന്‍ ഡിങ്കനെ സമാധാനിപ്പിച്ചു വിട്ടു. അല്ലാതവനൊന്നും ചെയ്യാനുള്ള കെല്‍പ്പില്ലായിരുന്നു. ഒരു ദിവസം വന്നപ്പോള്‍ ഡിങ്കന്‍ പറഞ്ഞു. അവന്‍റ അമ്മയെ തലേ ദിവസം രാത്രി മനുഷേരു വന്നു പിടിച്ചോണ്ടു പോയി. വലിയ കരച്ചിലും കേട്ടു. അവന്‍റ അമ്മയെ അവര്‍ കൊന്നു തിന്നു എന്ന്.
            കുറച്ചു ദിവസങ്ങളും കൂടി കഴിഞ്ഞു. ഒരു ദിവസം കുഞ്ഞന്‍ കരഞ്ഞു കൊണ്ടാണ് വന്നത്. ഡിങ്കന്‍ കാര്യം തിരക്കി. അപ്പോള്‍ കുഞ്ഞന്‍ പറഞ്ഞു.എന്‍റ അമ്മയെ അവര്‍ ഇന്നലെ രാത്രി പിടിച്ചു കെട്ടി കൊണ്ടുപോയി.കൊന്നു തിന്നു. നിന്‍റ അമ്മയെ തിന്ന മനുഷേര്‍ തന്നെ.പക്ഷെ എനിയ്ക്കൊരു സംശയം ഡിങ്കാ. പച്ചിലകള്‍ തിന്നുന്ന നിങ്ങള്‍ ആടുകളുടെ ഇറച്ചി ഔഷധ മൂല്യമുണ്ടെന്നു പറഞ്ഞല്ലേ  മനുഷേര്‍ തിന്നാന്‍ ന്യായം കണ്ടെത്തുന്നത്. പക്ഷെ അവരുടെ തന്നെ വിസര്‍ജ്ജ്യം ഭക്ഷിയ്ക്കുന്ന ഞങ്ങളുടെ ഇറച്ചി എന്തു ന്യായം പറഞ്ഞാണ് അവര്‍ തിന്നുന്നത്..?ആ സംശയം സംശയമായി തന്നെ ഇപ്പോഴും അവശേഷിക്കുന്നു.