Thursday, December 22, 2011

ഒരു പൂന്തേനരുവിയുടെ നൊമ്പരം




ഒരു പൂന്തേനരുവി ഒരുപാടു വേഗത്തിലൊഴുകിയൊഴുകി വരുകയായിരുന്നു. വഴിയിലൊരിടത്തുവെച്ച് ഒരു കട്ടുറുമ്പിനെ ഒരു കടലാസു വഞ്ചിയില്‍ കയറ്റി ഒരു കുസൃതിക്കുട്ടന്‍
പൂന്തേനരുവിയിലോട്ടൊഴുക്കിവിട്ടു. കട്ടുറുമ്പു വിചാരിച്ചു എന്താണേലും ഈ പൂന്തേനരുവീടെ കൂടെ പോകാം. വഴിയിലെ കാഴ്ചകളും കാണാം.പുതിയ പുതിയ നാടുകളും കാണാം. നാട്ടാരേയും കാണാം.പൂന്തേനരുവി ഒഴുകി പോയടത്തുകൂടിയൊക്കെ ആ കടലാസു വഞ്ചിയും ഒഴുകി. അങ്ങനെ ആ കട്ടുറുമ്പ് കാണാത്ത കരകളെല്ലാം കണ്ടുകണ്ട് മുന്നോട്ടു പോയി. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ആ പൂന്തേനരുവിയും കട്ടുറുമ്പും നല്ല ചങ്ങാതിമാരായി.കട്ടുറുമ്പ് പൂന്തേനരുവിയോടു ചോദിച്ചു. പൂന്തേനരുവി..ചങ്ങാതി  നീയെവിടെ നിന്നും വരുന്നു.   നീയെവിടെയ്ക്കാണീ തിടുക്കത്തിലൊഴുകിയൊഴുകി പോകുന്നത്. ഞാന്‍ നിന്‍റ വെള്ളത്തിന്‍റ കൂടെ ഈ കടലാസു വഞ്ചിയില്‍ നിന്നോടൊപ്പം കൂടിയിട്ട് കുറേനേരമായി. എവിടുന്നാണ് നീ വരുന്നത്. ഞാന്‍ വഴിയ്ക്കു വെച്ചാണ് നിന്‍റകൂടെ കൂടിയത് .അപ്പോള്‍ പൂന്തേനരുവി കട്ടുറുമ്പിനോടു പറഞ്ഞു.കൂട്ടുകാരാ ഞാനങ്ങ് ദൂരെ എന്‍റച്ഛന്‍റടുത്തു നിന്നും  വരുകയാണ്. ഞാനെന്‍റ അമ്മയുടെ അടുത്തേയ്ക്ക് എളുപ്പം ഒഴുകി പോകുകയാണ്.കട്ടുറുമ്പ് അതിശയത്തില്‍ ചോദിച്ചു. അച്ഛന്‍റടുത്തു നിന്നോ.ഹാ...ഹാ അതു കൊള്ളാമല്ലോ.
ആരാണു നിന്‍റച്ഛന്‍ .പൂന്തേനരുവി പറഞ്ഞു. നീ കേട്ടിട്ടില്ലേ.കറുമ്പന്‍മല. കറുമ്പന്‍മലയാണെന്‍റച്ഛന്‍ .വീണ്ടും കട്ടുറുമ്പിനു സംശയമായി.അപ്പോള്‍ നിന്‍റ അമ്മയാരാ.  പൂന്തേനരുവി പറഞ്ഞു.  അതോ അത് അറബിക്കടലെന്നു നീ കേട്ടിട്ടില്ലേ.ആ അറബിക്കടലാണെന്‍റയമ്മ.കട്ടുറുമ്പിനു വീണ്ടും സംശയമായി. പൂന്തേനരുവിയോടു ചോദിച്ചു. നീയെന്തിനാണിത്ര വേഗത്തിലീ പാഞ്ഞൊഴുകുന്നത്. നീയൊന്നു നിന്നേ..ഞാനൊരു കര്യം പറയട്ടെ.     അപ്പോള്‍ പൂന്തേനരുവി ഒരുപാടു സങ്കടത്തില്‍ പറഞ്ഞു .അതു ചങ്ങാതീ  നില്‍ക്കാനൊന്നും ഒട്ടും സമയമില്ല. ഞാന്‍ വെപ്രാളപ്പെട്ട് ഓടുന്നതെന്താണെന്നു വെച്ചാല്‍ എപ്പോഴാണ് മനുഷ്യേരു വന്ന് എന്നെ തടഞ്ഞു നിര്‍ത്തുന്നതെന്നറിയത്തില്ല.അവരു വന്ന് തടയിണകെട്ടി തടഞ്ഞു നിര്‍ത്തുന്നതിനു മുമ്പേ എന്‍റയമ്മേടടുത്തെത്തി കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കണം. അതിനാണ്  ഞാനീ വേഗത്തിലോടുന്നത്.കട്ടുറുമ്പിനു പൂന്തേനരുവിയുടെ നൊമ്പരം  മനസ്സിലായി. കട്ടുറുമ്പു പൂന്തേനരുവിയോടു പറഞ്ഞു. എനിയ്ക്കു നിന്‍റ വിഷമം മനസ്സിലായി പൂന്തേനരുവി. എളുപ്പം ഒഴുകിയ്ക്കോ. നീ പറഞ്ഞതു ശരിയാ ഒരു ദയയുമില്ലാത്തമനുഷ്യേര് എപ്പോഴാണ് നിന്നെ തടുത്തു നിര്‍ത്തുന്നതെന്നറിയത്തില്ല.വഴിയിലൊരിടത്ത് ഒരു മരം കിടന്നതില്‍ കയറി കട്ടുറുമ്പ് രക്ഷപ്പെട്ടു . പൂന്തേനരുവി വേഗത്തിലൊഴുകി അമ്മയുടെ അടുത്തേയ്ക്കും പോയി.














Friday, December 9, 2011

പച്ചക്കുതിര



കുട്ടനു പറമ്പിലൊക്കെ കളിച്ചു നടക്കാന്‍ ഒരുപാടിഷ്ടമാണ്. പറമ്പില്‍ നടക്കുമ്പോള്‍ കുട്ടന്‍ ചെടിമേലിരിക്കുന്ന പൂത്തുമ്പിയോടും പുവിനോടും ചിത്ര ശലഭത്തിനോടും ഒക്കെ കാര്യങ്ങളു പറയുകയും ചോദിക്കുകയും ഒക്കെ ചെയ്യും. അവരൊക്കെയാണു കുട്ടന്‍റ കൂട്ടുകാരും.ഒരു ദിവസം കുട്ടനൊരു പച്ചക്കുതിരയെ കണ്ടു. കുട്ടനതിനെ തന്നെ നോക്കിക്കൊണ്ടിരുന്നു. പച്ചക്കുതിര ഒരുപാടുയരത്തില്‍ ചാടുന്നത്  കണ്ടു. പച്ചക്കുതിരയോട്  ചോദിച്ചു. ഹായ് നീയെന്തുയരത്തില്‍ ചാടുന്നു പച്ചക്കുതിരേ.
 എനിയ്ക്കിതു കണ്ടിട്ട് കൊതി വരുന്നു.  കുട്ടനതുപോലൊന്നു ചാടാന്‍ നോക്കി. ദേ തടുപെടാന്നും പറഞ്ഞ് കുട്ടന്‍ താഴെ വീണു.   പച്ചക്കുതിരയോട് കുട്ടന്‍ ചോദിച്ചു. ഞാനൊരു കാര്യം ചോദിച്ചാ നീ സത്യം പറയുമോ. പച്ചക്കുതിര പറഞ്ഞു. ഞാന്‍ സത്യമേ പറയൂ.  ചോദിച്ചോളൂ.. നീയെന്തു ഭക്ഷണമൊക്കെയാ കഴിയ്ക്കുന്നത്. അതു കേട്ടു പച്ചക്കുതിര ഒരു ചിരിചിരിച്ചു.ഹാ...ഹാ... ഇതെന്തു ചോദ്യമാ കുട്ടാ. ഞങ്ങളു പുല്‍ച്ചാടികളല്ലേ. ഈ പേരുപോലെ തന്നെ ഞങ്ങള് ഈ തളിരു പുല്ലും ഇലയും ഒക്കെ തിന്നാ ജീവിക്കുന്നേ.നീയെന്താ അങ്ങിനെ ചോദിച്ചെ കുട്ടാ. അപ്പോള്‍ കുട്ടന്‍ പറഞ്ഞു.  എനിയ്ക്ക് അമ്മ ഇറച്ചീം മീനും ഒക്കെയാണ് തരുന്നത്. എന്നിട്ടു പറയും ഇതൊക്കെ തിന്നാ നല്ല ശക്തി കിട്ടും. ഓടാനും ചാടാനും ഒക്കെപ്പറ്റും എന്നൊക്കെ. അപ്പോള്‍ പുല്‍ച്ചാടി വീണ്ടും അവനോടു പറഞ്ഞു. അതു മനുഷരുടെ വെറുതെയുള്ള തോന്നലാ,  നീയിപ്പോള്‍ കണ്ടില്ലേ. ഇറച്ചി തിന്നുന്ന നീയും പുല്ലു തിന്നുന്ന ഞാനും തമ്മിലുള്ള വ്യത്യാസം. കുട്ടനപ്പോള്‍  പുല്‍ച്ചാടിയോടു പറഞ്ഞു. ശരിയാ പുല്‍ച്ചാടി എനിയ്ക്കു മനസ്സിലായി. അന്നു വീട്ടില്‍ എത്തിയപ്പോള്‍ കുട്ടനമ്മയോടു പ്രത്യേകം പറഞ്ഞു. അമ്മേ ഇന്നുമുതലെനിയ്ക്ക് പച്ചക്കറിയാഹാരം മതി. ഇറച്ചിയും മീനും ഒന്നും വേണ്ട. എന്നിട്ടു പുല്‍ച്ചാടിയുടെ കാര്യവും പറഞ്ഞു.പുല്ലു മാത്രം തിന്നുന്ന പുല്‍ച്ചാടിക്ക് ഒരുപാടുയരത്തില്‍ ചാടാന്‍ പറ്റുന്നത്.

Thursday, November 10, 2011

അന്യനെ ആശ്രയിച്ചാലുണ്ടാകുന്ന ദോഷം



ഒരു കാട്ടിലൊരു അത്തിമരം ഉണ്ടായിരുന്നു.അതു പൂത്തു നിറയെ കായ്കളുണ്ടായി.കുറെ ദിവസം കഴിഞ്ഞപ്പോള് അത്തിപ്പഴം  പഴുത്തു തടങ്ങി.  അത്തിപ്പഴം തിന്നാന്‍  ഒരു കുയിലമ്മ  എത്തി. നല്ല മധുരമുള്ള പഴം. അവള്‍ രണ്ടു മൂന്ന് അത്തിപ്പഴം തിന്നിട്ട് നീട്ടി കൂവി.കൂ.......കൂ........അവളുടെ
കൂട്ടു കാരനെ വിളിയ്ക്കുകയാണ്. എവിടെയോ ഇരുന്നു് മറുപടി കിട്ടി. കൂ.......കൂ....... കുയിലമ്മയുടെ ഈ വിളി ആ അത്തിമരത്തിന്‍റെ കൊമ്പില്‍ പറ്റിയിരുന്ന ഇത്തിള്‍ കൊടിയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല.
ഇത്തിള്‍ ക്കൊടി കുയിലമ്മയോടു ചോദിച്ചു. നീ വന്നു് അത്തിപ്പഴം തിന്നതും പോരാഞ്ഞിട്ട് കൂകി വിളിച്ച് കൂട്ടുകാരനെയും കൂടി വിളിച്ചു വരുത്തുകയാണ്. അല്ലേ.. എന്തിനാണിങ്ങനെ വല്ലതിനേം ആശ്രയിച്ചു ജീവിക്കുന്നെ. കുയിലമ്മ തിരിച്ചു ചോദിച്ചു. ഹാ..ഹാ.. ഇതു നല്ല തമാശ തന്നെ. ചെറിയ മന്തന്‍ വലിയ മന്തനോട് പറയും പോലെ.  ഇത്തിള്‍ ക്കൊടിയേ   നീ അല്ലേ അത്തിമരത്തിനെ പൂര്‍ണ്ണമായും ആശ്രയിക്കുന്നെ. അതിന്‍റെ വേരു വലിച്ചെടുക്കുന്ന ആഹാരം തൊട്ട് വലിച്ചെടുക്കുന്ന ഇത്തിള്‍ ക്കൊടിയേ...നിനക്ക് ഇതു പറയാന്‍ ഒരു യോഗ്യതയും ഇല്ല.നീ ഒരു കാര്യം ഓര്‍ ത്തോളു ഇത്തിള്‍ കൊടിയേ.എനിയ്ക്ക് ഈ അത്തി മരമല്ലേല്‍ വേറെ ഏതേലും മരം . അതിലുണ്ടാകുന്ന പഴമേതേലും കഴിച്ച് ഞാന്‍ ജീവിക്കും. പക്ഷെ നീ പൂര്‍ണ്ണമായും ഇതിനെ തന്നെ ആശ്രയിച്ചാണു ജീവിക്കുന്നത്. ഈ മരത്തിനെന്തേലും സംഭവിച്ചാല്‍ നിന്‍റെ കാര്യം. അതോര്‍ക്കുമ്പോളാണെനിക്ക് സങ്കടം.
കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു. അത്തി മരത്തിലെ പഴമെല്ലാം തീര്‍ന്നു. കുയിലമ്മ അതു വഴി പറന്നു പോയപ്പോളാണ് ആ കാഴ്ച കണ്ടത്. അത്തിമരം അതാ കാറ്റില്‍ മറിഞ്ഞു കിടക്കുന്നു.അതില്‍ പറ്റിയിരുന്ന ഇത്തിള്‍ ക്കൊടി  സങ്കടത്തോടെ പറഞ്ഞു. കുയിലമ്മ പറഞ്ഞതെത്രശരിയാണ്. ഈ അത്തിമരത്തിനെ മാത്രം ആശ്രയിച്ചു ജീവിച്ച ഞാന്‍ ഇതാ ആപത്തില്‍ പെട്ടിരിക്കുന്നു.എന്‍റെ അന്ത്യകാലമടുത്തു. ഭക്ഷണം കിട്ടാനുള്ള മാര്‍ഗ്ഗമാണ് അടഞ്ഞത്.ഇതില്‍ നിന്നും ഒരു പാഠം ഞാന്‍ പഠിച്ചു. ഒരിയ്ക്കലും നമ്മള്‍ ജീവിതത്തില്‍ പൂര്‍ണ്ണമായും  ആരേയും  ആശ്രയിക്കരുത്.



Wednesday, November 2, 2011

വാക്കു പാലിച്ചതിന്റ വില എത്ര വലുത്


കൊക്കരക്കോ...കൊക്കരക്കോ...കൊക്കരക്കോ...

ഹാവൂ...കൂട്ടുകാരെ..  ഞാനങ്ങനെ രക്ഷപ്പെട്ടു.

 ഇപ്പോള്‍നിങ്ങളു വിചാരിക്കുകയാവും ഞാന്‍ എങ്ങിനെയാണ് രക്ഷപ്പെട്ടത്..എവിടെ നിന്നാണ് എന്നൊക്കെ. ഞാനതെല്ലാം പറയാം കൂട്ടുകാരെ..

ദാ കേട്ടോളു....

എന്നെ ആ ഇറച്ചിക്കടേടെ മുമ്പിലെ കൂട്ടിലിട്ടേക്കുവാരുന്നേ. എന്തിനാണെന്നു നിങ്ങക്കെല്ലാം അറിയാമല്ലോ. ഇറച്ചി മേടിക്കാന്‍ആളു വരുമ്പം എന്നെ തൂക്കി കൊടുക്കാനെക്കൊണ്ട്.പക്ഷെ അപ്പോഴാണ് ദൈവം കനിഞ്ഞത്. കൂട്ടിനു നേരെ ഒരു കൊതിയന്‍പട്ടി ഒറ്റ ചാട്ടം.കൂടു ദേ മറിഞ്ഞു താഴെ കിടക്കുന്നു.കൂടിന്‍റ വാതില്‍തുറന്നു വന്നു. ഞാനൊറ്റ ചാട്ടം കൊടുത്തു. എന്‍റ പുറകെ കടക്കാരനും  വന്നു . ഞാനോടി പറന്ന് കടേടെ  മുകളില്‍  മോന്തായത്തി കേറി ഇരുന്നു.കടക്കാരന്‍ആവുന്നതു നോക്കി  .എന്നെ പിടിക്കാന്‍. പക്ഷെ കൂട്ടുകാരെ എന്നെ അയാള്‍ക്കു കിട്ടിയില്ല. അങ്ങിനെ രാത്രിയായി. ഞാന്‍പതുക്കെ താഴെയിറങ്ങി. തീറ്റയൊന്നും കഴിക്കാതെ വിശന്നു പൊരിഞ്ഞ് എന്തെങ്കിലും കിട്ടുമോന്ന് നോക്കി ഞാനൊരു വീടിന്‍റെ  മുറ്റത്ത് ചെന്നു.  ഇരുട്ടായിരുന്നതു കൊണ്ട്  കണ്ണു കാണാന്‍  പറ്റത്തില്ലായിരുന്നേലും  എച്ചിലും വറ്റുമൊക്കെ തപ്പിപെറുക്കി കൊത്തി തിന്നുവാരുന്നു. അപ്പോഴല്ലേ അടുത്ത ആപത്തു വന്നത്. അവിടെ തിളങ്ങുന്ന രണ്ടു കണ്ണുകള്‍. നോക്കുമ്പം ദേ ഒരു ഉണ്ടക്കണ്ണന്‍കുറുക്കന്‍.   അവിടുത്തെ കോഴി കൂട്ടില്‍ അവന്‍ നോട്ടമിട്ടിരുന്നപ്പോഴാണ് എന്നെ കണ്ടത്. എന്നെ കണ്ടതും അവന്‍ചാടി എന്‍റെ നേരെ ഒറ്റ വരവ്. എന്നിട്ട് ഒരു പറച്ചിലും. ആഹാ ഇന്നെനിക്കിനി കഷ്ടപ്പെടാതെ നിന്നെ തിന്നാമല്ലോയെന്ന്.

കൂട്ടുകാരെ 'പടേ പേടിച്ചു പന്തളത്തു ചെന്നപ്പോള്‍പന്തോം കൊളുത്തി പട' വന്നെന്നു പറയുന്നതു കേട്ടില്ലേ. അതേ പോലെയായി ഞാന്‍ഞാനവനോടു കെഞ്ചിപ്പറഞ്ഞു.

കുറക്കന്‍  ചേട്ടാ ഞാന്‍രണ്ടു ദിവസം സ്വാതന്ത്ര്യത്തോടു കുടി നടന്നിട്ട് മൂന്നാമത്തെ ദിവസം ചേട്ടന്‍പറയുന്നിടത്ത് ഞാന്‍വന്നോളാം എന്ന്. അതുവരെ ചേട്ടനെന്നെ നോക്കിക്കോ, ഞാന്‍വല്ലയിടത്തും പോകുന്നുണ്ടോയെന്നും മറ്റുംഅപ്പോള്‍കുറുക്കന്‍പറഞ്ഞു. എന്താണേലും ഞാന്‍നിന്നെയൊന്ന് പരീക്ഷിക്കാന്‍പോകുകയാണ്..നീ സത്യ സന്ധനാണോയെന്ന് ഞാന്‍ നോക്കട്ടെ..

അങ്ങിനെ ജീവിതത്തിലാദ്യമായി രണ്ടു ദിവസത്തേക്ക്  ഞാന്‍സ്വതന്ത്രനായി. ഇപ്പോള്‍നിങ്ങക്കൊരു സംശയം തോന്നിക്കാണും അല്ലേ അതുവരെ എനിക്ക് സ്വാതന്ത്ര്യമില്ലായിരുന്നോയെന്ന്ഇല്ലായിരുന്നു   കൂട്ടുകാരെ  എന്നെപ്പിടിച്ച് ഒരു കൂട്ടിലാക്കി  വീട്ടുകാര്   തീറ്റയും തന്ന് വളര്‍ത്തുകയായിരുന്നു..എന്തിനാണെന്നോ. എളുപ്പം വലുതാക്കീട്ട്  ഇറച്ചിക്കു വേണ്ടി വില്‍ക്കാന്‍. അങ്ങിനെ അവര്‍വിറ്റപ്പോളാണ് ഞാനാ കടേടെ കൂട്ടിലായത്. ഇപ്പം നിങ്ങളു വിചാരിക്കുന്നുണ്ടായിരിക്കും എന്‍റ അമ്മേം അച്ഛനും ഒക്കെ ഇല്ലേയെന്ന്. ഉണ്ട്. അവരും ഇതേ പോലെ കൂട്ടില്‍തന്നെയാണേ. അങ്ങിനെ ആ ഉണ്ടക്കണ്ണന്‍കുറുക്കന് ദയതോന്നി എന്നെ രണ്ടു ദിവസത്തേക്ക് വിട്ടു. അങ്ങിനെ ഞാനാ കുറ്റിക്കാടിന്റെടുത്താക്കി എന്റെ താവളം. പകലൊക്കെ കരീലയുടെ ഇടയിലൊക്കെ ചിക്കീം ചികഞ്ഞും കൊത്തിപ്പെറുക്കി വല്ലതും തിന്നും. രാത്രയാവുമ്പോള് അവിടൊരു പേര മരത്തില് പതുങ്ങിയിരിക്കുംരണ്ടാമത്തെ ദിവസം വൈകുന്നേരമാണ് കുറുക്കന്‍ ചേട്ടനെന്നോട് അവിടെ ഒരു വലിയ ആല്മരത്തിന്റെ ചോട്ടില് ചെല്ലണമെന്നു പറഞ്ഞത്.ഞാനന്നു വൈകുന്നേരം  സങ്കടപ്പെട്ടു നടക്കുന്നതു കണ്ടപ്പോള് അതുവഴിവന്ന കാളച്ചേട്ടനെന്നോടു് കാര്യം തിരക്കി. അപ്പോള് കാളച്ചേട്ടനെന്നോടു പറഞ്ഞു. നീ എന്റ മുതുകത്തു കയറി  പതുങ്ങി ഇരുന്നോ നിന്നെ ഞാന്‍ ദൂരെ ഒരിടത്തു കൊണ്ടുപോയി രക്ഷപ്പെടുത്താമെന്ന്.പക്ഷെ ഞാന്‍ പറഞ്ഞു. ജീവന്‍ പോയാലും വേണ്ടില്ല കുറുക്കന്‍ ചേട്ടനു കൊടുത്ത വാക്കു പാലിക്കുമെന്ന്. ഞാനങ്ങനെ മരിക്കാന്‍ തയ്യാറായി രണ്ടും കല്‍പ്പിച്ച് ആല്മരത്തിന്റ ചോട്ടില് കുറുക്കന്‍ ചേട്ടനേയും കാത്തു നിന്നു. ഇത്തിരി സമയം കഴിഞ്ഞപ്പോള്‍ ചിറിയെല്ലാം നക്കി നക്കി കുറുക്കന്‍ ചേട്ടന്‍ വരുന്നു.ഞാനവസാനമായി കണ്ണടച്ചു നിന്നു പ്രാര്ത്ഥിച്ചു. ഇനി  കുറച്ചു സമയത്തിനകം ഞാന്‍ മരിക്കും. കുറുക്കന്‍ ചേട്ടനടുത്തു വന്നു. എന്റ ചിറകില് തട്ടി. എടാ കോഴിച്ചെറുക്കാ കണ്ണു തുറക്കെന്നു പറഞ്ഞു. . എന്‍റ കഥകഴിയുവാന്‍ പോകുകയാണെന്നു വിചാരിച്ചുഞാന്‍ പേടിച്ചു വിറച്ച് കണ്ണു  തുറന്നു .   എന്നോടു പറഞ്ഞു നീ പറഞ്ഞ വാക്കു പാലിച്ചു. അതു കൊണ്ട് നിന്നെ ഞാന്‍ വെറുതെ വിട്ടിരിക്കുന്നു. കൂട്ടു കാരെ അന്നാണ് എനിക്കു മനസ്സിലായത്  വാക്കു പാലിച്ചതിന്റ വില എത്ര വലുതാണെന്നുള്ളത്. അങ്ങിനെ മരണത്തില്‍ ‍നിന്നും ഞാന്‍ രക്ഷപ്പെട്ടു.

ഇപ്പം നിങ്ങള്‍ക്കു മനസ്സിലായോ ഞാനെങ്ങനാ രക്ഷപ്പെട്ടതെന്ന്.



Tuesday, September 20, 2011

പുല്‍ ക്കൊടി തുമ്പും മഞ്ഞിന്‍കണവും



ഒരു കുന്നിന്റെ ചെരിവില്‍ പച്ചപ്പരവതാനി വിരിച്ചപോലെ നല്ല ഒരു പുല്‍ മേടുണ്ടായിരുന്നു.
ആ പുല്‍ മേട്ടിലെ ഒരു പുല്‍ ക്കൊടിയുടെ തുമ്പിലൊരു മഞ്ഞു തുള്ളി നല്ല ചന്തത്തിലിരിക്കുകയായിരുന്നു.കുറച്ചു കഴിഞ്ഞപ്പോള്‍ രണ്ടുപേരും കൂടി നല്ല വഴക്കായി.
അവരുടെ രണ്ടു പേരുടെയും ഒച്ചത്തിലുള്ള വഴക്കു കേട്ടിട്ടാണ് ആ പൂന്തേന്‍കുരുവി അങ്ങോട്ടു ചെന്നത്. മറ്റുള്ള ചെടികളും അതു കേട്ടോണ്ടു മിണ്ടാതെ വിഷമത്തില്‍ നില്‍ക്കുകയായിരുന്നു. കുരുവി ചെന്ന് തുമ്പക്കുടത്തിനോടാണ് ആദ്യം തിരക്കിയത്. തുമ്പക്കുടം പറഞ്ഞു.ഞാനെല്ലാമൊന്നും കേട്ടില്ല ചങ്ങാതീ...ഇവിടെയൊരു തേനീച്ച വന്നു.ഞാനവള്‍ക്ക് കുറച്ചുതേനും കൊടുത്ത് കുശലം പറഞ്ഞോണ്ടിരിക്കുംമ്പം ആ പുല്‍ ക്കൊടി അതിന്‍റെ തുമ്പിലിരിക്കുന്ന മഞ്ഞിന്‍കണത്തിനെ ഒന്ന് കുലുക്കിയിടാന്‍  ആ വഴിവന്ന ഇളം കാറ്റിനോടു പറയുന്നതുകേട്ടു. അപ്പോള്‍ തന്നെ എനിക്കു മനസ്സിലായി അവര്‍ തമ്മില്‍ വഴക്കിട്ടുകാണുമെന്ന്.  കാറ്റിനോടു ചോദിച്ചാല്‍  നിനക്ക്  കാര്യമറിയാം.  എനിയ്ക്കറിയില്ല. പൂന്തേന്‍കുരുവി കാര്യമൊന്നറിയണമല്ലോയെന്നു കരുതി   ഇളം കാറ്റിനേ തേടി പൂഞ്ചോലയില്‍ ചെന്നു.  കാറ്റു പറഞ്ഞു. ഞാനൊന്നു കുളിച്ചു കേറീട്ട് വന്ന്  കാര്യം പറയാം പൂന്തേങ്കുരുവീ. ഇളം കാറ്റ് കുളിച്ചുകേറി  വരുന്നിടം വരെ കുരുവി തൊട്ടടുത്ത മുളങ്കാട്ടില്‍ പോയിരുന്നു.കുറച്ചു കഴിഞ്ഞ് ഇളം കാറ്റ്  കുരുവിയിരുന്ന മുളങ്കാട്ടിലേയ്ക്കു ചെന്നു. കാറ്റു പറഞ്ഞു.അവരുതമ്മിലെ വഴക്കിന്‍റെ കാര്യമറിയാനല്ലേ നീ വന്നേ. അതേ ...പൂന്തേങ്കുരുവി പറഞ്ഞു.തുമ്പക്കുടമാണ് നിന്നോടു ചോദിച്ചാലറിയാമെന്നു പറഞ്ഞത്. ശരിയാണ്.ഞാന്‍പറയാം. നീയതറിയുമ്പോള്‍ നിനക്കു ചിരി വരരുത്. പുല്‍ ക്കൊടി തുമ്പിലെ  മഞ്ഞിന്‍കണം സൂര്യ പ്രകാശം തട്ടി  ഏഴു വര്‍ണ്ണങ്ങളും ആയി ഒരു പളുങ്കു മണിപോലെ ഇരിക്കുന്നതു നീ  കണ്ടില്ലേ..  ആ ഏഴു വര്‍ണ്ണങ്ങളാല്‍  ശോഭിച്ചിരിക്കുന്നത് അവളിരിക്കാന്‍ ഇടം നല്‍കിയതുകൊണ്ടാണെന്നാണ് പുല്ലു പറയുന്നത്. അതുകൊണ്ടല്ലാ,  ജനിച്ചപ്പോഴേ ഉള്ള വര്‍ണ്ണങ്ങളാണെന്നാണ് മഞ്ഞിന്‍കണം പറയുന്നത്.പൂന്തേന്‍കുരുവി ഇതുകേട്ട് ചിരിച്ചുകൊണ്ട് ഇളം കാറ്റിനോടു പറഞ്ഞു. ഇതുകേട്ടാലാരും ചിരിച്ചുപോവും. നീ പറഞ്ഞത് വളരെ ശരിയാണ് . ബാലിശമായ വാദഗതിയാണ് രണ്ടുപേരും പറയുന്നത്.  ഏതായാലും ഇതൊരു ഗൌരവമായ കാര്യമാണ്.നമ്മളിതിലിടപെട്ടില്ലെങ്കില്‍കണ്ണിനു കൌതുകവും മനസ്സിന് സന്തോഷവും കിട്ടുന്ന ഒരു നല്ല കാഴ്ച നമുക്ക് നഷ്ടപ്പെടും. അതുകൊണ്ട് ഇളം കാറ്റേ നീ കൂടെ കൂട്ടിനു വരൂ നമുക്ക് അവരുടെ വഴക്കു തീര്‍ക്കാം. അങ്ങിനെ ഇളം കാറ്റില്‍ തെന്നി തെന്നി പൂന്തേന്‍കുരുവി പുല്‍ ക്കൊടിയുടെ സമീപത്തെത്തി. അപ്പോഴും അവര്‍ തമ്മില്‍  വഴക്കടിച്ചുകൊണ്ടിരിക്കുകയായിരുന്നു.  ഇളം കാറ്റ് അവരെ രണ്ടുപേരേയും   ഒന്നു തഴുകി തലോടി. അപ്പോളവരൊന്നു തണുത്തു.  ദേഷ്യം കുറച്ചൊന്നു കുറഞ്ഞു. പൂന്തേന്‍  കുരുവിയാണ് തുടക്കമിട്ടത്.നിങ്ങളുടെ വഴക്കിന്‍റെ കാര്യം ഞാനറിഞ്ഞു   പുല്‍ ക്കൊടിയേ.... ....മഞ്ഞിന്‍കണമേ...ഞാന്‍പറയുന്ന കാര്യങ്ങള്‍  നിങ്ങള്‍ശ്രദ്ധിച്ചു കേട്ടാലും , അതാ ആ നില്‍ക്കുന്ന സൂര്യനേ നോക്കൂ...ഈ ഭൂമിയിലെ എല്ലാ ജീവികള്‍ക്കും  വെളിച്ചമേകാന്‍  സ്വയം  നിന്നു കത്തുന്നതു കണ്ടില്ലേ? അതേപോലെ ഈ ഭൂമിയെ നോക്കൂ , ഈ കണ്ട വൃക്ഷ ലതാദികള്‍ക്കും പക്ഷി മൃഗാദികള്‍ക്കും എല്ലാം ഇരിപ്പടം കൊടുക്കുന്നില്ലേ... അവരെല്ലാം ഈ ഭൂമിയില്‍ അല്ലേ താമസിക്കുന്നത്.  ഈ ഇളം കാറ്റിന്‍റെ കാര്യം തന്നെയെടുക്ക്..എന്നും എല്ലാത്തിനേം തഴുകി തലോടി കുളിരേകി അവന്‍ കടന്നു പോകുമ്പോളെല്ലാവര്‍ക്കും എന്തൊരാശ്വാസമാണ്. നിങ്ങള്‍ രണ്ടുപേരും എന്നെ നോക്കുക.. എന്‍റെ വളഞ്ഞ ചുണ്ടുകള്‍  കൊണ്ട് എനിയ്ക്ക് പൂന്തേന്‍മാത്രമേ ഭക്ഷിക്കുവാന്‍പറ്റൂ. എല്ലാ പൂക്കളും എനിയ്ക്കായി പൂന്തേനൊരുക്കി കാത്തു നില്‍ക്കും.ഈ ലോകത്ത് പരസ്പരം സഹായം കിട്ടാതെ ഒന്നിനും നിലനില്‍ക്കാന്‍ പറ്റുകയില്ലയെന്ന് ഇത്രയും കേട്ടപ്പോള്‍ നിങ്ങള്‍ക്കു മനസ്സിലായില്ലേ.   അതു കേട്ടപ്പോള്‍ മഞ്ഞു തുള്ളിയുടെയും പുല്‍ ക്കൊടിയുടേയും വഴക്കു തീര്‍ന്നു .   അവരുടെ തെറ്റു മനസ്സിലാക്കി  അവര്‍ അന്യോന്യം കെട്ടിപ്പിടിച്ചു മുത്തം കൊടുത്തു.

Tuesday, August 2, 2011

വെളുത്ത മനസ്സുള്ള കരിവണ്ട്



പൂന്തോട്ടത്തിന്‍റെ ഒത്ത നടു ഭാഗത്തായി തേനൂറുന്ന ചുമന്ന പൂവ് വിടര്‍ന്നു
നിന്നു.നല്ല ചന്തമുള്ള പൂവെന്ന് ചുറ്റിനും നിന്ന കുഞ്ഞുചെടികളെല്ലാം പിറു പിറുത്തു.മുക്കുറ്റിയും..പൂവാംകുറിഞ്ഞിയും..തുമ്പപ്പൂവും എല്ലാം.അവരാഗ്രഹിച്ചു.തങ്ങള്‍ക്കും ഇതേപോലെയുള്ള പൂവായിരുന്നെങ്കില്‍.
വര്‍ണ്ണചിറകുള്ള    ചിത്രശലഭങ്ങളെല്ലാം എത്തി.അവര്‍  ഉത്സാഹത്തോടെ നൃത്തം തുടങ്ങി.പൂവു സന്തോഷത്തോടെ അവര്‍ക്കെല്ലാം തേന്‍ വിളമ്പി.അതുകണ്ട് ദൂരെയൊരു
കരിവണ്ട് കൊതിയൂറി നില്‍ക്കുകയായിരുന്നു.അവനാകെ ഒരു ജാള്യത. ആ ചുവന്നു തുടുത്ത് ഭംഗിയുള്ള പൂവ് തന്നെ അടുപ്പിയ്ക്കുമോ.അവരൊക്കെ വര്‍ണ്ണ ചിറകുള്ള നല്ല ഭംഗിയുള്ള ‍ശലഭങ്ങള്‍. അവര്‍ക്കൊക്കെ പൂവ്
തേന്‍ വിളമ്പി കൊടുത്തു.സന്തോഷത്തോടെ..
തന്‍റെയീ കറുത്ത നിറം. ഉണ്ടക്കണ്ണുകള്‍. ഉരുണ്ട തല.അതവള്‍ക്ക് ഇഷ്ടപ്പെടുമോ? ഒന്നു ചെന്നു നോക്കിയാലോ..കരിവണ്ടു മടിച്ചു മടിച്ചു പൂവിന്‍റ പരിസരത്തുകൂടി പറന്നു .അവള്‍ ചോദിച്ചു കരിവണ്ടേ..കരിവണ്ടേ..നീമാത്രമെന്താ തേന്‍കുടിയ്ക്കാന്‍ വരാതെ ദൂരെ ഒതുങ്ങി നിന്നുകളഞ്ഞത്.?അവന്‍ പറഞ്ഞു.എന്‍റയീ നിറം..കറുകറാ കറുത്ത്.ഈ ഒട്ടും ഭംഗിയില്ലാത്ത എന്‍റ തല.അതേപോലെ ഈ ഉണ്ടക്കണ്ണുകള്‍.എനിയ്ക്കു തന്നെയറിയാം..എനിയ്ക്കൊട്ടും ചന്തമില്ലെന്ന്.ആ ഭംഗിയുള്ള ശലഭങ്ങളുടെ ഇടയില്‍ വിരൂപനായി..അതുകൊണ്ടു ഞാന്‍ മാറി ഒതുങ്ങി നിന്നു.പൂവു പറഞ്ഞു സൌന്ദര്യത്തിലൊരു കാര്യവുമില്ലാ കരിവണ്ടേ....മനസ്സു നന്നായാല്‍ മതി.അതാണു സൌന്ദര്യം.ഒരുവന്‍റ മനസ്സാണ് അവന്‍റ സൌന്ദര്യം.നീ വരിക.ഇതാ ഞാന്‍ നിനക്ക്  പൊന്‍ തളികയില്‍ തേന്‍ പകര്‍ന്നു വെച്ചിരിയ്ക്കുന്നു.
വേണ്ടുവോളം കഴിയ്ക്കുക.കരിവണ്ട് സന്തോഷം കൊണ്ട്  മൂളിപ്പറന്നു പൂവിന്‍റടുത്തിരുന്ന് വേണ്ടുവോളം തേന്‍ നുകര്‍ന്നു.മനസ്സില്‍ നിഷ്ക്കളങ്കനായ കരിവണ്ട് അന്നുതൊട്ട് മൂളിപ്പാട്ടും പാടി പറന്നു നടന്നു....

സമാധി


           
നന്ത്യാര്‍ വട്ട ചെടിയുടെ ഇലയിലിരുന്ന വരയന്‍ പുഴുവിനെ നോക്കി
ചിന്നുക്കുട്ടി അത്ഭുതപ്പെട്ടു.എന്തു ശീഘ്രം ആ ഇലതിന്നു തീര്‍ത്തു ആ പുഴു.അവള്‍പുഴുവിനോടു ചോദിച്ചു. നിനക്ക് ഈ കയ്പനില തിന്നിട്ട് മടുപ്പു തോന്നുന്നില്ലേ.എങ്ങനെ നീ ഇതു തിന്നുന്നു പുഴുവേ.പുഴു മറുപടി കൊടുത്തു.എന്തു ചെയ്യാം ചിന്നുക്കുട്ടി, പുഴുവായിജനിച്ചു പോയില്ലേ കിട്ടുന്നതു തിന്നു ജിവിയ്ക്കാം.പക്ഷേ ഞങ്ങളു പുഴുക്കള്‍ ഇനി കുറച്ചുദിവസം കഴിയുമ്പോള്‍ സമാധിയിലാകും.അപ്പോള്‍ പിന്നെ ഞങ്ങള്‍ തപസ്സാണ്. ആ തപസ്സു കഴിഞ്ഞ് ഞങ്ങള്‍ വേറൊരു ജന്മമായിട്ടാണ് പുറത്തേയ്ക്കിറങ്ങുന്നത്.അപ്പോള്‍  ലോകത്തിലേയ്ക്കും വെച്ച് ഏറ്റവും നല്ല ആഹാരമായിരിക്കും ഞങ്ങള്‍   കഴിയ്ക്കുക. പുഴു പൊളി വാക്കു പറയുന്നുയെന്നാണ്ചിന്നുക്കുട്ടി വിചാരിച്ചത്.എന്നും ചിന്നുക്കുട്ടി വന്ന് പുഴുവിനെ നോക്കും.പുഴു പറഞ്ഞത് സത്യമാണോന്നറിയാന്‍.ഒരു ദിവസം രാവിലെ ചിന്നുക്കുട്ടി വന്നപ്പോള്‍ പുഴുവിനെ ചെടിയിലെങ്ങും കാണാനില്ല. അവളടുത്ത ചെടിയിലും നോക്കി. അപ്പോളാണ് അങ്ങുയരെ അരളിച്ചെടിയുടെ ഇലയുടെ അടിയിലായി പളുങ്കുമണിപോലെ എന്തോ ഒന്ന് തൂങ്ങി കിടക്കുന്നു.എന്തുചന്തം.ചിന്നുക്കുട്ടി വിചാരിച്ചു. അവളെന്നും ചെന്ന് ആ പളുങ്കുമണിയെ നോക്കും.അങ്ങിനെ ഒരു ദിവസം  രാവിലെ ചെല്ലുമ്പോള്‍ പളുങ്കു മണിയെ കാണാനില്ല.പളുങ്കുമണി കിടന്നസ്ഥാനത്ത് ഒരു തോടുപോലെ എന്തോ ഒന്ന് പറ്റിപ്പിടിച്ചു കിടക്കുന്നുണ്ട്. ചിന്നുക്കുട്ടി സങ്കടത്തോടെ നിന്നുപോയി. അപ്പോളതാ ചിന്നുക്കുട്ടിയുടെചുറ്റിനും  ഭംഗിയുള്ള വര്‍ണ്ണ ചിറകുമായി ഒരു ചിത്ര ശലഭം പറന്നു കളിയ്ക്കുന്നു.ശലഭംചിന്നുക്കുട്ടിയോട് പറഞ്ഞു.എന്നെ ഓര്‍ക്കുന്നുവോ..ഞാനാണ് കയ്പനില തിന്നു നടന്നവരയന്‍ പുഴു.പക്ഷേ അവള്‍ക്കതു വിശ്വസിയ്ക്കാന്‍ കഴിഞ്ഞില്ല.ഇത്ര ഭംഗിയോ.പുഴു പറഞ്ഞു.അതേ ഞാനന്നു നിന്നോടു പറഞ്ഞപ്പോള്‍ വിശ്വസിച്ചില്ല. പളുങ്കു മണിപോലെ ഞാന്‍ ഇലയുടെ അടിയില്‍ കിടന്നു തപസ്സുചെയ്തതു കണ്ടില്ലേ.
അപ്പോളാണ് ചിന്നുക്കുട്ടിക്കു മനസ്സിലായത് അന്ന് വരയന്‍ പുഴു പറഞ്ഞത് തികച്ചും സത്യമായിരുന്നുയെന്ന്..അവള്‍ ശലഭത്തിനോട് തിരക്കി എങ്ങനെ ഇത്രയും വര്‍ണ്ണ പകിട്ടുള്ള ശലഭമായി മാറിയെന്ന്. ശലഭം ആരഹസ്യം പറഞ്ഞു കൊടുത്തു.സമാധിയിലായിരുന്ന ദിവസമത്രയും നല്ലതുമാത്രം ചിന്തിച്ചു കൊണ്ട് തപസ്സു ചെയ്യുകയായിരുന്നു.ആഹാര നീഹാരാദികളും ഉപേക്ഷിച്ചുള്ള തപസ്സു കണ്ട് ഈശ്വരന്‍റെ മനസ്സലിഞ്ഞു.അദ്ദേഹം കനിഞ്ഞനുഗ്രഹിച്ചു.ഇനിയുള്ള നാളുകളില്‍ ലോകത്തേറ്റവും സ്വാദിഷ്ടമായ തേനുണ്ട് ജീവിച്ചോളാനും പറഞ്ഞു.ചിന്നുക്കുട്ടി ഈശ്വരന്‍റെ ഈ ലീലാവിലാസങ്ങളോര്‍ത്ത് അതിശയിച്ചു!.

Thursday, July 14, 2011

ആടും പന്നിയും

ഡിങ്കനാട്ടിന്‍ കുട്ടിയും കുഞ്ഞന്‍ പന്നിയും തമ്മില്‍ നല്ല കൂട്ടായിരുന്നു. എന്നും രാവിലെ രണ്ടുപേരും അമ്മമാരോടൊത്ത്  മേയാനിറങ്ങും. വൈകുന്നേരമാകുമ്പോള്‍ തിരികെ പ്പോകും. ആട്ടിന്‍ കുട്ടി നല്ല നല്ല പച്ചിലകളും കുറ്റിച്ചെടികളും ഒക്കെയാണ് തിന്നുന്നത്. കുഞ്ഞന്‍റ ആഹാരം പറമ്പിലുള്ള വിസര്‍ജ്ജ്യ വസ്തുക്കളാണ്. പ്രത്യേകിച്ചും മനുഷ്യരുടെ.
കുറെ ദിവസങ്ങള്‍ കഴിഞ്ഞു. അവര്‍ വലുതായി. ഇപ്പോള്‍ രണ്ടുപേരും തനിയെയാണ് തീറ്റ തിന്നാനിറങ്ങുന്നത്. ഒരു ദിവസം ഡിങ്കന്‍ വന്നു പറഞ്ഞു. എടാ കുഞ്ഞാ,എന്‍റ അമ്മയെ മനുഷേരു കൊന്നു തിന്നും. രണ്ടു മനുഷേരു തമ്മില്‍ പറയുന്നത് ഞാന്‍ കേട്ടു. ആടുകള്‍ പച്ചിലകളല്ലേ തിന്നുന്നത്. അതുകൊണ്ട് ആടിന്‍റ ഇറച്ചി തിന്നാല്‍ ഔഷധഗുണം കിട്ടുമെന്നൊക്കെ. എനിയ്ക്ക് വിഷമം വരുന്നു. കുഞ്ഞന്‍ ഡിങ്കനെ സമാധാനിപ്പിച്ചു വിട്ടു. അല്ലാതവനൊന്നും ചെയ്യാനുള്ള കെല്‍പ്പില്ലായിരുന്നു. ഒരു ദിവസം വന്നപ്പോള്‍ ഡിങ്കന്‍ പറഞ്ഞു. അവന്‍റ അമ്മയെ തലേ ദിവസം രാത്രി മനുഷേരു വന്നു പിടിച്ചോണ്ടു പോയി. വലിയ കരച്ചിലും കേട്ടു. അവന്‍റ അമ്മയെ അവര്‍ കൊന്നു തിന്നു എന്ന്.
            കുറച്ചു ദിവസങ്ങളും കൂടി കഴിഞ്ഞു. ഒരു ദിവസം കുഞ്ഞന്‍ കരഞ്ഞു കൊണ്ടാണ് വന്നത്. ഡിങ്കന്‍ കാര്യം തിരക്കി. അപ്പോള്‍ കുഞ്ഞന്‍ പറഞ്ഞു.എന്‍റ അമ്മയെ അവര്‍ ഇന്നലെ രാത്രി പിടിച്ചു കെട്ടി കൊണ്ടുപോയി.കൊന്നു തിന്നു. നിന്‍റ അമ്മയെ തിന്ന മനുഷേര്‍ തന്നെ.പക്ഷെ എനിയ്ക്കൊരു സംശയം ഡിങ്കാ. പച്ചിലകള്‍ തിന്നുന്ന നിങ്ങള്‍ ആടുകളുടെ ഇറച്ചി ഔഷധ മൂല്യമുണ്ടെന്നു പറഞ്ഞല്ലേ  മനുഷേര്‍ തിന്നാന്‍ ന്യായം കണ്ടെത്തുന്നത്. പക്ഷെ അവരുടെ തന്നെ വിസര്‍ജ്ജ്യം ഭക്ഷിയ്ക്കുന്ന ഞങ്ങളുടെ ഇറച്ചി എന്തു ന്യായം പറഞ്ഞാണ് അവര്‍ തിന്നുന്നത്..?ആ സംശയം സംശയമായി തന്നെ ഇപ്പോഴും അവശേഷിക്കുന്നു.

Sunday, June 5, 2011

കൊക്കമ്മാവനും തന്നാലായത്





 
   ലാലുമോന്‍  അവന്‍റെ മുല്ലേരി ഗ്രാമത്തിലെ ഒരു കുളക്കടവില്‍ സങ്കടപ്പെട്ടോണ്ട് ഇരിക്കുമ്പോളായിരുന്നു വലിയ ചിറകും വിരിച്ച് ആ കൊക്കമ്മാവന്‍ കുളക്കടവില്‍ പറന്നു വന്നിരുന്നത്.കൊക്കമ്മാവന്‍ ലാലുമോനോടു ചോദിച്ചു."നീയെന്താണിങ്ങനെ വിഷമിച്ചിരിക്കുന്നത്.കഴിഞ്ഞ തവണഞാന്‍ വന്നപ്പോള്‍ നീ ഈ കുളക്കടവില്‍ നല്ല സന്തോഷത്തിലിരുന്നതല്ലേ".ലാലുമോന്‍ കൊക്കമ്മവനോടു പറഞ്ഞു."അമ്മാവന്‍ ദാ..അങ്ങോട്ടൊന്നു നോക്കിക്കേ..ആ കുളത്തിലേയ്ക്ക്."കുളത്തിലെ മീനെല്ലാം ചത്തു പൊങ്ങിക്കിടക്കുന്ന കാഴ്ച കണ്ട് കൊക്കമ്മാവന്‍ അതിശയപ്പെട്ടു.
"ഇതെന്താ ലാലുമോനെ ഇങ്ങനെ.ഞാന്‍ വന്നതു തന്നെ ഈ കുളത്തീന്ന് അഞ്ചാറു മീനിനേം പിടിച്ചോണ്ടു പോകാമെന്നും കരുതിയാ." ലാലുമോന്‍ കാര്യങ്ങളെല്ലാം കൊക്കമ്മാവനെ പറഞ്ഞു കേള്‍പ്പിച്ചു."ഇവിടെയിപ്പോളിങ്ങനെയാണ് കൊക്കമ്മാവാ.ഞങ്ങടെ നാട്ടിലെ തോട്ടിലേം കുളത്തിലേം ജീവികളെല്ലാം ചത്തു പൊങ്ങുവാ.കിണറ്റിലേം തോട്ടിലേം കുളത്തിലേം വെള്ളമെല്ലാം വിഷമയമായിയെന്ന്  എല്ലാവരും കൂടി പറയുന്നത് ഞാന്‍ കേട്ടു.ഞാനത് കേള്‍ക്കാന്‍ചെന്നപ്പം ഓടിച്ചും വിട്ടില്ല.അവനും കൂടി കേള്‍ക്കട്ടെയെന്ന് ഒരു മാമന്‍ പറഞ്ഞു. ഇല്ലെങ്കി വലിയവരു പറയുന്നതൊന്നും ഞങ്ങളു പിള്ളേരെ കേള്‍പ്പിക്കുകയില്ല.ഓടിച്ചുവിടും".കൊക്കമ്മാവന്‍റെ ക്ഷമ കെട്ടു. കൊക്കമ്മാവന്‍ പറഞ്ഞു. "നീ കാര്യം ഇതുവരെ പറഞ്ഞില്ലല്ലോ ലാലുമോനെ, നീ കാര്യം പറ."ലാലു മോന്‍  പറഞ്ഞു "അതല്ലേ പറയാന്‍ പോകുന്നത്. ഞങ്ങടെ ഗ്രാമം മുഴുവനും എന്‍ഡോ സള്‍ഫാനെന്ന  മാരകമായ ഒരു വിഷം ബാധിച്ചേക്കുവാ. അതുകൊണ്ടാണിതെല്ലാം."
അതു കേട്ട കൊക്കമ്മാവന്‍ പറഞ്ഞു."ഓ..ലാലുമോനെ എനിയ്ക്കിപ്പം കാര്യം പിടികിട്ടി.കൃഷിക്ക് കീടങ്ങളെ കൊല്ലാനുള്ള വിഷം.  ഞാന്‍ അന്നാളൊരു ദിവസം അക്കരകണ്ടത്തു ചെന്നപ്പം കുരുവിപ്പെണ്ണും ഇക്കാര്യം എന്നോടു പറഞ്ഞു.അവളും കൂട്ടുകാരീം കൂടി ഏതോ പച്ചക്കറിതോട്ടത്തില്‍  ചെന്നെന്നും അവിടെ കിടന്ന ഒരു  പുഴുവിനെ അവളുടെ കൂട്ടുകാരി  കൊത്തി തിന്ന് ഇത്തിരി നേരം കഴിഞ്ഞപ്പം കൂട്ടുകാരി പെടച്ചുതല്ലി ചത്തുപോയീന്നും.അവളിപ്പം അതുകൊണ്ട്   പച്ചക്കറിതോട്ടത്തിലും ഒന്നും പോയി പുഴൂനെ തിന്നാറില്ലെന്നും പറഞ്ഞു. അവിടേം മുഴുവനും ഈ വിഷമാണെന്നാണ് കുരുവിപ്പെണ്ണു പറഞ്ഞത്."ലാലുമോന്‍ വീണ്ടും കൊക്കമ്മാവനോടു പറഞ്ഞു. "എന്‍റ അനിയന്‍ കുഞ്ഞാണെങ്കി നടക്കാന്‍ വയ്യാതെ കിടപ്പു തന്നെയാ. അമ്മ പറഞ്ഞു അവനും വിഷം ബാധിച്ചെന്നാ. എന്നോടു പറഞ്ഞത് എവിടേലും  വിഷമില്ലാത്ത നാട്ടിപ്പോയി രക്ഷപ്പെട്ടോളാന്‍.ഞാനെവിടെപ്പോവാനാ.. അതും ആലോചിച്ചോണ്ടിരുന്നപ്പോളാണ് കൊക്കമ്മാവന്‍ പറന്നു വന്നത്."

  കൊക്കമ്മാവന്‍ പറഞ്ഞു. "നീ  സങ്കടപ്പെടാതിരി. നമുക്കു വഴിയുണ്ടാക്കാം.എനിയ്ക്ക് നിങ്ങള് കുട്ടികള്‍ക്കു വേണ്ടി ഒരു കാര്യം ചെയ്യാന്‍ കഴിയും.നിങ്ങളെയെല്ലാം വിഷമില്ലാത്ത   എന്‍റ നാടായ പൂന്തേന്‍ കരയില്‍ കൊണ്ടുപോകാം.ഇവിടുത്തെ വിഷമെല്ലാം പോയി കഴിഞ്ഞ് തിരിച്ചിവിടെ കൊണ്ടാക്കാം.ലാലുമോന്‍ ചെന്ന് കൂട്ടുകാരെയൊക്കെ കൂട്ടി  വീട്ടുകാരുടെ അനുവാദം വാങ്ങി വരിക." അവനെളുപ്പം ചെന്ന് കൂട്ടുകാരോടെല്ലാം കാര്യം പറഞ്ഞു.അച്ഛനോടും അമ്മയോടും പറഞ്ഞു. അനുവാദം വാങ്ങി. അവര്‍ക്കൊരുപാടു സന്തോഷമായി.ഒരു മോനെങ്കിലും ഈ വിഷക്കരയില്‍ നിന്നും രക്ഷപ്പെടുമല്ലോയെന്നു കരുതി.
 ലാലുമോന്‍ സന്തോഷത്തിലോടിവന്നു. കൊക്കമ്മാവന്‍, ആദ്യത്തെ കുട്ടി-- ലാലുമോനെയും മുതുകില്‍ കയറ്റി പൂന്തേന്‍ കരയിലേയ്ക്ക് പറന്നു.വഴിയില്‍ കൂട്ടുകാര്‍ ചന്തുവും ലില്ലിയും നില്‍ക്കുന്നുണ്ടായിരുന്നു. എളുപ്പം റെഡിയായി നിന്നോ..കൊക്കമ്മാവന്‍ അവനെക്കൊണ്ടു വിട്ടിട്ട് അവരെ കൊണ്ടുപോകാന്‍ വരുമെന്ന് അവനവരോടു പറഞ്ഞു.അവര്‍ ചിരിച്ചോണ്ട് ലാലുമോന് റ്റാറ്റാ കൊടുത്ത് യാത്രയാക്കി.

അങ്ങനെ  ലാലുമോനും കൂട്ടുകാരും വിഷമയമില്ലാത്ത പൂന്തേന്‍ കരയില്‍ ചെന്നു ചേര്‍ന്നു. അവിടെ വിഷം തളിയ്ക്കാതെ ചെയ്യുന്ന കൃഷിരീതികള്‍ കണ്ടു പഠിച്ചു.തിരിച്ച് മുല്ലേരി ഗ്രാമത്തില്‍ വന്നപ്പോള്‍ അതേപോലെ കൃഷിചെയ്യാനും ആരംഭിച്ചു. അങ്ങിനെ മുല്ലേരി ഗ്രാമം പതുക്കെ പതുക്കെ വിഷത്തില്‍ നിന്നും കരകയറി. എല്ലാത്തിനും കാരണക്കാരനായ കൊക്കമ്മാവനുവേണ്ടി അവരുടെ കുളങ്ങളില്‍
ഇഷ്ടം പോലെ മീനിനെ വളര്‍ത്തുകയും ചെയ്തു. അവനവനെ കൊണ്ട് ചെയ്യാന്‍ പറ്റുന്നതെന്തായാലും മറ്റുള്ളവര്‍ക്കുവേണ്ടി ചെയ്യണമെന്ന ഒരു പാഠവും പഠിച്ചു.





Monday, May 23, 2011

കുഴിയാനയും ഉറുമ്പും(കേരള കൌമുദിയുടെ കുട്ടികളുടെ മാസിക മാജിക് സ്ലേറ്റില്‍ വന്നത്—മാര്ച്ച്-20—2011)



 മണ്ണിനകത്ത്  ഒരു കുഞ്ഞു കുഴിയുണ്ടാക്കിയ കുഴിയാന പതുങ്ങിയിരിയ്ക്കും.ഏതെങ്കിലും പ്രാണിയോ ഉറുമ്പോ കുഴിയുടെ അരികിലൂടെ പോകുമ്പോള്‍ പതിയെ മണ്‍തരി ഇളക്കും.കാലു തെന്നി പാവം ഉറുമ്പും പ്രാണിയുമൊക്കെ കുഴിയിലേയ്ക്ക് വീഴും.കുഴിയില്‍ വീണാല്‍ പിന്നെ കുഴിയാനയുടെ വായിലായതു തന്നെ!
  ഒരു ദിവസം ഒരു ഉറുമ്പ് കുഴിയുടെ അരികിലൂടെ പോവുകയായിരുന്നു.പെട്ടെന്നാണ് മണ്ണിളകി ഉറുമ്പ് കുഴിയിലേയ്ക്ക് വീണത്.പ്ധും!ഉടനെ കുഴിയാന പാഞ്ഞെത്തി ഉറുമ്പിനെ
അകത്താക്കാനൊരുങ്ങി.എന്നാല്‍ ബുദ്ധിയുള്ള ഉറുമ്പ് കുഴിയാനയോട് പറഞ്ഞു:'ഈ കുഴിയുടെ പുറത്ത് വിശാലമായ ഒരു ലോകമുണ്ട്..എന്നെ വെറുതെ വിടുകയാണെങ്കില്‍
ഞാന്‍ നിന്നെ കൊണ്ടുപോയി അതൊക്കെ കാണിച്ചു തരാം..'
  'ഓഹോ..വിശാലമായ ലോകം കാണിക്കാമെന്നോ..ശരി ശരി നിന്നെ ഞാന്‍ പുറത്തെത്തിക്കാം..' കുഴിയാന പറഞ്ഞു.ഒരു ഈര്‍ക്കിലിലൂടെ കുഴിയാന ഉറുമ്പിനെ കുഴിയുടെ മുകളിലെത്തിച്ചു.
  കുഴിയുടെ മുകളിലെത്തിയതും ഉറുമ്പ് കുഴിയാനയോടു പറഞ്ഞു:'ചതിയില്‍ കൂടി ആഹാരം സമ്പാദിക്കുന്ന നിനക്ക് വിശാലമായ പുറം ലോകം കാണാന്‍ ഒരു യോഗ്യതയുമില്ല.അതുകൊണ്ട് നീ എന്നും ഈ കുഴിയില്‍ കിടന്നാല്‍ മതി.!'
  അങ്ങിനെ ഉറുമ്പ് രക്ഷപ്പെട്ടു.കുഴിയാന ഇന്നും കുഴിയില്‍ കിടക്കുന്നു.

.

Sunday, May 22, 2011

കോഴി കുഞ്ഞു (കുട്ടി കവിത)

എന്റെ സുഹ്രത്തിന്റെ മകള്‍ ചൊല്ലി തന്ന ഒരു കുട്ടി കവിത ".കോഴി കുഞ്ഞു "

ഓടിച്ചിട്ട് പിടിക്കുമ്പോള്‍ ഓടിച്ചിട്ട് പിടിക്കുമ്പോള്‍
എന്താണ് പറഞ്ഞത് കോഴിക്കുഞ്ഞേ?
മല്‍സരത്തില്‍ പങ്കെടുക്കുന്നു മല്‍സരത്തില്‍ പങ്കെടുക്കുന്നു
എന്നാണു പറഞ്ഞത് കോഴിക്കുഞ്ഞേ !

തൂവല്‍ പറിക്കുമ്പോള്‍ തൂവല്‍ പറിക്കുമ്പോള്‍
എന്താണ് പറഞ്ഞത് കോഴിക്കുഞ്ഞേ ?
വസ്ത്രങ്ങള്‍ മാറ്റുന്നു വസ്ത്രങ്ങള്‍ മാറ്റുന്നു
എന്നാണു പറഞ്ഞത് കോഴിക്കുഞ്ഞ് !

കീറി മുറിക്കുമ്പോള്‍ കീറി മുറിക്കുമ്പോള്‍
എന്താണ് പറഞ്ഞത് കോഴിക്കുഞ്ഞേ ?
ഓപറേഷന്‍ ചെയുന്നു ഓപറേഷന്‍ ചെയുന്നു
എന്നാണു പറഞ്ഞത് കോഴിക്കുഞ്ഞ് !

മഞ്ഞള്‍ പുരട്ടുമ്പോള്‍ മഞ്ഞള്‍ പുരട്ടുമ്പോള്‍
എന്താണ് പറഞ്ഞത് കോഴിക്കുഞ്ഞേ ?
മേക്കപ്പ്‌ ചെയ്യുന്നു മേക്കപ്പ്‌ ചെയ്യുന്നു
എന്നാണു പറഞ്ഞത് കോഴിക്കുഞ്ഞ്!

എണ്ണയില്‍ ഇട്ടു വറുക്കുമ്പോള്‍ എണ്ണയില്‍ ഇട്ടു വറുക്കുമ്പോള്‍
എന്താണ് പറഞ്ഞത് കോഴിക്കുഞ്ഞേ?
ഞാന്‍ നീന്തി കുളിക്കുന്നു ഞാന്‍ നീന്തി കുളിക്കുന്നു
എന്നാണു പറഞ്ഞത് കോഴിക്കുഞ്ഞ് !

കറുമുറ തിന്നുമ്പോള്‍ കറുമുറ തിന്നുമ്പോള്‍
എന്താണ് പറഞ്ഞത് കോഴിക്കുഞ്ഞേ ?
അങ്ങയെ ലോകവും ഇങ്ങനെ ലോകവും കാണല്ലോ
എന്നാണു പറഞ്ഞത് കോഴിക്കുഞ്ഞ് ! !

Friday, May 20, 2011

സുന്ദരിപ്പഴം

pic.frm.google
    
മരത്തിലെ പഴങ്ങളെല്ലാം പഴുത്തു തുടങ്ങി. തോട്ടക്കാരന്‍ എന്നും കാവലിന്  രാപകലില്ലാതെ ആളെയും നിര്‍ത്തി തുടങ്ങി. പകലു മുഴുവനും പക്ഷികളേം അണ്ണാനേം ഓടിയ്ക്കും. രാത്രിയാകുമ്പോള്‍ വാവലിനേം കള്ളനേം ഓടിയ്ക്കും. അങ്ങിങ്ങായി കുറച്ചു കൂടി പഴുക്കാനുണ്ട്. അതുകഴിഞ്ഞാലെല്ലാം പറിച്ചു കൂടയിലാക്കും. പിന്നെ പഴക്കടകളിലെ തട്ടുമ്മേല്‍ നിരക്കും. പിന്നെ വീടുകളിലേയ്ക്കും.  ആ മരത്തിമ്മേ നിക്കുന്ന രണ്ടു പഴങ്ങളു തമ്മിലൊരു മര്‍മ്മരം തുടങ്ങീട്ടു ദിവസങ്ങളായി.  പഴുത്തു ചെമന്നു തുടങ്ങിയ പഴം തൊട്ടടുത്തു നിന്നപുഴുക്കുത്തേറ്റ പഴത്തിനോടു പറയുന്നു. നിന്നേക്കണ്ടാലെന്തിനു കൊള്ളാം, ചില  സുന്ദരികളുടെ മുഖത്ത് വന്നു വീഴുന്ന കരിമംഗല്യം പോലെ നിന്‍റ മുഖത്തു തന്നെയാ പുഴുക്കുത്തു പാട്. പാവം പുഴുക്കുത്തേറ്റ പഴം ഒരുപാടു വിഷമത്തില്‍ പറഞ്ഞു. എന്തു ചെയ്യാം ചങ്ങാതി ഞാനായിട്ടൊന്നും വരുത്തി വെച്ചതല്ലല്ലോ. അപ്പോള്‍ നല്ല പഴം വീണ്ടും ഒന്നു കൂടി അതിനെ കുത്തു വാക്കു പറഞ്ഞു നോവിച്ചു. നിന്നെയിനി ആരെങ്കിലും തിന്നുമോ..ആവോ.. പുഴുക്കുത്തു പഴം പറഞ്ഞു. ആ.. വരുന്നതുപോലെ കാണാം.വീണ്ടും സുന്ദരിപ്പഴം. ഒരു ഗോളു കൂടി അടിച്ചു. എന്നെ പഴക്കടയില്‍ വെച്ചാല്‍  ആള്‍ക്കാര്‍ മത്സരമായിരിക്കും-- വാങ്ങാന്‍. അതുകേട്ട്  പുഴുക്കുത്തു പഴം തലയും താഴ്ത്തി മിണ്ടാതെ നിന്നു.
     ദിവസങ്ങള്‍ കഴിഞ്ഞു. തോട്ടക്കാരന്‍ വലിയ തോട്ടയും കൂടയും എല്ലാമായി വന്നു.പുഴുക്കുത്തു പഴം പ്രാര്‍ത്ഥിച്ചു.എന്നേ പറിച്ച് ഈ സുന്ദരിപ്പഴത്തിന്‍റെകൂടെ ഇടരുതേയെന്ന്. പക്ഷേ പ്രാര്‍ത്ഥന ഫലിച്ചില്ല. . തോട്ടക്കാരന്‍ രണ്ടു പഴങ്ങളും ഒരേ കൂടയില്‍ അടുത്തടുത്ത് പറിച്ചിട്ടു. പഴങ്ങളെല്ലാം കടയിലേയ്ക്ക് യാത്രയായി. കടയിലെത്തുന്നതു വരെ സുന്ദരിപ്പഴം പുഴുക്കുത്തു പഴത്തിനെ കുത്തു വാക്കുപറഞ്ഞ് വേദനിപ്പിച്ചു കൊണ്ടേയിരുന്നു. കടയിലെത്തി. അപ്പോഴും പുഴുക്കുത്തേറ്റ പഴത്തിന് ഒരു പ്രാര്‍ത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു. ദൈവമേ . എന്നെ എടുത്ത് ചീത്തയാന്നും പറഞ്ഞ് കടക്കാരന്‍ ആ കുപ്പത്തൊട്ടീലോട്ടിട്ടാലും  എന്നെയീ സുനന്ദരിപ്പഴത്തിന്‍റ കൂടെ തട്ടേലടുക്കി വെയ്ക്കരുതേയെന്ന്.പക്ഷേ ഇത്തവണയും പ്രാര്‍ത്ഥന ഫലിച്ചില്ല. രണ്ടു പഴങ്ങളും തട്ടേലടുത്തടുത്തു തന്നെ
             പഴം വാങ്ങാനാള്‍ക്കാരെത്തി തുടങ്ങി. സുന്ദരിപ്പഴം പുഴുക്കുത്തു പഴത്തിനോടു പറഞ്ഞു. എന്നെ ദേ നോക്കിക്കോ ഇപ്പം വന്ന് വാങ്ങിക്കൊണ്ടു പോകും. നിന്നെയോ....
അപ്പോഴും പുഴുക്കുത്തു പഴം ഒന്നും മിണ്ടാതെ വിഷമത്തിലിരുന്നതേയുള്ളു. അതാ ഒരു പ്രായമായ മനുഷന്‍ വന്നു.  അയാള്‍ പഴം വാങ്ങനോര്‍ഡര്‍ കൊടുത്തു. കടക്കാരന്‍ സുന്ദരിപ്പഴം ഉള്‍പ്പടെ ഏറ്റവും നല്ല പഴം നോക്കി തുക്കാനാരംഭിച്ചു.ത്രാസ്സിന്‍റ തട്ടില്‍ കിടന്നോണ്ട് സുന്ദരിപ്പഴം പുഴുക്കുത്തു പഴത്തിനെ പുശ്ചത്തിലൊരു നോട്ടം കൂടി എറിഞ്ഞു.
പെട്ടെന്നാണ്  പഴം മേടിയ്ക്കുവാന്‍ വന്ന മനുഷന്‍ കടക്കാരന്‍ എടുത്തു വെച്ച പഴങ്ങളെല്ലാം തിരികെ ഇടുവിച്ചു. എന്നിട്ട്. തനിയെ തന്നെ പഴം തിരഞ്ഞെടുക്കുവാനാരംഭിച്ചു. അയാളാദ്യം എടുത്തത് ആ പുഴുക്കുത്തുള്ള പഴമായിരുന്നു. കടക്കാരന്‍ അത്ഭുതപ്പെട്ടു. സാറെന്തു മണ്ടത്തരമാണിക്കാണിയ്ക്കുന്നത്. അപ്പോളയാള്‍ തിരികെ പറഞ്ഞു. എടോ  ഞാന്‍ ബുദ്ധി പൂര്‍വ്വം എടുത്ത തീരുമാനമാണ്. പഴം പുഴുക്കുത്തണമെങ്കില്‍ അതില്‍ വെഷം ഏശിക്കാണില്ല. പുഴു തിന്നാതിരിക്കാന്‍ പുവാകുമ്പം തന്നെ വിഷം തളിച്ച് നല്ല ചെമന്നു തുടുത്ത പഴമാക്കി മാറ്റും.മനുഷരേ ആകര്‍ഷിക്കാന്‍. എടോ ഇത് പുഴുക്കുത്തിയ ഭാഗം ചെത്തിക്കളഞ്ഞാതന്നെ ബാക്കി ഭാഗം വിശ്വസിച്ച് തിന്നാമല്ലോ. തിരികെ തട്ടിമ്മേക്കേറിയിരുപ്പു പിടിച്ച സുന്ദരിപ്പഴം വിചാരിച്ചു. കണക്കു കൂട്ടുന്നപോലേം വിചാരിക്കുന്നപോലേം ഒന്നുമല്ലകാര്യങ്ങളവസാനിയ്ക്കുന്നത്. പുഴുക്കുത്തേറ്റ  പഴം ഒരുപാടുത്സാഹത്തില്‍
പൊതിക്കെട്ടിലായി സ്ഥലം വിട്ടു.