Tuesday, June 26, 2012

മേഘത്തിന്‍റ കാരുണ്യം  അപ്പുപ്പന്‍താടിപോലെ  രണ്ടു കുഞ്ഞു  വെള്ളി  മേഘത്തുണ്ടുകള്‍ ആകാശത്തുകൂടി കളിച്ചു രസിച്ച് ഒഴുകി പോകുകയായിരുന്നു.അപ്പോളതാ ഒരു കാര്‍മേഘത്തുണ്ട് വേഗത്തില്‍ പോകുന്നതു കണ്ടു. വെള്ളി മേഘങ്ങള്‍ ചോദിച്ചു. കാര്‍മേഘമേ നീ എന്താ ഇങ്ങനെ പാഞ്ഞു പോകുന്നത്.  ഇത്തിരിനേരം ഞങ്ങളുടെ കൂടെ കളിച്ചിട്ടു പോകാം.    കാര്‍ മേഘം പറഞ്ഞു-- എനിയ്ക്ക് ഒട്ടും നില്‍ക്കാന്‍ സമയമില്ല ചങ്ങാതിമാരെ. . എന്നെ കടലമ്മ ഒരു ജോലി ഏല്‍പ്പിച്ചു വിട്ടിരിക്കുകയാണ്.
 ഓഹോ അതെന്താ ആ ജോലി.?
 മറ്റെ മേഘങ്ങള്‍ ആകാംക്ഷയോടെ ചോദിച്ചു.
കാര്‍മേഘം മറുപടി പറഞ്ഞു.
നിങ്ങള്‍ താഴോട്ടു. നോക്കൂ. ഭൂമിയിലെ വയലുകളെല്ലാം വരണ്ട് വിണ്ടു കീറി കിടക്കുന്നതു കണ്ടില്ലേ.... കുളങ്ങളും കിണറുകളും എല്ലാം വറ്റി വരണ്ടു കിടക്കുന്നതു കണ്ടില്ലേ...ചെടികളെല്ലാം ഉണങ്ങി കരിഞ്ഞു നില്‍ക്കുന്നതു കണ്ടില്ലേ..
   വെള്ളി മേഘങ്ങള്‍ക്ക്  അത്ഭുതമായി. ഞങ്ങളും കാണുന്നുണ്ടല്ലോ ഇതൊക്കെ.അതുകൊണ്ട് നീ ഓടീട്ട് എന്തു കാര്യം? അപ്പോള്‍ കാര്‍ മേഘം പറഞ്ഞു-- എന്നെ കടലമ്മ ഒരു ജോലി ഏല്‍പ്പിച്ചെന്നു പറഞ്ഞില്ലേ.. എന്നില്‍ നിറയെ നീരാവിയാണ്. കടലമ്മ തന്നതാണ്. ഇത് ,ഓടിയോടി അങ്ങ് മുകളില്‍ ചെന്നു തണുക്കുമ്പോള്‍ മഴത്തുള്ളിയായി മാറും. അതു താഴേക്കു വീണ് വെള്ളമാകുമ്പോള്‍ കുളത്തിലും നദിയിലും കിണറിലും ഒക്കെ വെള്ളം കിട്ടും... ചെടികള്‍ക്കെല്ലാം പുതു നാമ്പുവരും.
വെള്ളി മേഘങ്ങള്‍ പറഞ്ഞു : അയ്യോ ചങ്ങാതീ, ഞങ്ങളോടും കടലമ്മ ഇതു പറഞ്ഞതാണ്. പക്ഷെ അപ്പോള്‍ വെള്ളമായിക്കഴിയുമ്പോള്‍ പിന്നെ നമ്മള്‍ മേഘങ്ങളങ്ങില്ലാതെ വരില്ലേ...അതുകൊണ്ട് ഞങ്ങളു പറഞ്ഞു ഞങ്ങള്‍ക്ക് ആ ജോലി വയ്യെന്ന്.
കാര്‍മേഘം പറഞ്ഞു-- നമ്മളില്ലാതായാലും നമ്മളു മുഖാന്തിരം ഭൂമിയ്ക്ക് എത്ര മാത്രം ഉപകാരമായി എന്ന് നിങ്ങളോര്‍ക്കാത്തതെന്തേ?
 വെള്ളി മേഘത്തുണ്ടുകള്‍ക്ക് അപ്പോഴാണ് കാര്യം മനസ്സിലായത്--. ശരിയാണ് ചങ്ങാതീ.. നീ ഞങ്ങളുടെ കണ്ണു തുറപ്പിച്ചു. മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യുന്ന നിന്നെപ്പോലെ ഞങ്ങളും കടലമ്മയുടെ അടുക്കല്‍ പോയി നീരാവി കൊണ്ടുവരാം. നീ ഓടിപ്പൊയ്ക്കോ. ഞങ്ങളും ദേ പുറകേ എത്തിക്കഴിഞ്ഞു.
അതുപറഞ്ഞ് അവരും കളി മതിയാക്കി, കാര്‍മേഘത്തിനെ പ്പോലെ നീരാവിയും വഹിച്ച് കാര്‍ മേഘമായി ഭൂമിയില്‍ മഴ പെയ്യിച്ചു.അങ്ങിനെ ഭൂമിയിലെ വരള്‍ച്ച എല്ലാം പോയി.


Friday, June 8, 2012

മത്തനും കുമ്പളവും 
ഒരു വീടിന്‍റ അടുക്കളത്തോട്ടത്തിലൊരു കുമ്പളവും മത്തയും ഉണ്ടായിരുന്നു കുമ്പളത്തിന്  കുറച്ചു ഇലകളും വള്ളിയും ഒക്കെ വന്നപ്പോള്‍ അതിന്‍റെ അടുത്തു  നിന്നിരുന്ന ഒരു മരത്തിലേയ്ക്ക് വീട്ടുകാരന്‍ കുമ്പളത്തിനെ  കയറ്റി വിട്ടു. മത്തന് ഇലകളും വള്ളിയും ഒക്കെ ആയപ്പോള്‍ അതിനെ പറമ്പിലോട്ടും പടര്‍ത്തി വിട്ടു. എന്നു പറഞ്ഞാല്‍ പറമ്പില്‍ നീളത്തിലങ്ങനെ വളരും. .

കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ മത്തയ്ക്ക്  ഒരാഗ്രഹം തോന്നി. അത് കുമ്പളത്തിനോടു പറഞ്ഞു. എടാ കുമ്പളമേ എനിയ്ക്ക് ഈ താഴെ ഇങ്ങനെ കിടക്കാന്‍ വയ്യ. ഞാനും കൂടി നിന്‍റെ കൂടെ ആ മരത്തേലോട്ടു കയറട്ടെ.അവിടാകുമ്പോളാകാശോം കാണാം.  മരത്തേലിരിയ്ക്കുന്ന  പറവകളേം ഒക്കെ കാണുകേം ചെയ്യാം.അപ്പോള്‍ കുമ്പളം മത്തയോടു പറഞ്ഞു.ചങ്ങാതീ അബന്ധമൊന്നും കാണിയ്ക്കല്ലേ.... എനിയ്ക്കാണെങ്കിലിതില്‍ പറ്റിപ്പിടിച്ചു കയറാന്‍ ദാ ചുരുളന്‍ വള്ളിയുണ്ട്. അത് ഈ മരത്തില്‍ ചുറ്റിപ്പിടിച്ചാണ് ഞാന്‍ മുകളിലോട്ടു കയറുന്നത്. അപ്പോള്‍ മത്തന്‍ പറഞ്ഞു, നീയങ്ങനെ എന്നെ പിന്‍തിരിപ്പിക്കാനൊന്നും നോക്കേണ്ട. എനിയ്ക്കും നിന്നേപ്പോലെ അതില്‍ കയറാനൊക്കെപ്പറ്റും. ഇല്ലെങ്കില്‍ നീ നോക്കിയ്ക്കോ.കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ മത്തയും കുമ്പളത്തിന്‍റെ കൂടെ ആ മരത്തില്‍ എങ്ങിനെയെങ്കിലും കയറിപ്പറ്റി. അപ്പോഴും കുമ്പളം മത്തനോടു പറഞ്ഞു. ചങ്ങാതീ കുറച്ചുദിവസം കഴിയുമ്പോള്‍ നീ പൂക്കുകയും കായ്ക്കുകയും ഒക്കെ ചെയ്യും. നിനക്കുണ്ടാകുന്ന കായ് ഒരു പാടു വലുതായിരിക്കും. നിന്‍റ ശക്തിയില്ലാത്ത വള്ളിയ്ക്ക് ആ കായും കൊണ്ട് ഈ മരത്തില്‍ നില്‍ക്കാന്‍ പറ്റുകയില്ല. അപ്പോള്‍ മത്ത വീണ്ടും കുമ്പളത്തിനോടു പറഞ്ഞു. ഹോ....നിന്‍റെ ഒരു അസൂയ കൊള്ളാമല്ലോ. ഞാനെങ്ങിനേലും ഈ മരത്തേ തത്തിപ്പിടിച്ചു കേറിയപ്പം നിനക്കു സഹിയ്ക്കാന്‍ പറ്റുന്നില്ല അല്ലേ. ഇനിയെന്നെ ഇവിടെനിന്നും എങ്ങനെ ഇറക്കി ഓടിയ്ക്കാമെന്നാണ് നീ വിചാരിക്കുന്നത്. അല്ലേ. നിന്‍റ ആ വിദ്യ അങ്ങു മനസ്സി വെച്ചേരെ.ഞാനീ മരത്തേന്നെങ്ങോട്ടും പോണില്ല. അപ്പോള്‍ കുമ്പളം വീണ്ടും പറഞ്ഞു. ഇനി ഞാനായിട്ട് നിന്നോടൊന്നും പറയുന്നില്ല. നീ അനുഭവിയ്ക്കുമ്പോള്‍ പഠിച്ചോളും.

അങ്ങിനെ കുറേ ദിവസം കഴിഞ്ഞപ്പോള്‍ മത്തയ്ക്കും കുമ്പളത്തിനും പൂവു വന്നു.കുറച്ചു ദിവസം കൂടി കഴിഞ്ഞപ്പോള്‍ രണ്ടിനും കായും വന്നു. കുമ്പളത്തിലെ കുമ്പളങ്ങ വള്ളിയില്‍ തൂങ്ങി കിടന്നതുപോലെ തന്നെയായിരുന്നു മത്തയിലെ മത്തങ്ങയും തൂങ്ങിക്കിടന്നത്. കുറേ ദിവസം കൂടി കഴിഞ്ഞപ്പോള്‍ രണ്ടിന്‍റെയും കായ്കള്‍ക്ക് വലുപ്പം വെച്ചു തുടങ്ങി. കുമ്പളത്തിന് ഒരു കുഴപ്പവുമില്ലാതെ നിന്നു. കാരണം നല്ല ബലമുള്ള ചുരുളന്‍ വള്ളികള്‍ കൊണ്ട് കുമ്പളം  മരത്തിന്‍റെ ചില്ലകളിലിറുക്കി പിടിച്ചിരുന്നു. എന്നാല്‍ മത്തന് ചില്ലകളില്‍ ചുറ്റിപ്പിടിയ്ക്കുവാന്‍ കുമ്പളത്തിന്‍റെ പോലെയുള്ള ചുരുളന്‍ വള്ളികള്‍ വള്ളികളില്ലായിരുന്നു. അതുകൊണ്ട് മത്തങ്ങ വലുതാകുന്നതനുസരിച്ച് മത്തച്ചെടി വിഷമിക്കാനും തുടങ്ങി. കാരണം ഭാരം കൂടുന്നതു തന്നെ പ്രശ്നം. അങ്ങിനെ ഒരു ദിവസം ഭാരം കൂടിയതിനാല്‍ മത്തന്‍ തടുപുടു തുടിനാരെ എന്നും പറഞ്ഞ് ദേ താഴെ കിടക്കുന്നു.അപ്പോള്‍ കുംമ്പളം മത്തനോടു ചോദിച്ചു. ഇപ്പം നിനക്കു ഞാന്‍ പറഞ്ഞതിന്‍റെ പൊരുള്‍ മനസ്സിലായോ എന്ന്. അപ്പോള്‍ മത്തന്‍ പറഞ്ഞു. ശരിയാ ചങ്ങാതി.  ഇപ്പോഴെനിയ്ക്കു മനസ്സിലായി.  എല്ലാം അനുഭവിയ്ക്കുമ്പോളല്ലേ നല്ലതും ചീത്തയും തിരിച്ചറിയുന്നത്..