Thursday, November 15, 2012

മൂത്തവരുടെ വാക്ക് മുത്തു പോലെ

എന്നും കിഴക്കേ അറ്റത്തുള്ള  കിഴക്കമ്പലക്കുന്നില്‍ നിന്നുംഅപ്പുപ്പന്‍ തത്തയും അമ്മുമ്മതത്തയും മക്കളും കൊച്ചുമക്കളും എല്ലാവരും ആയിട്ടാണ് അങ്ങു പടിഞ്ഞാറ്  പടിഞ്ഞാറ്റിന്‍കര പാടത്ത് നെന്മണികള്‍ തിന്നാന്‍ പോകുന്നത്. അവരെന്നും ഒരുമിച്ചു പോകും.
എന്നും വൈകിട്ട്  വയറു നിറയെ തിന്നു കഴിഞ്ഞ് പറന്നു പറന്ന് ചേക്കേറാന്‍  തിരികെ കിഴക്കമ്പലക്കുന്നില്‍ വരും. അവരു ചേക്കേറാന്‍  വരുമ്പോളാണ്  തൂങ്ങന്‍ വവ്വാല്‍  തീറ്റയ്ക്കായി  പുറപ്പെടുന്നത്. എന്നും വഴിയില്‍ വെച്ച് ചെഞ്ചുണ്ടന്‍ തത്തക്കുഞ്ഞന്‍ തൂങ്ങന്‍ ചേട്ടനെ കാണും.അവനോടു തിരക്കിയപ്പോള്‍   പടിഞ്ഞാറ്റിന്‍കര പാടത്തിനടുത്തുള്ള കദളിക്കാട്ടില്‍ തീറ്റതേടി പോകുവാണെന്നു പറഞ്ഞു.
 ഒരുദിവസം അവന്‍ വവ്വാലിനോടു ചോദിച്ചു ചേട്ടായി  ഞാനും കൂടെ ചേട്ടായിയുടെ കൂടെ കദളിക്കാട്ടില്‍ വരട്ടേന്ന്. അപ്പോള്‍ തൂങ്ങന്‍ പറഞ്ഞു. വന്നോ വന്നോ പക്ഷെ ഒരു കാര്യംഅപ്പുപ്പനോടും അമ്മുമ്മയോടും  അച്ഛനോടും അമ്മയോടും ഒക്കെ അനുവാദം വാങ്ങിയിട്ടേ വരാവു. ചെഞ്ചുണ്ടന്‍ പറഞ്ഞു. ശരി ശരി അങ്ങിനെ തന്നെ.
പിറ്റെന്ന് തത്തക്കുഞ്ഞന്‍ അപ്പുപ്പനോടു ചോദിച്ചു അപ്പുപ്പാ ഞാനും കൂടി വവ്വാലു ചേട്ടന്‍റെ കൂടെ  കദളിക്കാട്ടിലൊന്നു പൊയ്ക്കോട്ടെയെന്ന്.  അപ്പോളപ്പുപ്പന്‍ തത്ത അവനോടു പറഞ്ഞു. പാടില്ല മക്കളെ നമ്മള് പകലു തീറ്റ തേടുന്നവരാണ്. രാത്രി പൊയ്ക്കൂടാ.
വീണ്ടും ചെഞ്ചുണ്ടന്‍ അമ്മുമ്മതത്തയോടു ചെന്നു ചോദിച്ചു. അപ്പോളമ്മുമ്മയും അതു തന്നെ അവനോടു പറഞ്ഞു. വീണ്ടും അവന്‍ അമ്മയോടും അച്ഛനോടും ചോദിച്ചു. എല്ലാവരും അവനോടു് ഒരേപോലെയാണ് പറഞ്ഞത്.
എല്ലാവരും ചെഞ്ചുണ്ടനോട് പോകരുതെന്നു പറഞ്ഞെങ്കിലും അവന് തൂങ്ങന്‍റെ കൂടെ പോകണമെന്ന് അതിയായ ആഗ്രഹം ഉണ്ടായി. പിറ്റെ ദിവസം തത്തക്കൂട്ടങ്ങള്‍ ചേക്കാറാന്‍ തിരികെ പോന്നപ്പോള്‍ വഴിക്കു വെച്ച് ചെഞ്ചുണ്ടന്‍ ഒരു തെങ്ങില്‍ ഇരുന്നു.അവന്‍ തൂങ്ങന്‍ വവ്വാലു വന്നപ്പോള്‍അവന്‍റെ കൂടെ പറന്നു.
ചെഞ്ചുണ്ടന്‍ തൂങ്ങനോടു പറഞ്ഞു എല്ലാവരും പോകണ്ട എന്നാണ് പറഞ്ഞതെന്ന്. പക്ഷേങ്കില് എനിക്ക് ചേട്ടായിയുടെ കൂടെ വരാന്‍ അതിയായ ആശ വന്നു പോയി.
സന്ധ്യ ആയപ്പോള്‍  തൂങ്ങന്‍  എന്നും തീറ്റ തിന്നുന്ന കദളി വാഴതോപ്പിലെത്തി. അവിടെ  നിറയെ വാഴപ്പഴങ്ങളും വാഴക്കൂമ്പിലെ തേനും ഒക്കെ ഉണ്ടായിരുന്നു.തത്തക്കുഞ്ഞന്‍ വവ്വാലിന്‍റെ കൂടെ പറന്ന് വാഴപ്പഴമൊക്കെ കൊത്തി തിന്നു.
സന്ധ്യ മാറി ഇരുട്ടു തുടങ്ങിയപ്പോള്‍ ചെഞ്ചുണ്ടന്‍ തൂങ്ങനോടു പറഞ്ഞു. ചേട്ടായി എനിക്ക് ഒന്നും കാണാന്‍ പറ്റുന്നില്ലല്ലൊ. എനിക്കു പേടി വരുന്നു. അപ്പോള്‍ തൂങ്ങന്‍ പറഞ്ഞു. ഇതു കൊണ്ടാണു തത്തക്കുഞ്ഞാ നിന്നോട് അപ്പുപ്പനും അമ്മുമ്മയും അച്ഛനും അമ്മയും ഒക്കെ ഒരേപോലെ പറഞ്ഞത് നീ എന്‍റ കൂടെ വരരുതെന്ന്.  നീ അത് അനുസരിച്ചില്ല. ഇനിയിപ്പോള്‍ വെളുക്കുന്നിടം വരെ എവിടേലും ഇരിക്ക്. അങ്ങനെ തൂങ്ങന്‍ ചെഞ്ചുണ്ടനെ അവിടെ ഉണ്ടായിരുന്ന ഒരു അത്തി മരത്തിലൊളിപ്പിച്ചിരുത്തി.
രാത്രിയായപ്പോള്‍ അവിടം രാത്രിയില്‍ സഞ്ചരിക്കുന്ന മൃഗങ്ങളെയും പക്ഷികളേയും കൊണ്ടു നിറഞ്ഞു. വലിയ വലിയ കടവാതിലുകളുടെ ചിറകടി ഒച്ചയും മൂങ്ങകളുടെ ഒച്ചയും ചീവിടുകള്‍ കരയുന്ന ശബ്ദവും ഒക്കെ കൂടി ചെഞ്ചുണ്ടന്‍ പേടിച്ചു വിറച്ചു. പിന്നെ കുറക്കന്‍റെയും ഓരിയിടലും , കാട്ടു പൂച്ചകളുടെ കരച്ചിലും  ഒക്കെ കൂടി തത്തക്കുഞ്ഞന്‍ രാവെളുക്കുവോളവും പേടിച്ചു വിറച്ച് ഉറങ്ങാതെ അത്തിമരത്തിലൊളിച്ചിരുന്നു. നേരം വെളുത്തപ്പോള്‍ തൂങ്ങന്‍  ചെഞ്ചുണ്ടനെ തൊട്ടടുത്ത പടിഞ്ഞാറ്റിന്‍കര പാടത്ത് കൊണ്ടാക്കി. അപ്പോഴേക്കും അവിടെ തത്തകൂട്ടങ്ങളെല്ലാം തീറ്റ തിന്നാന്‍ എത്തിയിരുന്നു. ചെഞ്ചുണ്ടന്‍ അപ്പുപ്പന്‍ തത്തയോടും അമ്മുമ്മതത്തയോടും എല്ലാം ഉണ്ടായ കാര്യങ്ങളെല്ലാം  പറഞ്ഞു. 
അപ്പോളവനോട് അപ്പുപ്പന്‍ തത്ത പറഞ്ഞു. എടാ കുഞ്ഞാ മൂത്തവരുടെ വാക്കെന്നു പറഞ്ഞാല്‍ മുത്തു പോലെ വിലയുള്ളതാണെന്ന് ഇപ്പോള്‍ നിനക്കു മനസ്സിലായല്ലൊ.

കുഞ്ഞന്‍ പറഞ്ഞു...ശരിയാണപ്പുപ്പ മുതിര്‍ന്നവര്‍ പറയുന്നതില്‍ കാര്യമുണ്ടെന്നു്  ഇപ്പോളാണ് മനസ്സിലായത് .മുത്തുപോലെ തന്നെ.


Tuesday, August 7, 2012

രാത്രി സഞ്ചാരികള്‍ഞാനിവിടെ പതുങ്ങി ഇരിക്കാന്‍തുടങ്ങിയിട്ട് രണ്ടു ദിവസമായി  കൂട്ടുകാരെ.  എന്തെന്നായിരിക്കും നിങ്ങളുടെ വിചാരം.എന്തുപറയാനാണ് എന്‍റെ കൂട്ടുകാരനില്ലാത്തതു കൊണ്ടാണ് . ഞങ്ങളു രണ്ടുപേരും നല്ല ചങ്ങാതിമാരായിരുന്നു.
ഒരു വീട്ടിലെ തെങ്ങിന്‍ചുവട്ടിലുള്ള പൊത്തിലായിരുന്നു  ഞങ്ങള്‍താമസിച്ചിരുന്നത്. രാത്രി ആകുമ്പോള്‍ഞങ്ങളു പമ്മി പമ്മി വെളിയിലിറങ്ങും. ആ വീട്ടില്‍ഒരു പട്ടിച്ചേട്ടനും ഒരു പൂച്ചപ്പെണ്ണും  ഉണ്ടായിരുന്നു.ഉള്ളതു പറയാമല്ലൊ കൂട്ടുകാരെ പട്ടിച്ചേട്ടനെ ഞങ്ങക്കു പേടിയായിരുന്നു. പക്ഷെ പൂച്ചപ്പെണ്ണിനെ ഞങ്ങക്കൊരു പേടിയും ഇല്ലായിരുന്നു. പൂച്ചപ്പെണ്ണിനു രാത്രിയില്‍ വീട്ടുകാരു കൊണ്ടുക്കൊടുക്കുന്ന മീനും ചോറും അത്രയും ഞങ്ങളു രണ്ടുപേരും കൂടിയാണ് തിന്നുന്നത്. അവള്‍ക്ക് ഞങ്ങളെ പേടിയായിരുന്നു. ആദ്യമാദ്യം അവളെതിര്‍ത്തു നോക്കി. ഞങ്ങളു രണ്ടുപേരും കൂടി കിര്‍ര്‍............ കിര്‍....എന്നൊരു ശബ്ദം ഉണ്ടാക്കിക്കൊണ്ട് അവളുടെ നേരെ ഒരു ചാട്ടം ചാടുമ്പോളവള്‍ പേടിച്ച് വാഴച്ചോട്ടില്‍ പോയി പതുങ്ങി ഇരുന്നോളും.
  അങ്ങനെ    രാത്രി വെളുക്കുവോളം ഞങ്ങളു നല്ല സന്തോഷത്തില്‍അവിടൊക്കെ കളിച്ചു രസിച്ചു നടക്കും. അതിനിടയില്‍പുതിയ പുതിയ  പൊത്തുകളും  മണ്ണിലുണ്ടാക്കും. ഓരോ ദിവസവും ഞങ്ങളു പൊത്തുകള്‍മാറി മാറിയാണ്  പകലു കഴിച്ചു കൂട്ടുന്നത്. ഇന്നിരിക്കുന്ന പൊത്തില്‍ഞങ്ങളു നാളെ ഇരിക്കത്തില്ല. കാരണം എന്താണെന്നൊ കൂട്ടുകാരെ ശത്രുക്കളില്‍നിന്നും രക്ഷ നേടാനാണ്. പാമ്പും പട്ടിയും ഒക്കെയാണ് ഞങ്ങളുടെ ശത്രുക്കള്‍.
അങ്ങനെയിരുന്ന ഒരു ദിവസമാണ് ആ അപകടമുണ്ടായത്.
അവിടുത്തെ വീട്ടുകാരി  പ്ലാസ്റ്റിക്‍സഞ്ചികളില്‍പച്ചക്കറി  നട്ടു പിടിപ്പിക്കാന്‍തുടങ്ങി.
ആ പ്ലാസ്റ്റിക്‍ ‍സഞ്ചികളു കണ്ടപ്പോഴേ എന്‍റെ കൂട്ടുകാരനു ദേഷ്യം വന്നു. അതെന്താണെന്നോ കൂട്ടുകാരെ   ഈ പ്ലാസ്റ്റിക്‍ മണ്ണിലെത്ര നാളായാലും അലിയാതെ കിടക്കും. .ഞങ്ങളു മണ്ണുതോണ്ടി പൊത്തൊണ്ടാക്കുമ്പോള്‍ പ്ലാസ്റ്റിക്‍  സഞ്ചികളു  മണ്ണിലലിയാതെ കിടക്കുന്നതു കൊണ്ട് ഞങ്ങക്കു വലിയ പ്രയാസമാ  മണ്ണു തോണ്ടാന്‍ .. അതും അല്ലാ അതില്‍ നിന്നും വരുന്ന വിഷവാതകവും നമ്മളു ജീവനുള്ളവര്‍ക്കെല്ലാം കേടാണന്നല്ലേ അറിവുള്ളവരു പറയുന്നത്.
  പച്ചക്കറി സഞ്ചികള്‍ അവന്‍ പതുക്കെ പതുക്കെ കടിച്ചു മുറിച്ചിടാന്‍ തുടങ്ങി.  .ഞാനവനോട് പലപ്രാവശ്യവും പറഞ്ഞു  അതിനകത്തൊന്നും കയറി കുത്തിമറിയാന്‍ പോകല്ലേയെന്ന്. പക്ഷെ അവന്‍ കേട്ടതേയില്ല കൂട്ടുകാരെ. അവന്‍പച്ചക്കറി നട്ടിരുന്ന പ്ലാസ്റ്റിക്‍ സഞ്ചിയിലെ മണ്ണെല്ലാം ഒരുദിവസം രാത്രി തോണ്ടി വെളിയിലും ഇട്ടിട്ട് ഒട്ടു മുക്കാലും കടിച്ചു മുറിച്ചും കളഞ്ഞു. .
 അന്ന് ആ വീട്ടുകാരത്തിക്ക് മനസ്സിലായി പറമ്പിലെവിടെയോ ഞങ്ങളിരുപ്പുണ്ടെന്ന്. ഒരു ദിവസം രാത്രി ഞങ്ങളു മാളത്തീന്നു വെളീലിറങ്ങയപ്പോളൊരു മുഴുത്ത ഉണക്ക മീന്‍കിടക്കുന്നു കൂട്ടുകാരെ. എന്‍റെ കൂട്ടുകാരനെന്തു കണ്ടാലും ആര്‍ത്തിപിടിച്ച് ഒരു തീറ്റയാണ്. ഞാന്‍വിചാരിക്കും അവന്‍തിന്നു കഴിഞ്ഞ് മിച്ചം വല്ലതും ഉണ്ടേല്‍ തിന്നാമെന്ന്. അങ്ങനെ അന്ന് ആ ഉണക്കമീനിന്‍റെ മുക്കാലും അവന്‍തിന്നു. തിന്നു കഴിഞ്ഞതും അവന്‍കിടന്ന് വട്ടം കറങ്ങുന്നതു കണ്ടു.എനിക്കു മനസ്സിലായി എന്തോ കുഴപ്പം പറ്റിയെന്ന്. എനിക്കു സങ്കടം വന്നു.
 അവനവസാനമായി എന്നോടു പറഞ്ഞു.എടാ കൂട്ടുകാരാ ഈ ഉണക്കമീനിനകത്ത് നമ്മളെ കൊല്ലാനുള്ള വിഷമുണ്ടേ നീ ഇതിന്‍റെ ബാക്കി തിന്നല്ലേ എവിടേലും പോയി രക്ഷപ്പെട്ടോ എന്ന്. അങ്ങനെ അവന്‍അന്നു രാത്രി അവിടെ ചത്തു വീണു. ഞാനാ പൊത്തിലൊളിച്ചു.
പിറ്റെ ദിവസംരാവിലെ വീട്ടുകാരി പറയുന്നതു കേട്ടു.ഹോ..ആ പെരുച്ചാഴി എന്താണേലും ചത്തു. ഇനിയെന്‍റെ പച്ചക്കറിയൊക്കെ രക്ഷപ്പെട്ടോളും എന്ന്.
അവനന്ന്  ഞാന്‍പറഞ്ഞതു കേട്ടിരുന്നേല്‍ഈ ആപത്തു വരുകയില്ലായിരുന്നു.

 കൂട്ടുകാരെ നല്ലത് ആരു പറഞ്ഞു തന്നാലും അത്  കേട്ട് അനുസരിച്ചാല്‍  ആപത്തൊന്നും വരുകയില്ല.
Tuesday, June 26, 2012

മേഘത്തിന്‍റ കാരുണ്യം  അപ്പുപ്പന്‍താടിപോലെ  രണ്ടു കുഞ്ഞു  വെള്ളി  മേഘത്തുണ്ടുകള്‍ ആകാശത്തുകൂടി കളിച്ചു രസിച്ച് ഒഴുകി പോകുകയായിരുന്നു.അപ്പോളതാ ഒരു കാര്‍മേഘത്തുണ്ട് വേഗത്തില്‍ പോകുന്നതു കണ്ടു. വെള്ളി മേഘങ്ങള്‍ ചോദിച്ചു. കാര്‍മേഘമേ നീ എന്താ ഇങ്ങനെ പാഞ്ഞു പോകുന്നത്.  ഇത്തിരിനേരം ഞങ്ങളുടെ കൂടെ കളിച്ചിട്ടു പോകാം.    കാര്‍ മേഘം പറഞ്ഞു-- എനിയ്ക്ക് ഒട്ടും നില്‍ക്കാന്‍ സമയമില്ല ചങ്ങാതിമാരെ. . എന്നെ കടലമ്മ ഒരു ജോലി ഏല്‍പ്പിച്ചു വിട്ടിരിക്കുകയാണ്.
 ഓഹോ അതെന്താ ആ ജോലി.?
 മറ്റെ മേഘങ്ങള്‍ ആകാംക്ഷയോടെ ചോദിച്ചു.
കാര്‍മേഘം മറുപടി പറഞ്ഞു.
നിങ്ങള്‍ താഴോട്ടു. നോക്കൂ. ഭൂമിയിലെ വയലുകളെല്ലാം വരണ്ട് വിണ്ടു കീറി കിടക്കുന്നതു കണ്ടില്ലേ.... കുളങ്ങളും കിണറുകളും എല്ലാം വറ്റി വരണ്ടു കിടക്കുന്നതു കണ്ടില്ലേ...ചെടികളെല്ലാം ഉണങ്ങി കരിഞ്ഞു നില്‍ക്കുന്നതു കണ്ടില്ലേ..
   വെള്ളി മേഘങ്ങള്‍ക്ക്  അത്ഭുതമായി. ഞങ്ങളും കാണുന്നുണ്ടല്ലോ ഇതൊക്കെ.അതുകൊണ്ട് നീ ഓടീട്ട് എന്തു കാര്യം? അപ്പോള്‍ കാര്‍ മേഘം പറഞ്ഞു-- എന്നെ കടലമ്മ ഒരു ജോലി ഏല്‍പ്പിച്ചെന്നു പറഞ്ഞില്ലേ.. എന്നില്‍ നിറയെ നീരാവിയാണ്. കടലമ്മ തന്നതാണ്. ഇത് ,ഓടിയോടി അങ്ങ് മുകളില്‍ ചെന്നു തണുക്കുമ്പോള്‍ മഴത്തുള്ളിയായി മാറും. അതു താഴേക്കു വീണ് വെള്ളമാകുമ്പോള്‍ കുളത്തിലും നദിയിലും കിണറിലും ഒക്കെ വെള്ളം കിട്ടും... ചെടികള്‍ക്കെല്ലാം പുതു നാമ്പുവരും.
വെള്ളി മേഘങ്ങള്‍ പറഞ്ഞു : അയ്യോ ചങ്ങാതീ, ഞങ്ങളോടും കടലമ്മ ഇതു പറഞ്ഞതാണ്. പക്ഷെ അപ്പോള്‍ വെള്ളമായിക്കഴിയുമ്പോള്‍ പിന്നെ നമ്മള്‍ മേഘങ്ങളങ്ങില്ലാതെ വരില്ലേ...അതുകൊണ്ട് ഞങ്ങളു പറഞ്ഞു ഞങ്ങള്‍ക്ക് ആ ജോലി വയ്യെന്ന്.
കാര്‍മേഘം പറഞ്ഞു-- നമ്മളില്ലാതായാലും നമ്മളു മുഖാന്തിരം ഭൂമിയ്ക്ക് എത്ര മാത്രം ഉപകാരമായി എന്ന് നിങ്ങളോര്‍ക്കാത്തതെന്തേ?
 വെള്ളി മേഘത്തുണ്ടുകള്‍ക്ക് അപ്പോഴാണ് കാര്യം മനസ്സിലായത്--. ശരിയാണ് ചങ്ങാതീ.. നീ ഞങ്ങളുടെ കണ്ണു തുറപ്പിച്ചു. മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യുന്ന നിന്നെപ്പോലെ ഞങ്ങളും കടലമ്മയുടെ അടുക്കല്‍ പോയി നീരാവി കൊണ്ടുവരാം. നീ ഓടിപ്പൊയ്ക്കോ. ഞങ്ങളും ദേ പുറകേ എത്തിക്കഴിഞ്ഞു.
അതുപറഞ്ഞ് അവരും കളി മതിയാക്കി, കാര്‍മേഘത്തിനെ പ്പോലെ നീരാവിയും വഹിച്ച് കാര്‍ മേഘമായി ഭൂമിയില്‍ മഴ പെയ്യിച്ചു.അങ്ങിനെ ഭൂമിയിലെ വരള്‍ച്ച എല്ലാം പോയി.


Friday, June 8, 2012

മത്തനും കുമ്പളവും 
ഒരു വീടിന്‍റ അടുക്കളത്തോട്ടത്തിലൊരു കുമ്പളവും മത്തയും ഉണ്ടായിരുന്നു കുമ്പളത്തിന്  കുറച്ചു ഇലകളും വള്ളിയും ഒക്കെ വന്നപ്പോള്‍ അതിന്‍റെ അടുത്തു  നിന്നിരുന്ന ഒരു മരത്തിലേയ്ക്ക് വീട്ടുകാരന്‍ കുമ്പളത്തിനെ  കയറ്റി വിട്ടു. മത്തന് ഇലകളും വള്ളിയും ഒക്കെ ആയപ്പോള്‍ അതിനെ പറമ്പിലോട്ടും പടര്‍ത്തി വിട്ടു. എന്നു പറഞ്ഞാല്‍ പറമ്പില്‍ നീളത്തിലങ്ങനെ വളരും. .

കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ മത്തയ്ക്ക്  ഒരാഗ്രഹം തോന്നി. അത് കുമ്പളത്തിനോടു പറഞ്ഞു. എടാ കുമ്പളമേ എനിയ്ക്ക് ഈ താഴെ ഇങ്ങനെ കിടക്കാന്‍ വയ്യ. ഞാനും കൂടി നിന്‍റെ കൂടെ ആ മരത്തേലോട്ടു കയറട്ടെ.അവിടാകുമ്പോളാകാശോം കാണാം.  മരത്തേലിരിയ്ക്കുന്ന  പറവകളേം ഒക്കെ കാണുകേം ചെയ്യാം.അപ്പോള്‍ കുമ്പളം മത്തയോടു പറഞ്ഞു.ചങ്ങാതീ അബന്ധമൊന്നും കാണിയ്ക്കല്ലേ.... എനിയ്ക്കാണെങ്കിലിതില്‍ പറ്റിപ്പിടിച്ചു കയറാന്‍ ദാ ചുരുളന്‍ വള്ളിയുണ്ട്. അത് ഈ മരത്തില്‍ ചുറ്റിപ്പിടിച്ചാണ് ഞാന്‍ മുകളിലോട്ടു കയറുന്നത്. അപ്പോള്‍ മത്തന്‍ പറഞ്ഞു, നീയങ്ങനെ എന്നെ പിന്‍തിരിപ്പിക്കാനൊന്നും നോക്കേണ്ട. എനിയ്ക്കും നിന്നേപ്പോലെ അതില്‍ കയറാനൊക്കെപ്പറ്റും. ഇല്ലെങ്കില്‍ നീ നോക്കിയ്ക്കോ.കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ മത്തയും കുമ്പളത്തിന്‍റെ കൂടെ ആ മരത്തില്‍ എങ്ങിനെയെങ്കിലും കയറിപ്പറ്റി. അപ്പോഴും കുമ്പളം മത്തനോടു പറഞ്ഞു. ചങ്ങാതീ കുറച്ചുദിവസം കഴിയുമ്പോള്‍ നീ പൂക്കുകയും കായ്ക്കുകയും ഒക്കെ ചെയ്യും. നിനക്കുണ്ടാകുന്ന കായ് ഒരു പാടു വലുതായിരിക്കും. നിന്‍റ ശക്തിയില്ലാത്ത വള്ളിയ്ക്ക് ആ കായും കൊണ്ട് ഈ മരത്തില്‍ നില്‍ക്കാന്‍ പറ്റുകയില്ല. അപ്പോള്‍ മത്ത വീണ്ടും കുമ്പളത്തിനോടു പറഞ്ഞു. ഹോ....നിന്‍റെ ഒരു അസൂയ കൊള്ളാമല്ലോ. ഞാനെങ്ങിനേലും ഈ മരത്തേ തത്തിപ്പിടിച്ചു കേറിയപ്പം നിനക്കു സഹിയ്ക്കാന്‍ പറ്റുന്നില്ല അല്ലേ. ഇനിയെന്നെ ഇവിടെനിന്നും എങ്ങനെ ഇറക്കി ഓടിയ്ക്കാമെന്നാണ് നീ വിചാരിക്കുന്നത്. അല്ലേ. നിന്‍റ ആ വിദ്യ അങ്ങു മനസ്സി വെച്ചേരെ.ഞാനീ മരത്തേന്നെങ്ങോട്ടും പോണില്ല. അപ്പോള്‍ കുമ്പളം വീണ്ടും പറഞ്ഞു. ഇനി ഞാനായിട്ട് നിന്നോടൊന്നും പറയുന്നില്ല. നീ അനുഭവിയ്ക്കുമ്പോള്‍ പഠിച്ചോളും.

അങ്ങിനെ കുറേ ദിവസം കഴിഞ്ഞപ്പോള്‍ മത്തയ്ക്കും കുമ്പളത്തിനും പൂവു വന്നു.കുറച്ചു ദിവസം കൂടി കഴിഞ്ഞപ്പോള്‍ രണ്ടിനും കായും വന്നു. കുമ്പളത്തിലെ കുമ്പളങ്ങ വള്ളിയില്‍ തൂങ്ങി കിടന്നതുപോലെ തന്നെയായിരുന്നു മത്തയിലെ മത്തങ്ങയും തൂങ്ങിക്കിടന്നത്. കുറേ ദിവസം കൂടി കഴിഞ്ഞപ്പോള്‍ രണ്ടിന്‍റെയും കായ്കള്‍ക്ക് വലുപ്പം വെച്ചു തുടങ്ങി. കുമ്പളത്തിന് ഒരു കുഴപ്പവുമില്ലാതെ നിന്നു. കാരണം നല്ല ബലമുള്ള ചുരുളന്‍ വള്ളികള്‍ കൊണ്ട് കുമ്പളം  മരത്തിന്‍റെ ചില്ലകളിലിറുക്കി പിടിച്ചിരുന്നു. എന്നാല്‍ മത്തന് ചില്ലകളില്‍ ചുറ്റിപ്പിടിയ്ക്കുവാന്‍ കുമ്പളത്തിന്‍റെ പോലെയുള്ള ചുരുളന്‍ വള്ളികള്‍ വള്ളികളില്ലായിരുന്നു. അതുകൊണ്ട് മത്തങ്ങ വലുതാകുന്നതനുസരിച്ച് മത്തച്ചെടി വിഷമിക്കാനും തുടങ്ങി. കാരണം ഭാരം കൂടുന്നതു തന്നെ പ്രശ്നം. അങ്ങിനെ ഒരു ദിവസം ഭാരം കൂടിയതിനാല്‍ മത്തന്‍ തടുപുടു തുടിനാരെ എന്നും പറഞ്ഞ് ദേ താഴെ കിടക്കുന്നു.അപ്പോള്‍ കുംമ്പളം മത്തനോടു ചോദിച്ചു. ഇപ്പം നിനക്കു ഞാന്‍ പറഞ്ഞതിന്‍റെ പൊരുള്‍ മനസ്സിലായോ എന്ന്. അപ്പോള്‍ മത്തന്‍ പറഞ്ഞു. ശരിയാ ചങ്ങാതി.  ഇപ്പോഴെനിയ്ക്കു മനസ്സിലായി.  എല്ലാം അനുഭവിയ്ക്കുമ്പോളല്ലേ നല്ലതും ചീത്തയും തിരിച്ചറിയുന്നത്..Saturday, May 26, 2012

പൂവിനെ സ്നേഹിച്ച മണിക്കുട്ടിയും മണിക്കുട്ടിയെ സ്നേഹിച്ച പൂവും. അങ്ങിനെ ഒരു ദിവസം മണിക്കുട്ടിയുടെ റോസാച്ചെടിയിലൊരു കുഞ്ഞു മൊട്ടു വന്നു. മണിക്കുട്ടിക്ക് അന്ന് ഒരുപാടു സന്തോഷമുള്ള ദിവസമായിരുന്നു. അവളോടി ചെന്ന് ഈ വിവരം എല്ലാവരോടും പറഞ്ഞു. അച്ഛനോട്, അമ്മയോട്, മുത്തച്ഛനോട് മുത്തശ്ശിയോട്, ചേട്ടനോട്. എന്നുവേണ്ട വീട്ടിലെ കറുമ്പി പൂച്ചയോടും ടൈഗറു പട്ടിയോടും വരെ ഈ സന്തോഷ വാര്‍ത്ത പറഞ്ഞു. മണിക്കുട്ടിയുടെ ക്ലാസ്സിലെ കൂട്ടുകാരി ചിന്നുവാണ് ആ റോസാച്ചെടി അവള്‍ക്കു കൊടുത്തത്.  മണിക്കുട്ടി അതിനെ വീടിന്‍റ മുറ്റത്ത് ഒരരുകിലായി നട്ടു. എന്നും രാവിലെ എണീറ്റാലാദ്യം ചെന്ന് റോസാചെടിയോട് കുറച്ചു വര്‍ത്തമാനം പറയും.എന്നിട്ട് ചെടിയുടെ ചുവട്ടില്‍ വെള്ളം ഒഴിക്കും. അങ്ങിനെ  കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അതിന് പുതിയ ഒരു ശിഖരം  പൊട്ടി മുളച്ചു.  അപ്പോള്‍ മുതല്‍ മണിക്കുട്ടി അതിനെ കൂടുതല്‍  ശ്രദ്ധിക്കാന്‍ തുടങ്ങി.  കുറച്ചുകൂടി കൂടുതല്‍ വെള്ളം ഒഴിക്കാന്‍തുടങ്ങി. അതേപോലെ അടുത്തവീട്ടില്‍ ചെന്ന് കുറച്ചു ചാണകം കൊണ്ടുവന്ന് ചെടിക്ക് ഇട്ടു കൊടുത്തു. ഇതെല്ലാം കൂട്ടു കാരി ചിന്നു അവള്‍ക്ക് പറഞ്ഞു കൊടുത്തതായിരുന്നു. മനുഷ്യ കുഞ്ഞുങ്ങള് വളരാന്‍ ആഹാരം കഴിക്കുന്നതുപോലെ ചെടിക്കും വളരാന്‍ ആഹാരം വേണമെന്നും അതേപോലെ വെള്ളവും  ഒഴിച്ചു കൊടുക്കണമെന്നും എല്ലാം. ചെടിക്കും വിശപ്പും ദാഹവും എല്ലാമുണ്ടെന്ന് മണിക്കുട്ടിക്ക്  അറിയാമായിരുന്നു. ഓരോ ദിവസവും  മണിക്കുട്ടി റോസാചെടിയിലെ മൊട്ട് വലുതാകുന്നതു നോക്കി സന്തോഷിക്കും. ഒരു ദിവസം ഒരു ചിത്ര ശലഭം അതു വഴി വന്നു. ശലഭം മൊട്ടിന്‍റടുത്തു ചെന്ന് ഒന്നു വട്ടം പറന്നു. അപ്പോള്‍ മണിക്കുട്ടി ശലഭത്തിനോടു ചോദിച്ചു എന്തിനാണ് ചിത്ര ശലഭമേ ഇങ്ങനെ എന്‍റ മൊട്ടിനു ചുറ്റും  വട്ടമിട്ടു പറക്കുന്നതെന്ന്. അപ്പോള്‍ ശലഭം പറഞ്ഞു, അത്  ഈ  മൊട്ടു വിരിയാറായോ എന്ന് നോക്കിയതാ. അപ്പോള്‍ മണിക്കുട്ടി ചോദിച്ചു.. എന്നിട്ട് ശലഭത്തിനെന്തു തോന്നി. വിരിയാറായോ. അപ്പോള്‍ ശലഭം പറഞ്ഞു. ഈ മൊട്ട് നാളെ വിരിയും.     അന്നു രാത്രി മുഴുവനും  മണിക്കുട്ടി റോസാപ്പൂവ് വിരിയുന്നതും വിചാരിച്ചു കിടന്നു. പിറ്റെന്ന് കാലത്തെ മണിക്കുട്ടി നേരത്തെ എണീറ്റു.. . അവളോടി റോസാ ചെടിയുടെ അടുത്തേക്കു ചെന്നു. അവള്‍ക്ക് അത്ഭുതമായി. ചിത്ര ശലഭം പറഞ്ഞതു പോലെ  മൊട്ടു വിരിഞ്ഞു. നല്ല ഭംഗിയും മണവുമുള്ള നല്ലൊരു റോസാപ്പൂവ് ചെടിയില്‍ നില്‍ക്കുന്നു.അവളെല്ലാവരേയും വിളിച്ചു കാണിച്ചു. അവളുടെ റോസാചെടിയിലെ പൂവിനെ. അന്നും പതിവു പോലെ ചിത്ര ശലഭം വന്നു. ശലഭം പൂവിനു ചുറ്റും വട്ടമിട്ടു പറന്നു. അപ്പോള്‍ മണിക്കുട്ടി ശലഭത്തിനോടു ചോദിച്ചു. നീ ഇനിയും എന്തിനാണ് വട്ടമിട്ടു  പൂവിനു ചുറ്റും പറക്കുന്നത്. അപ്പോള്‍ ശലഭം പറഞ്ഞു. അത് ഇപ്പോള്‍  ഞാന്‍ നോക്കിയത് ഈ പൂവെന്നു കൊഴിയുമെന്നാണു മണിക്കുട്ടി.     അതു കേട്ടപ്പോള്‍ മണിക്കുട്ടി സങ്കടത്തോടെ ചോദിച്ചു . എന്താണു ശലഭമേ ഈ പറയുന്നെ. എന്‍റ പൂവു കൊഴിഞ്ഞു പോകുമെന്നോ..        ഇല്ല ഞാനൊരിക്കലും എന്‍റ പൂവിനെ കൊഴിഞ്ഞു പോകാന്‍ സമ്മതിക്കില്ല. അപ്പോള്‍ ശലഭം വീണ്ടും മണിക്കുട്ടിയോടു പറഞ്ഞു. മനുഷ്യര്‍ മരിക്കുന്നതുപോലെ വിരിഞ്ഞപൂവും കൊഴിഞ്ഞുപോകും.അതു പ്രകൃതി നിയമമാണു മണിക്കുട്ടി. അതില്‍ നീ സങ്കടപ്പെട്ടിട്ട് ഒരു കാര്യവുമില്ല.ശലഭം അകലേക്കു പറന്നുപോയി. മണിക്കുട്ടി പൂവിന് ഒരു ചക്കരയുമ്മ കൊടുത്തു. എന്നിട്ടു പറഞ്ഞു. പൂവെ നീ എന്നെ വിട്ടു പോകല്ലെ. എനിക്ക് അതു സഹിക്കാന്‍ പറ്റുകയില്ല. അത്രക്ക് എനിക്ക് നിന്നെ ഇഷ്ടമാണ്.അപ്പോള്‍ മണിക്കുട്ടിയുടെ സങ്കടം കണ്ടിട്ട് പൂവു പറഞ്ഞു. മണിക്കുട്ടി വിഷമിക്കേണ്ട. നീ വീണ്ടും ചെടിക്ക് വെള്ളവും വളവും എല്ലാം നല്‍കണം. ഞാന്‍ കൊഴിഞ്ഞു പോയാലും അടുത്ത ഒരു കുഞ്ഞു മൊട്ടായിട്ട് ഈ ചെടിയില്‍ ഒരു ശിഖരത്തില്‍ വരും അപ്പോള്‍ കുറച്ചു ദിവസം കഴിയുമ്പോള്‍ ആമൊട്ടു വലുതായി വീണ്ടും പൂവായി മണിക്കുട്ടിയുടെ ചക്കര ഉമ്മ മേടിക്കുവാന്‍ ഞാന്‍ വരും. അങ്ങിനെ ശലഭം പറഞ്ഞതുപോലെ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍  പൂവു കൊഴിയുവാന്‍ തുടങ്ങി.    വീണ്ടും മൊട്ടു വരുന്നതും പ്രതീക്ഷിച്ച്   മണിക്കുട്ടി  വെള്ളവും വളവും റോസാചെടിക്ക് കൊടുത്തു കൊണ്ടേയിരുന്നു.


Friday, May 4, 2012

എന്നോടെന്തിനീക്രൂരത

 .ഞാനൊരുപാവം പിടിയാന  ആണ്.
                    കൂട്ടുകാരെ കേട്ടോളു. എന്നോടു ചെയ്യുന്ന ക്രൂരത.കാട്ടില്‍ കളിച്ചു നടന്ന കാലത്താണ് ചതിക്കുഴി ഉണ്ടാക്കി  അവരെന്നെ പിടിച്ചത്. നാട്ടില്‍ കൊണ്ടുവന്ന അവരെന്നോട് ആദ്യമാദ്യം നല്ല സ്നേഹത്തിലാണ് പെരുമാറിയത്. അവരെന്നു പറഞ്ഞാല് മനുഷമ്മാര്.പിന്നെ പിന്നെ എന്നെ അവര് ഉപദ്രവിക്കാന്‍ തുടങ്ങി. എടത്തിയാനെ വലത്തിയാനെ എന്നൊക്കെ പറയും. അവരുടെ ഭാഷ ..എനിയ്ക്കതൊട്ട് അറിയത്തും ഇല്ല. അവരു വിചാരിക്കുന്നതുപോലെയല്ലെങ്കില്‍  നീളമുള്ള ഒരു വടിവെച്ച് എന്‍റ പുറം അടിച്ചു പൊളിക്കും. വേദന കൊണ്ട് ഞാന്‍ ബ്രാ..............എന്ന് കരയും. പിന്നെ ഇരുമ്പിന്‍റ ഒരു വടിയും കാണും .  അറ്റം വളഞ്ഞ ആ വടിക്ക് ആനത്തോട്ടിയെന്നാണ് പറയുന്നത്.അതു വെച്ച് എന്‍റ ചെവീടെ പുറകിലിട്ട് ആഞ്ഞു കുത്തും. എന്നെ നയിച്ചോണ്ടു പോകുന്നത്  മെലിഞ്ഞുണങ്ങി അശുവായ രണ്ടു പാപ്പന്മാരാണ്. ഒരു വലിയ പാപ്പാനും ഒരു ചെറിയ പാപ്പാനും.അവരുടെ വിചാരം അവരെ പേടിച്ചിട്ടാണ്  അവരു പറയുന്നതുപോലെ ഞാനെല്ലാം ചെയ്യുന്നതാണെന്നാണ്. അതൊന്നുമല്ല കൂട്ടുകാരെ. എനിക്ക് അവരെക്കാളും എന്നാ ശക്തിയാ. ഞാനൊന്നു തോണ്ടിയാലവരു ദൂരെ കിടക്കും. ചെറുതിലേ അമ്മ എന്നെ അനുസരണ ശീലം പഠിപ്പിച്ചതുകൊണ്ട് ഞാനെല്ലാം അനുസരിക്കും.
       ഇനി എന്നെക്കൊണ്ടു ചെയ്യിക്കുന്ന പണി എന്താണെന്നു നിങ്ങക്കു കേക്കണോ. കാട്ടിലെ കൂപ്പിക്കൊണ്ടു പോയി തടി പിടിപ്പിക്കല്‍. കൂപ്പെന്നു പറഞ്ഞാല്‍ ഒരുപാടു വൃക്ഷങ്ങളു വളരുന്നസ്ഥലം. അവിടെ വെട്ടിയിടുന്ന തടിയെല്ലാം എടുത്തോണ്ട് ദൂരെ ലോറി കിടക്കുന്നിടത്തു കൊണ്ടു പോയി ഇടണം. എനിക്കാണേല്‍ കൊമ്പും ഇല്ല. അതിനവരു ചെയ്യുന്ന പണി എന്താണെന്നോ വലിയ വടം തടിയില്‍ ചുറ്റിയിട്ട് അതിന്‍റ മറ്റെയറ്റം എന്‍റ അണപ്പല്ലുവെച്ച് കടിച്ചു പിടിപ്പിക്കും. എന്നിട്ട് തുമ്പിക്കൈ ചുറ്റി വലിക്കണം. എന്‍റ കഷ്ടപ്പാടു നിങ്ങളൊന്നു് ഓര്‍ത്തു നോക്കിക്കേ. എന്നിട്ടൊരു പറച്ചിലും തടിപിടിക്കാന്‍ പിടിയാനെയാണ് ഏറ്റവും പറ്റിയതെന്ന്.
     പിന്നെ വേറൊരു സങ്കടം എന്താണെന്നു വെച്ചാല്‍ ആഹാരോം നേരെ ചൊവ്വേ തരത്തില്ല. എന്‍റ ഉടമസ്ഥനോട് എനിക്കുള്ള ആഹാരം വാങ്ങിക്കാനുള്ള പൈസ          കണക്കു പറഞ്ഞ് വാങ്ങും .എന്നിട്ട് അതും പാപ്പാന്മാരങ്ങ് വഹിക്കും. എന്തു ചെയ്യാം ഞാനൊരു മിണ്ടാപ്രാണി മൃഗമായി പ്പോയില്ലേ.

നിങ്ങളോടു ഞാനൊരു കാര്യം പറയാം. നല്ല രസമാണേ. കേട്ടോളു. ഒരു ദിവസം ഇതേ പോലെ എന്നെ ഒരിടത്ത്  തടിപിടിക്കാന്‍ കൊണ്ടുപോയി. എനിയ്ക്ക് എടുക്കാവുന്നതിലും വലിയ ഭാരമുള്ള മൂന്നു തേക്കും തടിയായിരുന്നു. വലിയാനെ..വലിയെടീ എന്നും പറഞ്ഞ് ആ  തോട്ടിവെച്ച് എന്‍റ കാലിലിട്ട് കുത്തുവേം അടിക്കുകേം ഒക്കെചെയ്ത് എന്നേക്കൊണ്ട് ആ മൂന്നുതടീം പിടിപ്പിച്ചു ദൂരെക്കൊണ്ടിടീച്ചു കൂട്ടുകാരെ. എന്നിട്ട് ഒരു തെങ്ങോല പോലും എനിക്കു വെട്ടിത്തന്നില്ല. അതും പോരാഞ്ഞ് എന്നെ ഒരു കടേടെ മുമ്പിക്കൊണ്ടു നിര്‍ത്തി എന്‍റ പാപ്പമ്മാര് മൃഷ്ടാന്നം വയറു നിറയെ കഴിച്ചു. അവര് എന്നെ  ഒരു മരത്തിന്‍റ ചോട്ടില്‍ തളച്ചിട്ട് കിടന്നുറങ്ങുവാരുന്നു. ഞാനിവിടെ വെശന്നു പൊരിഞ്ഞു നിക്കുവാണെ. അവരുറങ്ങി കിടന്നപ്പം രണ്ടിനേം  ഫുട്ബാളു തട്ടുന്നതുപോലെ ഒരു തട്ടു കൊടുത്തു. ചെറുതായിട്ടേ തട്ടിയുള്ളു കേട്ടോ. അവരുരുണ്ട് ദൂരെ ചെന്നു കിടന്നു. ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്നും പറഞ്ഞ് ഞാനും നിന്നു. അവര്‍ക്ക് കാര്യം പിടികിട്ടി.  അവക്കു വിശന്നു നിക്കുവാണെന്ന് രണ്ടുപേരും കൂടി പറയുന്ന കേട്ടു. കുറച്ചു കഴിഞ്ഞപ്പം ഒരു കുലപ്പഴം ദേ എന്‍റ മുമ്പില്‍. ഞാന്‍ കുശാലായി തിന്നു. അന്നെനിക്കു മനസ്സിലായി പ്രതികരിക്കാതിരുന്നാലീ മനുഷമ്മാര്  നടുവൊടിയുന്നതുവരെ പണി എടുപ്പിക്കും എന്നിട്ട് പട്ടിണിക്കിടുകേം ചെയ്യുമെന്ന്. ഞങ്ങളിങ്ങനെ ഇടയ്ക്കിടയ്ക്ക് പിണങ്ങുന്നതിനാണ് അവരു പറയുന്നത് ആന ഇടഞ്ഞേ..ആള്‍ക്കാരെ ഉപദ്രവിച്ചേ... എന്നൊക്കെ. ഞങ്ങളോടു ചെയ്യുന്ന ക്രൂരത ആരും പറയുന്നുമില്ല. അറിയുന്നുമില്ല. ഞങ്ങളു പിണങ്ങിയാമാത്രം എല്ലാവരുമറിയുകേം ചെയ്യും. അതു കൊള്ളാമോ കൂട്ടുകാരെ നിങ്ങളുതന്നെ ഉത്തരം പറ.

Thursday, April 26, 2012

കള്ളനെ കണ്ടു പിടിച്ചേ കറുമ്പി കോഴി  അങ്കവാലന്‍ പൂവന്‍ കോഴിയുടെ അടുത്തു്  ഒരു ദിവസം കരഞ്ഞും കൊണ്ട് വന്നു.കറമ്പികോഴീടെ കരച്ചിലു കണ്ടപ്പോളങ്കവാലനും സങ്കടമായി. അവന്‍ പറഞ്ഞു .നീ കാര്യം പറ പെണ്ണേ എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുന്നതാണെങ്കില്‍ ഞാന്‍ ചെയ്തു തരാം.   കറമ്പിക്കോഴി പറഞ്ഞു.
നോക്കിക്കെ അങ്കവാലന്‍ചേട്ടാ. എന്ത് ആശിച്ചു മോഹിച്ചാണെന്നോ അഞ്ചു  കുഞ്ഞുങ്ങളെ കിട്ടിയത്. എത്രദിവസം ഞാനാഹാരം പോലും കഴിയ്ക്കാതെ മുട്ടയ്ക്ക് ചൂടും കൊടുത്ത് ഇരുന്നിട്ടാണെന്നോ ഈ അഞ്ചെണ്ണത്തിനെ എനിയ്ക്കു കിട്ടിയതെന്നറിയാമൊ. ബാക്കിയെല്ലാം ചീമൊട്ടയായി പോയില്ലെ. അപ്പോളങ്കവാലന്‍ പറഞ്ഞു.  ഇപ്പോളഞ്ചു കുഞ്ഞുങ്ങളെ കിട്ടിയില്ലെ.പിന്നെന്താ.  അപ്പോള്‍ വീണ്ടും കറുമ്പിക്കോഴി കരഞ്ഞും കൊണ്ട് പറഞ്ഞു തുടങ്ങി. അതില്‍ രണ്ടെണ്ണത്തിനെ ആരോ ശത്രുക്കളു പിടിച്ചോണ്ടു പോയി. അപ്പോളങ്കവാലന്‍  പറഞ്ഞു. നീ കാര്യമെല്ലാം വിശദമായി പ്പറ. കേക്കട്ടെ.അപ്പോള്‍ വീണ്ടും കറുമ്പിക്കോഴി പറഞ്ഞു തുടങ്ങി.അതങ്കവാലന്‍ ചേട്ടാ ,ഞാനാ കുറ്റിക്കാട്ടിന്‍റെവിടെ നിന്ന് ചിക്കി ചികഞ്ഞ് കുഞ്ഞുങ്ങളെ തീറ്റിക്കുകയായിരുന്നു. ഇഷ്ടം പോലെ ചിതലും മണ്ണിരേം എല്ലാം കിട്ടി. കുഞ്ഞുങ്ങടെ വയറു നിറയാനും വേണ്ടികിട്ടി.അപ്പോഴൊരു കാക്ക എന്‍റെ കുഞ്ഞുങ്ങളെ  റാഞ്ചാന്‍ വന്നു. ഞാന്‍ കൊക്കി കൊണ്ട് കാക്കയുടെ പുറകേ പോയി തിരികെ വന്നപ്പോളൊരു കുഞ്ഞിനെ കാണാനില്ല.ഒരു കരച്ചിലു പോലും കേട്ടില്ല.പിന്നെ നാലെണ്ണത്തിനേം കൊണ്ട് ഞാനങ്ങ് വീട്ടില്‍ പോയി. പിറ്റെ ദിവസവും അവിടെ തന്നെയാണ് കുഞ്ഞുങ്ങളെ തീറ്റിക്കാന്‍ പോയത്. പിറ്റെന്നും അതു തന്നെ  പറ്റി.  കാക്കേ ഓടിച്ചിട്ടു തിരിച്ചു വന്നപ്പം ഒരു കുഞ്ഞിനേം കൂടികാണാനില്ല. ഇപ്പം ദേ മൂന്നു കുഞ്ഞുങ്ങളേ ബാക്കിയൊള്ളു.ആരാണ് പിടിച്ചോണ്ടു പോയന്നു പോലും കണ്ടില്ല. അതും പറഞ്ഞ് കറുമ്പിക്കോഴി വീണ്ടും കരഞ്ഞോണ്ടു പറയാന്‍ തുടങ്ങി.ഇങ്ങിനെയാണെങ്കി ബാക്കി മൂന്നു കുഞ്ഞുങ്ങളേം ഇതേ പോലെ ആരെങ്കിലും പിടിച്ചോണ്ട് പോകത്തെയൊള്ളു.

    കറമ്പിക്കോഴീടെ സങ്കടം കണ്ടിട്ടങ്കവാലന്‍ പറഞ്ഞു.നീ സങ്കടപ്പെടാതിരിക്ക് . നിന്‍റെ കുഞ്ഞുങ്ങളെ കട്ടോണ്ടു പോകുന്ന കള്ളനെ ഞാന്‍ നിനക്കു കണ്ടു പിടിച്ചു തരാം.എന്നിട്ടു കറമ്പിക്കോഴീടടുക്കല്‍   അങ്കവാലന്‍ പറഞ്ഞു. നാളെ ഞാനാണ് അവരെ തീറ്റിക്കാന്‍ കൊണ്ടു പോകുന്നത്. നീ വരുകയേ വേണ്ട.അങ്ങിനെ പിറ്റെ ദിവസം അങ്കവാലന്‍ കറമ്പികോഴി , കുഞ്ഞുങ്ങളെ തീറ്റിക്കാന്‍ കൊണ്ടുപോകുന്ന സ്ഥലത്ത്  ആദ്യം  കുഞ്ഞുങ്ങളില്ലാതെ ഒന്നു പോയി. കുറ്റിക്കാടിന്‍റെടുത്ത് പതുങ്ങി നിന്നു.അപ്പോള്‍ അക്കരെ കാട്ടിലെ ചെമ്പന്‍ പൂച്ചേം കോങ്കണ്ണി കാക്കേം കൂടി എന്തോ രഹസ്യം പറയുന്നതു കണ്ടു. അങ്കവാലന്‍ പതുങ്ങി നിന്ന് ചെവി വട്ടം പിടിച്ചു. അപ്പോള്‍ ചെമ്പന്‍ കോങ്കണ്ണി കാക്കേടടുക്കല്‍   പതുക്കെ  പറയുന്നു . എടീ കാക്കേ നീ എന്നത്തേയും പോലെ കോഴി കുഞ്ഞുങ്ങളെ റാഞ്ചുന്ന പോലെ പറന്നു വരണം. അപ്പൊ നിന്നെ ഓടിക്കാന്‍ കറുമ്പിക്കോഴി വരും. അപ്പോള്‍ ഞാന്‍ കുറ്റിക്കാട്ടീന്ന് ഒറ്റചാട്ടത്തിനൊരെണ്ണത്തിനെ എന്‍റ വായിലാക്കിക്കോളാം. നീയാ മരത്തിന്‍റെ ചോട്ടി വന്നാമതി. നമുക്കു രണ്ടുപേര്‍ക്കും കൂടി ശാപ്പിടാം. അപ്പോള്‍  കറുമ്പികാക്ക പറഞ്ഞു. അതു ഞാനേറ്റു. ചെമ്പന്‍ ചേട്ടാ.  കറുമ്പികാക്ക പറഞ്ഞു ഇനീം നമുക്ക് പതുങ്ങിയിരിക്കാം. കറുമ്പിക്കോഴി വരാന്‍ സമയമായി.ചെമ്പന്‍ ചേട്ടന്‍ കുറ്റിക്കാട്ടിലും ഞാനാ തെങ്ങിന്‍റെ ഓലേലും ഇരിക്കാം.  ചെമ്പന്‍ പൂച്ച പറഞ്ഞു.  ഓ ശരി...ശരി.
അങ്കവാലന്‍  വിചാരിച്ചു ആ..അപ്പോളിവനാണു കക്ഷി. ഇവനിട്ടിന്നു രണ്ടു കൊടുക്കണം.   തിരിച്ചു വന്ന് കോഴിക്കുഞ്ഞുങ്ങളുമായി കുറ്റിക്കാട്ടിന്‍റെടുത്തോട്ട് പോയി.അവിടെകരിയിലയൊക്കെ ചിക്കിയിട്ടു കൊടുത്തിട്ട് കുഞ്ഞുങ്ങളോടു പറഞ്ഞു. ഞാനിതാ ഇവിടെ നിങ്ങടെ അടുത്തു തന്നെ നില്‍പ്പുണ്ട്. നിങ്ങളുപോയി കൊത്തിപ്പെറുക്കി തീറ്റതിന്നോണം.അങ്ങിനെ അങ്കവാലന്‍ ചുറ്റിനും നിരീക്ഷിച്ചോണ്ട് പതുങ്ങി നിന്നു.അപ്പോള്‍ ദേ നോക്കുമ്പം ചെമ്പന്‍ പൂച്ച പതുങ്ങി പതുങ്ങി വരുന്നു.അങ്കവാലന്‍ ചെമ്പന്‍റെടുത്തോട്ട് ഒറ്റ ചാട്ടം ചാടി. ഒരു കൊത്തും കൊടുത്തു. അവന്‍ പേടിച്ചു വിറച്ചു പോയി. കുഞ്ഞുങ്ങളു വന്ന് അങ്കവാലന്‍റെ ചിറകിനടിയില്‍ വന്നു നിന്നു.അങ്കവാലന്‍ ചെമ്പനോടു പറഞ്ഞു. എടാ ചെമ്പാ..ഇപ്പോഴല്ലെ മനസ്സിലായത് നീയാണ് ആ രണ്ടു കുഞ്ഞുങ്ങളേം കട്ടോണ്ടു പോയതെന്ന്. നീ നേരത്തെ വന്ന് ആ കോങ്കണ്ണി കാക്കേടടുക്കല്‍ പറഞ്ഞതു മുഴുവനും ഞാന്‍ കേട്ടു കേട്ടോ.ഇനി ഇവിടെങ്ങാനും കണ്ടു പോയാല്‍ നിന്‍റെ കണ്ണു ഞാന്‍ കൊത്തിപ്പറിച്ചെടുക്കും. വേഗം ഇവിടെ നിന്നും പൊയ്ക്കോ. ചെമ്പന്‍ ജീവനും കൊണ്ട് ഓടിപ്പോയി. ഇതെല്ലാം തെങ്ങിന്‍റെ ഓലേലിരുന്ന് കണ്ടോണ്ടിരുന്ന കോങ്കണ്ണി കാക്ക കാ..കാ..എന്ന് കാറിക്കൊണ്ട്  നാണിച്ചു പറന്നും പോയി.കറമ്പികോഴീം ബാക്കി കുഞ്ഞുങ്ങളും കൂടി    ആരേം പേടിക്കാതെ സുഖമായി കഴിഞ്ഞു.Monday, March 5, 2012

കാര്‍മേഘത്തിന്‍റ കാരുണ്യം
  അപ്പുപ്പന്‍താടിപോലെ  രണ്ടു കുഞ്ഞു  വെള്ളി  മേഘത്തുണ്ടുകള്‍ ആകാശത്തുകൂടി കളിച്ചു രസിച്ച് ഒഴുകി പോകുകയായിരുന്നു.അപ്പോളതുവഴി ഒരു
കാര്‍മേഘത്തുണ്ട് ഒരുപാടു വേഗത്തില്‍ ഓടി പോകുന്നതു കണ്ടു. ഇതുകണ്ടുകൊണ്ട് വെള്ളി മേഘങ്ങള്‍ ചോദിച്ചു. കാര്‍മേഘമേ നീ എന്താ ഇങ്ങനെ പാഞ്ഞു പോകുന്നത്.
 ഇത്തിരിനേരം ഞങ്ങളുടെ കൂടെ നിന്ന് കളിച്ചിട്ടു പോകാം.    അപ്പോള്‍ കാര്‍മേഘം അവരോടു പറഞ്ഞു. എനിയ്ക്ക് ഒട്ടും നില്‍ക്കുവാന്‍ സമയമില്ല ചങ്ങാതിമാരെ .അപ്പോള്‍ വെള്ളി മേഘത്തുണ്ടുകള്‍ രണ്ടുപേരും കൂടി കാര്‍മേഘത്തിനോടു ചോദിച്ചു . അതെന്താ അങ്ങിനെ. അപ്പോള്‍ കാര്‍മേഘം മറുപടി പറഞ്ഞു.അതോ അത് എന്നെ കടലമ്മ ഒരു ജോലി ഏല്‍പ്പിച്ചു വിട്ടിരിക്കുകയാണ്. ഓഹോ അതെന്താ ആ ജോലി. മറ്റെ മേഘങ്ങളാകാംക്ഷയോടെ ചോദിച്ചു. കാര്‍മേഘം മറുപടി പറഞ്ഞു. നിങ്ങള്‍ താഴോട്ടു. നോക്കൂ. ഭൂമിയിലെ വയലുകളെല്ലാം വരണ്ട് വിണ്ടു കീറി കിടക്കുന്നതു കണ്ടില്ലേ.... കുളങ്ങളും കിണറുകളും എല്ലാം വറ്റി വരണ്ടു കിടക്കുന്നതു കണ്ടില്ലേ...ചെടികളെല്ലാം ഉണങ്ങി കരിഞ്ഞു നില്‍ക്കുന്നതു കണ്ടില്ലേ.. നദികള് വറ്റി മണ്ണ് മാത്രമായിട്ടിരിക്കുന്നതു കണ്ടില്ലേ... വേഴാമ്പല് വായും പൊളിച്ച് ദാഹിച്ചു മുകളിലോട്ടു നോക്കി തപസ്സു ചെയ്യുന്നതു നിങ്ങള്‍ കാണുന്നില്ലേ.. അപ്പോളവര്‍ കാര്‍ മേഘത്തിനോടു പറഞ്ഞു. ഉണ്ട് ഉണ്ട് ഞങ്ങളും കാണുന്നുണ്ടല്ലോ ഇതൊക്കെ.അതുകൊണ്ട് നീ ഓടീട്ട് എന്തു കാര്യം അപ്പോള്‍ കാര്‍ മേഘം പറഞ്ഞു. എന്നെ കടലമ്മ ഒരു ജോലി ഏല്‍പ്പിച്ചെന്നു പറഞ്ഞില്ലേ.. എന്നില്‍ നിറയെ നീരാവിയാണ്. കടലമ്മ തന്നതാണ്. ഇത് ഓടിയോടി അങ്ങ് മുകളില്‍ ചെന്നു തണുക്കുമ്പോള് മഴത്തുള്ളിയായി മാറും. അതു താഴേക്കു വീണ് വെള്ളമാകുമ്പോള് കുളത്തിലും നദിയിലും കിണറിലും ഒക്കെ വെള്ളം കിട്ടും.. വായും പൊളിച്ചിരിക്കുന്ന വേഴാമ്പലിന്‍റ വായിലോട്ട് അതു വീഴുമ്പോളവന്‍റ ദാഹമെല്ലാം തീരും . ചെടികള്‍ക്കെല്ലാം പുതു നാമ്പുവരും.അപ്പോള്‍ വെള്ളി മേഘങ്ങളു വീണ്ടും പറഞ്ഞു. അയ്യോ ചങ്ങാതീ ഞങ്ങളോടും കടലമ്മ ഇതു പറഞ്ഞതാണ്. പക്ഷെ അപ്പോള്‍ വെള്ളമായിക്കഴിയുമ്പോള്‍ പിന്നെ നമ്മള്‍ മേഘങ്ങളങ്ങില്ലാതെ വരില്ലേ...അതുകൊണ്ട് ഞങ്ങളു പറഞ്ഞു ഞങ്ങള്‍ക്ക് ആ ജോലി വയ്യെന്ന്.
അപ്പോള്‍ കാര്‍മേഘം പറഞ്ഞു. നമ്മളില്ലാതായാലും നമ്മളു മുഖാന്തിരം ഭൂമിയ്ക്ക് എത്ര മാത്രം ഉപകാരമായി എന്ന് നിങ്ങളോര്‍ക്കാത്തതെന്തേ... അപ്പോള്‍ വെള്ളി മേഘത്തുണ്ടുകള്‍ കാര്‍ മേഘത്തിനോടു പറഞ്ഞു. ശരിയാണ് ചങ്ങാതീ.. നീ ഞങ്ങടെ കണ്ണു തുറപ്പിച്ചു. മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യുന്ന നിന്നെപ്പോലെ ഞങ്ങളും കടലമ്മയുടെ അടുക്കല്‍ പോയി നീരാവി കൊണ്ടുവരാം. നീ ഓടിപ്പൊയ്ക്കോ. ഞങ്ങളും ദേ പുറകേ എത്തിക്കഴിഞ്ഞു. അതുപറഞ്ഞ് അവരും കളി മതിയാക്കി, കാര്‍മേഘത്തിനെ പ്പോലെ നീരാവിയും വഹിച്ച് കാര്‍മേഘമായി ഭൂമിയില്‍ മഴ പെയ്യിച്ചു.അങ്ങിനെ ഭൂമിയിലെ വരള്‍ച്ച എല്ലാം പോയി.

Friday, January 20, 2012

കുഞ്ഞാറ്റക്കുരുവിയും കുഞ്ഞുവാവയുംകുഞ്ഞാറ്റക്കുരുവി അതു വഴിപോയപ്പോളാണ് ആ വീടിന്‍റ തിണ്ണയിലിരുന്ന് കുഞ്ഞു വാവ കരയുന്നതു കണ്ടത്. കുഞ്ഞാറ്റക്കുരുവിയുടെ കൂട് കുഞ്ഞുവാവയുടെ വീടിന്‍റ മുറ്റത്തെ
കിളി മരത്തിലായിരുന്നു. കരുവിക്ക് മൂന്നു കുഞ്ഞുങ്ങളായിരുന്നു. കുരുവി കുഞ്ഞുങ്ങള്‍ക്ക് ആഹാരം തേടി പോയതായിരുന്നു. അപ്പോഴാണ് കുഞ്ഞുവാവ കരയുന്നതു കണ്ടത്.
എളുപ്പം തന്നെ കുഞ്ഞാറ്റക്കുരുവി കുഞ്ഞുവാവയുടെ അടുത്തുചെന്നിട്ടു് ഒന്നു വട്ടമിട്ടു പറന്നു. അപ്പോള്‍കുഞ്ഞുവാവ അതിശയത്തോടു കൂടി കുഞ്ഞാറ്റക്കുരുവിയെ നോക്കി.
കുഞ്ഞുവാവ കരച്ചിലും നിര്‍ത്തി.   കുഞ്ഞുവാവയോട് കുഞ്ഞാറ്റക്കുരുവി ചോദിച്ചു. കുഞ്ഞാവെ കുഞ്ഞാവേ എന്തിനാണു കരഞ്ഞത്.? അപ്പോള്‍കുഞ്ഞുവാവ കുരുവിയോടു പറഞ്ഞു.  അതു കുഞ്ഞാറ്റക്കുരുവി ഞാനുറങ്ങിയെണീറ്റു വന്നപ്പോളെനിയ്ക്ക് ഭയങ്കര വിശപ്പ്. വിശന്നിട്ടാണ് ഞാന്‍കരഞ്ഞത്.
     കുഞ്ഞാറ്റക്കുരുവി അപ്പോള്‍കുഞ്ഞുവാവയോടു പറഞ്ഞു. കുഞ്ഞുവാവേ..ദേ ആ കൂട്ടിന്നുള്ളിലേയ്ക്കു നോക്കിയേ.അതിനകത്ത് മൂന്നു കുരുവിക്കുഞ്ഞുങ്ങളുണ്ട്.   കുഞ്ഞുവാവ പറഞ്ഞു. അതു ഞാനെപ്പോഴും കാണുന്നതല്ലെ. കുഞ്ഞാറ്റക്കുരുവിയുടെ കുഞ്ഞുങ്ങളെ അമ്മ കാണിച്ചു തന്നിട്ടുണ്ട്. കുരുവി വീണ്ടും പറഞ്ഞു. അതിലൊരെണ്ണമെങ്കിലും കരയുന്നോ എന്നു നോക്കിയ്ക്കേ.അപ്പോള്‍കുഞ്ഞുവാവ പറഞ്ഞു. ഇല്ലല്ലൊ. ഒരു കുരുവിക്കുഞ്ഞുപോലും കരയുന്നില്ല.അപ്പോള്‍ വീണ്ടും കുഞ്ഞാറ്റക്കുരുവി പറഞ്ഞു. അവര് ഞാന്‍തീറ്റകൊണ്ടുചെല്ലുമ്പോള്‍മാത്രമേ വാ പൊളിയ്ക്കുകയുള്ളു. അല്ലാതേ കുഞ്ഞുവാവേപോലെ വിശക്കുന്നേന്നും പറഞ്ഞ് എപ്പോഴും ഇങ്ങനെ കരഞ്ഞോണ്ടിരിക്കുകയില്ല. അവര്‍ക്കറിയാം അവരുടെ അമ്മയായ ഞാന്‍അവര്‍ക്കു കഴിയ്ക്കാന്‍തീറ്റയുമായി ചെല്ലുമെന്നുള്ളത്.  എനിയ്ക്ക് അത് നല്ല ഓര്‍മ്മയുണ്ട്
എന്നുള്ളതവര്‍ക്കറിയാം.അതേപോലെ കുഞ്ഞുവാവയുടെ അമ്മയ്ക്കും കുഞ്ഞുവാവേപ്പറ്റി നല്ല ഓര്‍മ്മയുണ്ട്. ആഹാരവും കൊണ്ട് ഇപ്പോള്‍കുഞ്ഞുവാവയുടെ അമ്മയെത്തും.

വീണ്ടും കുരുവി കുഞ്ഞുവാവയുടെ ചുറ്റിനും ഒന്നുകൂടി പറന്ന് വട്ടമിട്ടു. അപ്പോഴേയ്ക്കും കുഞ്ഞുവാവവേടെ അമ്മ ഒരു ഗ്ലാസ്സില്‍കുഞ്ഞുവാവയ്ക്കു കുടിയ്ക്കാനുള്ള പാലുമായി വരുന്നതു കണ്ടു. അതു കണ്ടപ്പോള്‍കുഞ്ഞുവാവ പറഞ്ഞു. കുഞ്ഞാറ്റക്കുരുവി പറഞ്ഞതെത്ര സത്യം. അപ്പോള്‍കുഞ്ഞാറ്റക്കുരുവി വീണ്ടും കുഞ്ഞുവാവയോടു പറഞ്ഞു.  നോക്കു എപ്പോഴും അമ്മമാരുടെ മനസ്സില്‍കുഞ്ഞുങ്ങളെപ്പറ്റിയായിരിക്കും ചിന്ത. അവര്‍ക്കു വിശക്കുന്നതിനു  കൊടുക്കാനുള്ള ആഹാരത്തിനെപ്പറ്റിയും അവരെ കുളിപ്പിക്കുന്നതിനേപ്പറ്റിയും അവരെ ഉടുപ്പിടീക്കുന്നതിനെപ്പറ്റിയും. അവര്‍ക്കു കുഞ്ഞിക്കഥകള്‍പറഞ്ഞു കൊടുക്കുന്നതിനെപ്പറ്റിയും ഒക്കെയായിരിക്കും വിചാരം. അതിനു നിങ്ങള്‍കുഞ്ഞുങ്ങളു കരയണമെന്നൊന്നും ഇല്ല.
സമായസമയങ്ങളില്‍എല്ലാം തരും. അതു പറഞ്ഞോപ്പോളേയ്ക്കും കുഞ്ഞുവാവയുടെ അമ്മ അടുത്തെത്തി. കുഞ്ഞുവാവ പാലൊക്കെ കുടിച്ച് വിശപ്പു മാറ്റി.  കുഞ്ഞാറ്റക്കുരുവി അങ്ങു പറന്നും പോയി. അങ്ങനെ കുഞ്ഞാറ്റക്കുരുവിയും കുഞ്ഞുവാവയും നല്ല കൂട്ടുകാരുമായി.