Tuesday, September 20, 2011

പുല്‍ ക്കൊടി തുമ്പും മഞ്ഞിന്‍കണവും



ഒരു കുന്നിന്റെ ചെരിവില്‍ പച്ചപ്പരവതാനി വിരിച്ചപോലെ നല്ല ഒരു പുല്‍ മേടുണ്ടായിരുന്നു.
ആ പുല്‍ മേട്ടിലെ ഒരു പുല്‍ ക്കൊടിയുടെ തുമ്പിലൊരു മഞ്ഞു തുള്ളി നല്ല ചന്തത്തിലിരിക്കുകയായിരുന്നു.കുറച്ചു കഴിഞ്ഞപ്പോള്‍ രണ്ടുപേരും കൂടി നല്ല വഴക്കായി.
അവരുടെ രണ്ടു പേരുടെയും ഒച്ചത്തിലുള്ള വഴക്കു കേട്ടിട്ടാണ് ആ പൂന്തേന്‍കുരുവി അങ്ങോട്ടു ചെന്നത്. മറ്റുള്ള ചെടികളും അതു കേട്ടോണ്ടു മിണ്ടാതെ വിഷമത്തില്‍ നില്‍ക്കുകയായിരുന്നു. കുരുവി ചെന്ന് തുമ്പക്കുടത്തിനോടാണ് ആദ്യം തിരക്കിയത്. തുമ്പക്കുടം പറഞ്ഞു.ഞാനെല്ലാമൊന്നും കേട്ടില്ല ചങ്ങാതീ...ഇവിടെയൊരു തേനീച്ച വന്നു.ഞാനവള്‍ക്ക് കുറച്ചുതേനും കൊടുത്ത് കുശലം പറഞ്ഞോണ്ടിരിക്കുംമ്പം ആ പുല്‍ ക്കൊടി അതിന്‍റെ തുമ്പിലിരിക്കുന്ന മഞ്ഞിന്‍കണത്തിനെ ഒന്ന് കുലുക്കിയിടാന്‍  ആ വഴിവന്ന ഇളം കാറ്റിനോടു പറയുന്നതുകേട്ടു. അപ്പോള്‍ തന്നെ എനിക്കു മനസ്സിലായി അവര്‍ തമ്മില്‍ വഴക്കിട്ടുകാണുമെന്ന്.  കാറ്റിനോടു ചോദിച്ചാല്‍  നിനക്ക്  കാര്യമറിയാം.  എനിയ്ക്കറിയില്ല. പൂന്തേന്‍കുരുവി കാര്യമൊന്നറിയണമല്ലോയെന്നു കരുതി   ഇളം കാറ്റിനേ തേടി പൂഞ്ചോലയില്‍ ചെന്നു.  കാറ്റു പറഞ്ഞു. ഞാനൊന്നു കുളിച്ചു കേറീട്ട് വന്ന്  കാര്യം പറയാം പൂന്തേങ്കുരുവീ. ഇളം കാറ്റ് കുളിച്ചുകേറി  വരുന്നിടം വരെ കുരുവി തൊട്ടടുത്ത മുളങ്കാട്ടില്‍ പോയിരുന്നു.കുറച്ചു കഴിഞ്ഞ് ഇളം കാറ്റ്  കുരുവിയിരുന്ന മുളങ്കാട്ടിലേയ്ക്കു ചെന്നു. കാറ്റു പറഞ്ഞു.അവരുതമ്മിലെ വഴക്കിന്‍റെ കാര്യമറിയാനല്ലേ നീ വന്നേ. അതേ ...പൂന്തേങ്കുരുവി പറഞ്ഞു.തുമ്പക്കുടമാണ് നിന്നോടു ചോദിച്ചാലറിയാമെന്നു പറഞ്ഞത്. ശരിയാണ്.ഞാന്‍പറയാം. നീയതറിയുമ്പോള്‍ നിനക്കു ചിരി വരരുത്. പുല്‍ ക്കൊടി തുമ്പിലെ  മഞ്ഞിന്‍കണം സൂര്യ പ്രകാശം തട്ടി  ഏഴു വര്‍ണ്ണങ്ങളും ആയി ഒരു പളുങ്കു മണിപോലെ ഇരിക്കുന്നതു നീ  കണ്ടില്ലേ..  ആ ഏഴു വര്‍ണ്ണങ്ങളാല്‍  ശോഭിച്ചിരിക്കുന്നത് അവളിരിക്കാന്‍ ഇടം നല്‍കിയതുകൊണ്ടാണെന്നാണ് പുല്ലു പറയുന്നത്. അതുകൊണ്ടല്ലാ,  ജനിച്ചപ്പോഴേ ഉള്ള വര്‍ണ്ണങ്ങളാണെന്നാണ് മഞ്ഞിന്‍കണം പറയുന്നത്.പൂന്തേന്‍കുരുവി ഇതുകേട്ട് ചിരിച്ചുകൊണ്ട് ഇളം കാറ്റിനോടു പറഞ്ഞു. ഇതുകേട്ടാലാരും ചിരിച്ചുപോവും. നീ പറഞ്ഞത് വളരെ ശരിയാണ് . ബാലിശമായ വാദഗതിയാണ് രണ്ടുപേരും പറയുന്നത്.  ഏതായാലും ഇതൊരു ഗൌരവമായ കാര്യമാണ്.നമ്മളിതിലിടപെട്ടില്ലെങ്കില്‍കണ്ണിനു കൌതുകവും മനസ്സിന് സന്തോഷവും കിട്ടുന്ന ഒരു നല്ല കാഴ്ച നമുക്ക് നഷ്ടപ്പെടും. അതുകൊണ്ട് ഇളം കാറ്റേ നീ കൂടെ കൂട്ടിനു വരൂ നമുക്ക് അവരുടെ വഴക്കു തീര്‍ക്കാം. അങ്ങിനെ ഇളം കാറ്റില്‍ തെന്നി തെന്നി പൂന്തേന്‍കുരുവി പുല്‍ ക്കൊടിയുടെ സമീപത്തെത്തി. അപ്പോഴും അവര്‍ തമ്മില്‍  വഴക്കടിച്ചുകൊണ്ടിരിക്കുകയായിരുന്നു.  ഇളം കാറ്റ് അവരെ രണ്ടുപേരേയും   ഒന്നു തഴുകി തലോടി. അപ്പോളവരൊന്നു തണുത്തു.  ദേഷ്യം കുറച്ചൊന്നു കുറഞ്ഞു. പൂന്തേന്‍  കുരുവിയാണ് തുടക്കമിട്ടത്.നിങ്ങളുടെ വഴക്കിന്‍റെ കാര്യം ഞാനറിഞ്ഞു   പുല്‍ ക്കൊടിയേ.... ....മഞ്ഞിന്‍കണമേ...ഞാന്‍പറയുന്ന കാര്യങ്ങള്‍  നിങ്ങള്‍ശ്രദ്ധിച്ചു കേട്ടാലും , അതാ ആ നില്‍ക്കുന്ന സൂര്യനേ നോക്കൂ...ഈ ഭൂമിയിലെ എല്ലാ ജീവികള്‍ക്കും  വെളിച്ചമേകാന്‍  സ്വയം  നിന്നു കത്തുന്നതു കണ്ടില്ലേ? അതേപോലെ ഈ ഭൂമിയെ നോക്കൂ , ഈ കണ്ട വൃക്ഷ ലതാദികള്‍ക്കും പക്ഷി മൃഗാദികള്‍ക്കും എല്ലാം ഇരിപ്പടം കൊടുക്കുന്നില്ലേ... അവരെല്ലാം ഈ ഭൂമിയില്‍ അല്ലേ താമസിക്കുന്നത്.  ഈ ഇളം കാറ്റിന്‍റെ കാര്യം തന്നെയെടുക്ക്..എന്നും എല്ലാത്തിനേം തഴുകി തലോടി കുളിരേകി അവന്‍ കടന്നു പോകുമ്പോളെല്ലാവര്‍ക്കും എന്തൊരാശ്വാസമാണ്. നിങ്ങള്‍ രണ്ടുപേരും എന്നെ നോക്കുക.. എന്‍റെ വളഞ്ഞ ചുണ്ടുകള്‍  കൊണ്ട് എനിയ്ക്ക് പൂന്തേന്‍മാത്രമേ ഭക്ഷിക്കുവാന്‍പറ്റൂ. എല്ലാ പൂക്കളും എനിയ്ക്കായി പൂന്തേനൊരുക്കി കാത്തു നില്‍ക്കും.ഈ ലോകത്ത് പരസ്പരം സഹായം കിട്ടാതെ ഒന്നിനും നിലനില്‍ക്കാന്‍ പറ്റുകയില്ലയെന്ന് ഇത്രയും കേട്ടപ്പോള്‍ നിങ്ങള്‍ക്കു മനസ്സിലായില്ലേ.   അതു കേട്ടപ്പോള്‍ മഞ്ഞു തുള്ളിയുടെയും പുല്‍ ക്കൊടിയുടേയും വഴക്കു തീര്‍ന്നു .   അവരുടെ തെറ്റു മനസ്സിലാക്കി  അവര്‍ അന്യോന്യം കെട്ടിപ്പിടിച്ചു മുത്തം കൊടുത്തു.