Monday, November 10, 2014

എന്നോടെന്തിനീക്രൂരത

 .ഞാനൊരുപാവം പിടിയാനയാണ്.
                    കൂട്ടുകാരെ കേട്ടോളു., ഇവര്‍ എന്നോടു ചെയ്യുന്ന ക്രൂരത! ഞാന്‍ കാട്ടില്‍ കളിച്ചു നടന്ന കാലത്താണ് ചതിക്കുഴി ഉണ്ടാക്കി  അവരെന്നെ വീഴ് ത്തിയത്.. നാട്ടില്‍ കൊണ്ടുവന്ന പ്പോള്‍ അവരെന്നോട് നല്ല സ്നേഹത്തിലാണ് പെരുമാറിയത്. അവരെന്നു പറഞ്ഞാല് മനുഷമ്മാര്.പിന്നെ പിന്നെ അവര്‍ ഉപദ്രവിക്കാന്‍ തുടങ്ങി
. എടത്തിയാനെ വലത്തിയാനെ എന്നൊക്കെ പറയും. അവരുടെ ഭാഷ --എനിയ്ക്കൊട്ട് അറിയുകയും ഇല്ല. അവരു പറയുന്നത് അനുസരിച്ചില്ലെങ്കില്‍  നീളമുള്ള ഒരു വടിവെച്ച് എന്‍റ പുറം അടിച്ചു പൊളിക്കും. വേദന കൊണ്ട് ഞാന്‍ ബ്രാ..............എന്ന് കരയും.
  പിന്നെ ഇരുമ്പിന്‍റ ഒരു വടിയും കാണും .  അറ്റം വളഞ്ഞ ആ വടിക്ക് ആനത്തോട്ടിയെന്നാണ് പേര്. അതു വെച്ച് എന്‍റെ ചെവീടെ പുറകിലിട്ട് ആഞ്ഞു കുത്തും. എന്നെ നയിച്ചോണ്ടു പോകുന്നത്  മെലിഞ്ഞുണങ്ങി അശുവായ രണ്ടു പാപ്പാന്മാരാണ്. ഒരു വലിയ പാപ്പാനും ഒരു ചെറിയ പാപ്പാനും.
 അവരുടെ വിചാരം അവരെ പേടിച്ചിട്ടാണ്  അവരു പറയുന്നതുപോലെ  ഞാനെല്ലാം  ചെയ്യുന്നതാണെന്നാണ്. അതൊന്നുമല്ല കൂട്ടുകാരെ. എനിക്ക് അവരെക്കാളും എത്ര വലിയ ശക്തിയുണ്ടെന്നോ.... ഞാനൊന്നു തോണ്ടിയാല്‍ അവര്‍ ദൂരെ കിടക്കും.
       ഇനി എന്നെക്കൊണ്ടു ചെയ്യിക്കുന്ന പണി എന്താണെന്നു നിങ്ങള്‍ക്കു കേള്‍ക്കണോ. കാട്ടിലെ കൂപ്പില്‍ കൊണ്ടു പോയി തടി പിടിപ്പിക്കല്‍. കൂപ്പെന്നു പറഞ്ഞാല്‍ ഒരുപാടു മരങ്ങള്‍ വെട്ടിയെടുക്കന്‍ പ്രത്യേകം തിരിച്ചു വെച്ചിട്ടുള്ള സ്ഥലം. അവിടെ വെട്ടിയിടുന്ന തടിയെല്ലാം പൊക്കി എടുത്തോണ്ട് ദൂരെ ലോറി കിടക്കുന്നിടത്തു കൊണ്ടു പോയി ഇടണം. എനിക്കാണേല്‍ കൊമ്പും ഇല്ല. അതിനവരു ചെയ്യുന്ന പണി എന്താണെന്നോ! വലിയ വടം തടിയില്‍ ചുറ്റിയിട്ട് അതിന്‍റെ മറ്റെയറ്റം എന്‍റ അണപ്പല്ലുവെച്ച് കടിച്ചു പിടിപ്പിക്കും. എന്നിട്ട് തുമ്പിക്കൈ ചുറ്റി വലിക്കണം.
 എന്‍റെ കഷ്ടപ്പാടു നിങ്ങളൊന്നു ഓര്‍ത്തു നോക്കിക്കേ. എന്നിട്ടൊരു പറച്ചിലും, തടിപിടിക്കാന്‍ പിടിയാനെയാണ് ഏറ്റവും പറ്റിയതെന്ന്!
     പിന്നെ വേറൊരു സങ്കടം എന്താണെന്നു വെച്ചാല്‍ ആഹാരോം നേരെ ചൊവ്വേ തരത്തില്ല.. എന്‍റ ഉടമസ്ഥനോട് എനിക്കുള്ള ആഹാരം വാങ്ങിക്കാനുള്ള പൈസ       കണക്കു പറഞ്ഞ് വാങ്ങും എന്നിട്ട് അതും പാപ്പാന്മാരങ്ങ് പിടുങ്ങും.എന്തു ചെയ്യാം, ഞാനൊരു മിണ്ടാപ്രാണി യായിപ്പോയില്ലേ.

     നിങ്ങളോടു ഞാനൊരു കാര്യം പറയാം. നല്ല രസമാണേ. കേട്ടോളു. ഒരു ദിവസം ഇതേ പോലെ എന്നെ ഒരിടത്ത്  തടിപിടിപ്പിക്കാന്‍ കൊണ്ടുപോയി. എനിയ്ക്ക് എടുക്കാവുന്നതിലും വലിയ ഭാരമുള്ള മൂന്നു തേക്കും തടിയായിരുന്നു. വലിയാനെ..വലിയെടീ എന്നും പറഞ്ഞ് ആ  തോട്ടിവെച്ച് എന്‍റ കാലിലിട്ട് കുത്തുവേം അടിക്കുകേം ഒക്കെചെയ്ത് എന്നേക്കൊണ്ട് ആ മൂന്നുതടീം പിടിപ്പിച്ചു ദൂരെക്കൊണ്ടിടീച്ചു കൂട്ടുകാരെ. എന്നിട്ട് ഒരു തെങ്ങോല പോലും എനിക്കു വെട്ടിത്തന്നില്ല. അതും പോരാഞ്ഞ് എന്നെ ഒരു കടേടെ മുമ്പിക്കൊണ്ടു നിര്‍ത്തി  ഞാന്‍ വിശന്നു പൊരിയവേ, എന്‍റ പാപ്പന്മാര്‍ വയറു നിറയെ ആഹാരം കഴിച്ചു.
 അവര്‍ എന്നെ  ഒരു മരത്തിന്‍റ ചോട്ടില്‍ തളച്ചിട്ട് കിടന്നുറങ്ങുവാരുന്നു. ഞാനിവിടെ വെശന്നു പൊരിഞ്ഞു നിക്കുവായിരുന്നു. അവരുറങ്ങി കിടന്നപ്പം രണ്ടിനേം  ഫുട്ബാളു തട്ടുന്നതുപോലെ ഒരു തട്ടു കൊടുത്തു. ചെറുതായിട്ടേ തട്ടിയുള്ളു കേട്ടോ. അവരു രണ്ടും ദൂരെ ചെന്നു കിടന്നു. ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്നും പറഞ്ഞ് ഞാനും നിന്നു.
   അവര്‍ക്ക് കാര്യം പിടികിട്ടി.  അവളു വിശന്നു നിക്കുവാണെന്ന് രണ്ടുപേരും കൂടി പറയുന്നതു കേട്ടു. കുറച്ചു കഴിഞ്ഞപ്പം ഒരു കുല പഴം ദേ എന്‍റ മുമ്പില്‍. ഞാന്‍ കുശാലായി തിന്നു. അന്നെനിക്കു മനസ്സിലായി, പ്രതികരിക്കാതിരുന്നാലീ മനുഷമ്മാര്  നടുവൊടിയുന്നതുവരെ പണി എടുപ്പിക്കും എന്നിട്ട് പട്ടിണിക്കിടുകേം ചെയ്യുമെന്ന്.
  ഞങ്ങളിങ്ങനെ ഇടയ്ക്കിടയ്ക്ക് പിണങ്ങുന്നതിനാണ് അവരു പറയുന്നത് ആന ഇടഞ്ഞേ..ആള്‍ക്കാരെ ഉപദ്രവിച്ചേ... എന്നൊക്കെ. ഞങ്ങളോടു ചെയ്യുന്ന ക്രൂരത ആരും പറയുന്നുമില്ല. അറിയുന്നുമില്ല. ഞങ്ങളു പിണങ്ങിയാമാത്രം എല്ലാവരുമറിയുകേം ചെയ്യും. അതു ശരിയാണോ കൂട്ടുകാരെ? നിങ്ങളുതന്നെ ഉത്തരം പറ.

Saturday, June 14, 2014

ഞങ്ങളെ രക്ഷിച്ചാല്‍ നിങ്ങള്‍ക്കു കൊള്ളാം.

ക്രോം ക്രോം..... ക്രോം........ ക്രോം
കൂട്ടുകാരെ,നിങ്ങളീ ശബ്ദം എവിടെയെങ്കിലും കേള്‍ക്കുന്നുണ്ടോ? ഒരു പക്ഷേ നിങ്ങള് ഇല്ലെന്നായിരിക്കും പറയുന്നത്. പക്ഷേ നിങ്ങളുടെ അച്ഛനോടും മുത്തച്ഛനോടും ഒക്കെ ചോദിച്ചാല്‍ അവര്‍ പറയും  അവര്‍ കേട്ടിട്ടുണ്ടെന്ന്.ഇതു കേള്‍ക്കുകയാണെങ്കില്‍ അവര്‍ പറയും...ദേ തവളകരയുന്നു.   ഇന്നു മഴപെയ്യും.തീര്‍ച്ച.ശരിയാണ് മാനത്തു മഴക്കാറു വരുമ്പോള്‍ ഞങ്ങള്‍ക്കുത്സാഹമാണ്. മഴപെയ്ത് തോടും കുളവും ഒക്കെ നിറയുമ്പോള്‍ ഞങ്ങള്‍ കുത്തിമറിഞ്ഞ് നീന്തി തുടിയ്ക്കും.
 എന്തു ചെയ്യാം. അതൊക്കെ ഒരു ഓര്‍മ്മ മാത്രമായി. ഇപ്പോള്‍ ഞങ്ങളുടെ വംശം അറ്റുപോയി എന്നുതന്നെ പറയാം.വല്ല പൊന്തക്കാട്ടിലോ കുളത്തിലോ അവിടവിടെയായി ഞങ്ങളുടെ കൂട്ടര്‍ഒന്നോ രണ്ടോ വല്ലതും നുള്ളിപ്പെറുക്കിയാല്‍ കാണും. അത്ര തന്നെ.
 അതു കൊണ്ടാണല്ലൊ കൂട്ടുകാരെ ഞങ്ങളെ സംരക്ഷിക്കുവാന്‍ ഏപ്രില്‍ 27എന്നൊരു ദിവസം  പോലും ഉണ്ട്. പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ.കെറിക്രിഗര്‍ ആണ് ഇതിനു പിന്നില്‍.
കൊച്ചു കൂട്ടുകാരെ നിങ്ങള്‍ക്കൊരു കാര്യം അറിയാമോ?36 കോടി വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഞങ്ങളീ ഭൂമിയിലുണ്ടായിരുന്നു.ഞങ്ങള്‍ പെറ്റു പെരുകി ഭൂമിയിലെ എല്ലാ സ്ഥലത്തും എത്തിച്ചേര്‍ന്നു.കുളങ്ങളിലും തോടുകളിലും മഴക്കാടുകളിലും ചതുപ്പു നിലങ്ങളിലും ഒക്കെ ഞങ്ങളുടെ വീടൊരുക്കി.
ദിനോസറുകള്‍ ചത്തൊടുങ്ങിയപ്പോഴും ആദി മനുഷന്‍ ഭൂമിയിലുണ്ടായപ്പോഴും ഞങ്ങളിവിടുണ്ടായിരുന്നു.
മനുഷ്യര്‍ക്ക് ഉപദ്രവമുള്ള കൊതുകകളേയും ഈച്ചകളേയും ഒക്കെ  തിന്നു നശിപ്പിക്കുന്ന ഞങ്ങളെ ആദ്യമാദ്യം അവര്‍ക്ക് വലിയ ഇഷ്ടമായിരുന്നു.
പിന്നീട് ഏതോ ഒരു ദുഷ്ടന്‍ ഞങ്ങളില്‍ഒന്നിന്‍റെ കാല് അറുത്ത് ഭക്ഷണമൊരുക്കി.നല്ല രുചി പിടിച്ചു. അതോടെ ഞങ്ങടെകഷ്ടകാലം തുടങ്ങി എന്നു പറയാം.രാത്രികാലങ്ങളില്‍ വലിയ പെട്രോമാക്സ് വിളക്കുമായി വന്ന് ഞങ്ങളെ കൂട്ടത്തോടെ പിടിച്ചു. അങ്ങനെ തവളപിടുത്തക്കാര്‍  ഞങ്ങളുടെ ഇറച്ചി വിറ്റ് സമ്പാദിക്കുവാന്‍തുടങ്ങി.
അങ്ങനെ അങ്ങനെ ഞങ്ങളുടെ വംശം അറ്റു എന്നു തന്നെ പറയാം.
ഇവകൂടാതെ ഞങ്ങള്‍ക്കു താമസിക്കുവാനുള്ള കുളവും തോടും ചതുപ്പും ഒക്കെ നികത്തി വലിയ വലിയ കോണ്‍ക്രീറ്റു കെട്ടിടങ്ങളും ഉണ്ടാക്കി.അതും ഞങ്ങളുടെ വംശ നാശത്തിന് ഭീക്ഷണിയായി.
ചുരുക്കം പറഞ്ഞാല്‍ കൂട്ടുകാരെ ഞങ്ങളില്ലാത്തതു കൊണ്ട് കൊതുകുകള്‍ പെരുകി. പുതിയ പുതിയഅസുഖങ്ങളും വന്നു.തക്കാളിപ്പനി,ഡങ്കിപ്പനി,ചിക്കന്‍ഗുനിയ എല്ലാം പടര്‍ന്നുപിടിച്ചു.ഇപ്പോള്‍ ദേ ഞങ്ങളെരക്ഷിയ്ക്കാനുള്ളശ്രമങ്ങള്‍ മനുഷ്യര്‍ തുടങ്ങിയിട്ടുണ്ട്.
ഞങ്ങളെ രക്ഷിച്ചാല്‍ നിങ്ങള്‍ക്കു കൊള്ളാം.