Friday, April 29, 2016

കുഞ്ഞനും കൂനനും


കുഞ്ഞനണ്ണാനും കൂട്ടുകാരന്‍ കൂനനണ്ണാനും കൂടി മത്സരിച്ച് മാവിന്‍റെ ചുവട്ടില്‍ഓടി ചാടി മാങ്ങയണ്ടി പെറുക്കി കൂട്ടിക്കൊണ്ടിരുന്നു.മാവിന്‍റ ചില്ലയിലിരുന്ന് മാങ്ങ തിന്നുകൊണ്ടിരുന്ന കറുമ്പികാക്ക അവരോടുചോദിച്ചു,എടാ കുഞ്ഞാ നീയും കൂട്ടുകാരനും കൂടി അവിടെ  ഓടിച്ചാടി എന്താണു പെറുക്കുന്നത്. അപ്പൊ കുഞ്ഞന്‍ പറഞ്ഞു..അതേയ് ഞങ്ങളീ മാങ്ങയണ്ടിയെല്ലാം പെറുക്കിയെടുക്കുകയാ കറുമ്പിചേച്ചീ.കറുമ്പി ചിരിച്ചോണ്ടു ചോദിച്ചു മാങ്ങയണ്ടിയോ, അതെന്തിന്. കുഞ്ഞന്‍ പറഞ്ഞു... അതോ അതു മഴക്കാലത്തേയ്ക്ക് തിന്നാനാണേ, മഴക്കാലം വറുതിക്കാലമല്ലോ, തിന്നാനൊന്നും കാണത്തില്ല. അപ്പോഴിതിനകത്തിരിക്കുന്ന പരിപ്പെടുത്തു തിന്നാം. കറുമ്പി അതിശയത്തോടെ പറഞ്ഞു...ങാഹാ.അതുകൊള്ളാമല്ലൊ. ഇപ്പോഴല്ലെ വയറു നിറയെ മാമ്പഴം തിന്നോണ്ട് മാവേന്ന് ചാടിപ്പോയത്.ഞാന്‍ വിചാരിച്ചു മാങ്ങയണ്ടി പെറുക്കി കുഴിച്ചിടാനാണെന്ന്. കുഞ്ഞനും കൂനനും കൂടി സംശയത്തില്‍ കറുമ്പിയെ നോക്കി ചോദിച്ചു. കുഴിച്ചിടാനോ, എന്തിന്. കറുമ്പി അവരോട് വിശദമായി പറഞ്ഞു കൊടുത്തു. എടാ പിള്ളാരെ മാവ് നമുക്കു നല്ല മാമ്പഴം തരുന്നു. ഈ വേനലില്‍ നല്ല തണലുതരുന്നു. ദാ നോക്ക് എന്തോരം കുട്ടികളാണ് മാവിന്‍റെ തണലില്‍ കളിക്കുന്നതെന്ന്.  ഈ വേനലില്‍ ഇതുപോലുള്ള മാവും ആഞ്ഞിലിയും പ്ലാവും ഒക്കെ നമുക്ക് പഴങ്ങള്‍ മാത്രം തരുകയല്ല ചെയ്യുന്നത്. സൂര്യന്‍റെ ഈ കടുത്ത ചൂടില്‍ നിന്നും നമ്മളെ തണലു തന്ന് രക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട് അവയുടെ വംശം വര്‍ദ്ധിപ്പിക്കാനായി നമ്മള്‍ അതിന്‍റെ വിത്ത് കുഴിച്ചിട്ടണം. അപ്പോള്‍ പുതിയ ഒരു തൈ ഉണ്ടായി വരും.കുഞ്ഞനും കൂനനും കൂടി ഒത്തു ചേര്‍ന്ന് പറഞ്ഞു. ശരി കറുമ്പിചേച്ചി. ഇപ്പോളാണ് ഞങ്ങള്‍ക്ക് കാര്യം മനസ്സിലായത്. ഞങ്ങളിപ്പോള്‍ തന്നെ മാങ്ങയണ്ടി കുഴിച്ചിടും. നാളെ നമ്മുടെ കുട്ടികള്‍ക്കും  മാമ്പഴം തിന്നണ്ടതല്ലേ. സൂര്യന്‍റെ ചൂടില്‍ നിന്നും രക്ഷപ്പെടണ്ടതല്ലെ. മാങ്ങയണ്ടി കുഴിച്ചിട്ടിട്ട് കറുമ്പിചേച്ചി പറഞ്ഞുതന്ന ഈ അറിവ് ഞങ്ങളെല്ലാവരോടും പറഞ്ഞു കൊടുക്കട്ടെ എന്നു  പറഞ്ഞ് കുഞ്ഞനും കൂനനും കൂടി ഛില്‍..ഛില്‍ ചിലച്ചുകൊണ്ട് ചാടിച്ചാടി  കൂട്ടുകാരുടെ അടുത്തേക്കുപോയി .