Friday, June 14, 2013

ഉണ്ണിക്കുട്ടനും കമ്പ്യൂട്ടറും(മാധ്യമം--മലര്‍വാടിയില്‍ പ്രസിദ്ധീകരിച്ചത്)



    സ്ക്കൂളില്‍നിന്നും വന്നു കഴിഞ്ഞാല്‍  നേരെ കമ്പ്യൂട്ടറിന്‍റെടുത്തേയ്ക്കാണ്     ഉണ്ണിക്കുട്ടന്‍  പോകുന്നത്.  കമ്പ്യൂട്ടറില്‍  ഗെയിം കളിയ്ക്കാനിരുന്നാല്‍ പിന്നെ ഉണ്ണിക്കുട്ടന് ഊണും ഇല്ല ഉറക്കവും ഇല്ല. എന്നും അമ്മയുടെയടുക്കല്‍നിന്നും വഴക്കും കേള്‍ക്കും.. അന്നും കുറേ നേരമായിട്ടു കാണാഞ്ഞിട്ടാണ് ഉണ്ണിക്കുട്ടനെ തേടി അമ്മ   മുറിയിലേയ്ക്കു വന്നത്.

അമ്മ അവനോടു പറഞ്ഞു. ഉണ്ണിക്കുട്ടാ  കമ്പ്യൂട്ടറിലെ കളി   മതിയാക്ക് മോനെ പുറത്തു പോയി കളിയ്ക്ക്. എപ്പോഴുംഇതിലിങ്ങനെ കളിച്ചാല്‍ കണ്ണിനു കേടാ. ഉണ്ണിക്കുട്ടന്‍പറഞ്ഞു. അമ്മ പൊയ്ക്കൊ. ദേ ഒരു കളി കൂടി. അതു കഴിഞ്ഞാലിപ്പം വരാം. അടുത്ത കളിയും ഉണ്ണിക്കുട്ടന്‍  കളിച്ചുഴിഞ്ഞു. പിന്നെ വിചാരിച്ചു. ഒരു കളി കൂടി കഴിയട്ടെ.
 അപ്പോളാണ് ഒരു വിളി കേട്ടത്. ഉണ്ണിക്കുട്ടാ..ഉണ്ണിക്കുട്ടന്‍തിരിഞ്ഞും മറിഞ്ഞും നോക്കി. ഈ കംപ്യൂട്ടറില്‍നിന്നാണല്ലോ തന്നെ വിളിയ്ക്കുന്നത്.
  ആ അതെ ഞാന്‍തന്നെയാണ്. നീ കളിയ്ക്കുന്ന കംപ്യൂട്ടര്‍തന്നെ. നിനക്കറിയുമോ.. ഒരുപാടു നേരം എന്നെ പ്രവര്‍ത്തിപ്പിച്ചാല്‍എനിയ്ക്കും കുഴപ്പമാണെന്നുള്ളത്. എന്‍റെ ഉള്ളിലും പല സാധനങ്ങളുമുണ്ട്.  ഇങ്ങനെ ഇടതടവില്ലാതെ എന്നെ പ്രവര്‍ത്തിപ്പിച്ചാല്‍ അതോരോന്നായി ചത്തു  പോകും. എനിയ്ക്കും ഒരു വിശ്രമമൊക്കെ വേണ്ടേ...
ഉണ്ണിക്കുട്ടന്‍ ചോദിച്ചു. കമ്പ്യൂട്ടര്‍ചങ്ങാതീ എന്തൊക്കെയാണീപ്പറയുന്നത്. അപ്പോള്‍വീണ്ടും കമ്പ്യൂട്ടറിനകത്തുനിന്നും പറയാന്‍തുടങ്ങി.
           ഉണ്ണിക്കുട്ടാ..കേട്ടോളൂ. എനിയ്ക്കും ഒരുഹൃദയമുണ്ട്.  ഉണ്ണിക്കുട്ടനാകെ സംശയമായി.  അവനതിശയത്തില്‍ ചോദിച്ചു.  ചങ്ങാതീ..നിനക്കും ഹൃദയമുണ്ടെന്നോ..  കമ്പ്യൂട്ടറുടനെ പറഞ്ഞു. അതെ. പ്രൊസസ്സെറെന്നാണ് ആള്‍ക്കാരതിനെ വിളിയ്ക്കുന്നത്. നിരന്തരമായി എന്നെ പ്രവര്‍ത്തിപ്പിച്ചോണ്ടിരുന്നാല്‍ കുറേ കഴിയുമ്പോളത് ഒരുപാടു ചൂടാകും. അതു തണുക്കാന്‍ ഫാനൊക്കെ അകത്തു പിടിപ്പിച്ചിട്ടുണ്ടെങ്കിലും എല്ലാത്തിനും ഒരു പരിധിയൊക്കെയില്ലേ. ചൂടുകൂടി വന്നാല്‍അതങ്ങു ചത്തുപോകും.
പിന്നെയോ...എനിയ്ക്കും ഒരു തലച്ചോറുണ്ട്. ഉണ്ണിക്കുട്ടന് സംശയമായി . അയ്യോ നിനക്കും തലച്ചോറുണ്ടെന്നോ. ഉണ്ണിക്കുട്ടന് അതിശയമായി. അപ്പോള്‍ വീണ്ടും കമ്പ്യൂട്ടറു പറഞ്ഞു--  ഉണ്ണിക്കുട്ടനു വിശ്വസിയ്ക്കാന്‍ പറ്റുന്നില്ലേ?  ആള്‍ക്കാരതിനെ റാമെന്നും മെമ്മറിയെന്നും ഒക്കെയാണു പറയുന്നത്.  അതും ഒരു വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചാല്‍ കേടാകും.
എന്‍റെ തലച്ചോറു പ്രവര്‍ത്തിക്കാതെയിരിക്കുമ്പോള്‍  നിങ്ങളു പറയും ഞാന്‍ തൂങ്ങി നില്‍ക്കുന്നെന്ന്.
ഇതേപോലെ എന്‍റെയുള്ളില്‍ നിങ്ങളുടെ അവയവങ്ങളെ പോലെ തന്നെ കുറേ സാധനങ്ങളുണ്ട്. നിരന്തരം ഒരു വിശ്രമവും തരാതെ എന്നെ പ്രവര്‍ത്തിപ്പിച്ചാല്‍ അതോരോന്നായി പ്രവര്‍ത്തിക്കാതെ യാകും. അപ്പോള്‍ നിങ്ങളുപറയും കംപ്യൂട്ടറിന്‍റെ പണി തീര്‍ന്നു. അതു ചത്തുപോയി എന്നൊക്കെ.ഒന്നുകൂടി വിശദീകരിച്ചു പറഞ്ഞാല്‍ കംപ്യൂട്ടറിന്‍റെ മദര്‍ ബോര്‍ഡു ചത്തു. ഹാര്‍ഡ് ഡിസ്ക്കു ചത്തു. പവര്‍ സപ്ലൈ പോയി എന്നൊക്കെയാണ്  അപ്പോള്‍ നിങ്ങളു പറയുന്നത്.
ഇത്രയും കേട്ടപ്പോള്‍  ഉണ്ണിക്കുട്ടന്‍പറഞ്ഞു. ചങ്ങാതീ എന്‍റ അറിവില്ലായ്മ കൊണ്ടാണ് ഞാന്‍നിനക്ക് ഒരു വിശ്രമവും തരാതെ ഇങ്ങനെ കളിച്ചു കൊണ്ടിരുന്നത്.
അപ്പോള്‍  വീണ്ടും കമ്പ്യൂട്ടര്‍  ഉണ്ണിക്കുട്ടനോടു പറഞ്ഞു. ഉണ്ണിക്കുട്ടാ ഒരു കാര്യം കൂടി ഞാന്‍പറയാം. പരമ രഹസ്യമാ.. പിന്നെ കുറേ നേരം എന്‍റെ കണ്ണ്--- എന്നു പറഞ്ഞാല്‍നിങ്ങളു കാണുന്ന ഈ സ്ക്രീനില്ലെ അത് ചൂടായിക്കഴിഞ്ഞാല്‍ അതില്‍ നിന്നും ഒരു തരം അപകടകാരിയായ രശ്മികള്‍വരും അതും നിങ്ങടെ കണ്ണിനു കേടാ കേട്ടോ. അതുകൊണ്ട് ആവശ്യത്തിനു മാത്രം നിങ്ങളെന്നോട് കളിയ്ക്കുക. അല്ലാത്തപ്പോളെന്നെ വിശ്രമിയ്ക്കാനനുവദിക്കുക. അതാണ്  നിങ്ങള്‍ക്കും എനിയ്ക്കും നല്ലത്. ഉണ്ണിക്കുട്ടന്‍പറഞ്ഞു. ശരി ചങ്ങാതീ. നീയൊരു നല്ല ചങ്ങാതി തന്നെയാ. ഇത്രയും നല്ല കാര്യങ്ങളും നീ എനിയ്ക്കു പറഞ്ഞു തന്നല്ലോ. ഇനിയും ഞാനാവശ്യത്തിനു മാത്രമെ നിന്നെ പ്രവര്‍ത്തിപ്പിക്കുകയുള്ളു. പിറ്റെ ദിവസം തൊട്ട് ഉണ്ണിക്കുട്ടന്‍ വൈകിട്ടു വന്നാല്‍  കൂട്ടുകാരുമായി മുറ്റത്തും പറമ്പിലുമൊക്കെ പോയി കളിച്ചു തുടങ്ങി.വളരെ കുറച്ചു സമയം അത്യാവശ്യത്തിന് വിവരങ്ങള്‍ ശേഖരിയ്ക്കാന്‍ മാത്രം കംപ്യൂട്ടറുപയോഗിച്ചു