Tuesday, January 27, 2015

അമ്മുവും കാത്തുവും നിങ്ങളോട്...





കൂട്ടുകാരെ, ഞാന്‍ കാത്തുവിനെ കാത്ത് ഈ മരത്തിലിരിക്കാന്‍ തുടങ്ങീട്ട് കുറേ നേരമായി. അവളെ ഇവിടെങ്ങും കാണുന്നില്ല. നിങ്ങളവളെ എവിടേലും കണ്ടോ. എന്നെ നിങ്ങള്‍ക്കറിയാമോ?. ഞാനാണ് അമ്മു, അമ്മു വേഴാമ്പല്‍. ഈ നാടായ നാടൊക്കെ നിങ്ങള് എന്നെ നല്ല ഉടുപ്പും ഒക്കെ ഇടീച്ചോണ്ട് എത്രയോ ദിവസമായിട്ട് ദേശീയഗെയിംസിന്‍റെ വിളംബര ഘോഷയാത്ര നടത്തുകയായിരുന്നില്ലേ. ഈ മരത്തേല്‍ ഇരുന്ന്  ഞാനിപ്പോളൊന്നു വിശ്രമിക്കുകയാ.
നിങ്ങളില്‍ ആര്‍ക്കെങ്കിലും എന്നെ  അറിഞ്ഞുകൂടെങ്കില്‍ ഞാന്‍ പറയാം. ഞാനാണ് ദേശീയഗെയിംസിന്‍റെ ഭാഗ്യചിഹ്നമായ അമ്മുവേഴാമ്പല്‍.ഞാനിങ്ങനെ കൂട്ടുകാരുമായി നല്ല ഉടുപ്പൊക്കെ ഇട്ടു പോകുമ്പോഴാണ് മറ്റൊരുഭാഗ്യചിഹ്നമായകാത്തൂനെ കാണുന്നത്. അതാരാണെന്നു നിങ്ങള്‍ക്കറിയത്തില്ലെങ്കില്‍ അതും ഞാന്‍ പറഞ്ഞു തരാം. അതാണ് ശുചിത്വമിഷന്‍റെ ഭാഗ്യചിഹ്നമായ കാത്തുകാക്ക. അങ്ങനെ ഞങ്ങളുരണ്ടുപേരും നല്ല കൂട്ടുകാരായി. ദിവസത്തില്‍ ഒരു സമയം ഞങ്ങളു രണ്ടുപേരും ഈ ആലിന്‍റെ ശിഖരത്തില്‍ ഒത്തുകൂടും എന്നിട്ട് അന്നന്നത്തെ വിശേഷം എല്ലാം പങ്കുവെയ്ക്കും. അങ്ങനെ ഇന്നിവിടെ ഈ ആലിന്‍റെ ശിഖരത്തില്‍ പഴുത്ത ആലിന്‍കായും തിന്ന് കാത്തൂനെ കാത്ത് ഞാനിരിക്കാന്‍ തുടങ്ങിയിട്ട് കുറേ നേരമായി. അവളിതുവരെ വന്നില്ല.  ഞാന്‍ പോകാനൊരുങ്ങിയപ്പോള്‍ അതാ അവള് തിടുക്കത്തില്‍ ഓടിക്കിതച്ചു പറന്നു വരുന്നു.
വന്നപാടെ അവളുപറഞ്ഞു: “ അമ്മുചേച്ചി ....ഓ... ഇന്നത്തെ ദിവസം.  ഭക്ഷണം കഴിച്ചിട്ടേയില്ല. വിശന്നു വലഞ്ഞു.ഞാനഞ്ചാറd ആലുംപഴം കഴിച്ചിട്ടു നമുക്കു
സംസാരിക്കാം.
കാത്തുവയറു നിറയെ ആലിന്‍പഴം തിന്നുന്നതുവരെ ഞാനൊന്നും അവളോട് ചോദിച്ചില്ല. എനിയ്ക്കറിയാം അവളുവിശന്നു വലഞ്ഞ് വരുകയാണെന്ന്. വയറു നിറഞ്ഞപ്പോള്‍ അവള്‍ കാ..കാ.. എന്നുരണ്ടു കരച്ചിലൊക്കെ കരഞ്ഞ് ചിറകൊക്കെ കുടഞ്ഞ് ഉഷാറായി.
അപ്പോള്‍ ഞാനവളോടു ചോദിച്ചു:” കാത്തുപ്പെണ്ണേ നീ ഇനി കാര്യം പറ. നിനക്കിന്നെന്താ പറ്റിയത്.
 അപ്പോളവളു പറഞ്ഞു തുടങ്ങി.: “ എന്‍റെ അമ്മുചേച്ചീ ..രാവിലെ തൊട്ട് ഓരോ വീടിന്‍റെ വാതുക്കലും വല്ലതും കിട്ടുമെന്നു കരുതി പറന്നുചെന്നതാ. ഒന്നും തന്നില്ലെന്നു തന്നെയല്ല, കല്ലെടുത്ത് നല്ല ഏറും തന്നു. ഭാഗ്യത്തിന്  ഏറുകൊള്ളാതെ രക്ഷപ്പെട്ടെന്നു പറഞ്ഞാല്‍ മതിയല്ലൊ.
അപ്പോള്‍ ഞാനവളോടു ചോദിച്ചു:പക്ഷെ കാത്തുപ്പെണ്ണെ പേപ്പറിലും വാര്‍ത്തയിലും ഒക്കെ നമ്മളെപ്പറ്റിപറയുന്നതുകേട്ടാല്‍ ഇവര്‍ക്കൊക്കെ നമ്മളെ വലിയകാര്യമാണെന്നു തോന്നുമല്ലൊ.
കാത്തു സത്യാവസ്ഥ പറഞ്ഞപ്പോള്‍ ഞാനതിശയിച്ചു പോയി.
  എന്‍റെ അമ്മുചേച്ചി...അതിവര് വെറുതെ പറയുന്നതാ.ചേച്ചി നാട്ടുമ്പുറത്തു വസിക്കുന്നില്ലല്ലൊ. കാട്ടിലൊക്കെയല്ലെ കഴിയുന്നത്. ഞാനാണെങ്കില്‍ എല്ലാവീട്ടിലും കേറിയിറങ്ങി നടക്കുകയല്ലെ. ഇവര്‍ക്കൊന്നും നമ്മള് പക്ഷികളോടൊന്നും ഒരു തരിമ്പു സ്നേഹമില്ല. ഉണ്ടായിരുന്നെങ്കില്‍ ഇത്തിരി വെള്ളമെങ്കിലും കുടിയ്ക്കാനായിട്ട് നമുക്കായി ഒരു പാത്രത്തില്‍ വെച്ചുതരത്തില്ലെ? ഇവിടുത്തെ കുട്ടികളുപോലും അതു ചെയ്യുന്നില്ല. ഭക്ഷണത്തിന്‍റെ കാര്യം ഒട്ടു പറയാനും ഇല്ല. നമുക്കായിട്ട് ഒന്നും ഇട്ടു തരത്തില്ലെന്നു തന്നെയല്ല, വല്ലതും കൊത്തിപ്പെറുക്കിതിന്നാമെന്നു വെച്ചാലും  എറി്ഞ്ഞോടിക്കും. അതവര്‍ക്ക് ഒരു വിനോദം പോലെയാ. ചേച്ചി മഴവെള്ളം മാത്രം കുടിക്കുന്നതുകൊണ്ട് വെള്ളമൊന്നും വേണ്ടല്ലൊ. ഞാനാണെങ്കില്‍ ഈ വെയിലത്തൊക്കെ ഇത്തിരി വെള്ളം കിട്ടാന്‍ പെടുന്നപാട്.
 ഞാനവളോട് പറഞ്ഞു.കാത്തുപ്പെണ്ണേ കൂട്ടുകാരീ...നീ വിഷമിയ്ക്കേണ്ട. അവര്‍ക്ക്  തമ്മില്‍ തമ്മില്‍ പോലും സ്നേഹമില്ല. ഉള്ളവനില്ലാത്തവനു കൊടുക്കുന്നില്ല. ഉള്ളവനെല്ലാം സമ്പാദിച്ച് കൂട്ടിവെയ്ക്കുന്നു. പരസ്പരം ആരും സ്നേഹിക്കുന്നില്ല.  അവസാനം ആറടി മണ്ണില്‍ ഒന്നുമില്ലാതെ പോകേണ്ടവനാണെന്ന് അറിഞ്ഞിട്ടും മറ്റുള്ളവരുടെ ദുഃഖത്തില്‍ അവര്‍ പങ്കുചേരുകയോ...അവരെ സാന്ത്വനവാക്കു കൊണ്ടുപോലും ആശ്വസിപ്പിക്കുകയോ ചെയ്യുന്നില്ല. ഞാനിവരുടെ കൂടെ ഈ വേഷമൊക്കെ കെട്ടി പോയ അത്രയും ദിവസം കൊണ്ട് ഇതൊക്കെ കണ്ടു മനസ്സിലാക്കിയതാ...ഇതിലൊക്കെ എത്രയോ ഭേദമാണ് കാട്ടിലെ മൃഗങ്ങള്‍. അതുകൊണ്ട് നീയും കാട്ടിലേക്കു പോരെ.
അതുകേട്ടു കാത്തു പറഞ്ഞു. :” അമ്മുചേച്ചി ശരിയാ പറയുന്നത്. ഇതിലും ഭേദം കാടുതന്നെയാ.ഞാനും ചേച്ചിയുടെകൂടെകാട്ടിലേയ്ക്കു വരുന്നു.