Monday, December 30, 2013

എല്ലാവര്‍ക്കും എന്‍റ നവവത്സരാശംസകള്‍!! അതോടൊപ്പം നിങ്ങളുടെ വീട്ടിലെ കൊച്ചു കുട്ടികള്‍ക്കുവേണ്ടി ഈ കഥ എന്‍റ പുതുവത്സര സമ്മാനമായി സമര്‍പ്പിക്കുന്നു.




                       
കരീലം പക്ഷിയും സുന്ദരിതത്തയും
  ഒരു കരീലം പക്ഷിയും കുഞ്ഞുങ്ങളും ഒരു മാവിന്റെ ചില്ലയില്‍
 കൂടു കൂട്ടിതാമസിക്കുകയായിരുന്നു.
കരീലം പക്ഷിക്ക് കരീലയുടെ നിറമാണ്. പക്ഷിക്കുഞ്ഞുങ്ങളമ്മയോടു ചോദിച്ചു നമുക്കെന്താ  അമ്മേ ഈ നിറമെന്ന്. അപ്പോള്‍ തള്ളപ്പക്ഷി പറഞ്ഞു  മക്കളേ എല്ലാ നിറത്തിനും ഓരോരോ ഉദ്ദേശ്യമുണ്ട്
കരീലം പക്ഷിയും കുഞ്ഞുങ്ങളും കൂടി രാവിലെ ഇറങ്ങി തീറ്റ തിന്നാനാരംഭിച്ചു. കരീലം പക്ഷി കുഞ്ഞുങ്ങളോടു പറഞ്ഞു.-- മക്കളേ  ശ്രദ്ധിച്ച് തീറ്റ തിന്നോണം.ഈ കരീലയുടെ അടിയിലൊക്കെയുള്ളത് ചിക്കി ചിനക്കിനോക്കിക്കോണം. വല്ല ചിതലോ, പുഴുവോ ഒക്കെ കാണും.അതിനെയൊക്കെ തിന്നു വയറു നിറച്ചു കൊള്ളണം.ശത്രുക്കള്‍
വരുമ്പോള്‍ കരീലയുടെ അടിയില്‍ പതുങ്ങിക്കോണം. അങ്ങിനെ രക്ഷപ്പെട്ടോണം.

തീറ്റ തിന്നോണ്ടിരുന്നപ്പോളാണ് ഒരു പ്രാപ്പിടിയന്‍ അതുവഴിവന്നത്. ഉടനെ തന്നെ കരീലം പക്ഷിയും കുഞ്ഞുങ്ങളും എല്ലാം കരീലയുടെ അടിയില്‍ പതുങ്ങി  ഇരുന്നു . കരീലയുടെ
നിറമായതിനാല്‍  പ്രാപ്പിടിയന് അവരെ കണ്ടുപിടിക്കാനായില്ല. അങ്ങനെ രക്ഷപ്പെട്ടു.

  കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ഒരു സുന്ദരി തത്ത കുഞ്ഞുങ്ങളെയും കൊണ്ട് അവിടെ വന്നു. വിളഞ്ഞു കിടക്കുന്ന പതിനെട്ടു മണിയന്‍ പയറു തിന്നാനാണ് തത്തമ്മയും കുഞ്ഞുങ്ങളും കൂടി വന്നത്. തത്തമ്മ കരീലം പക്ഷിയെയും കുഞ്ഞുങ്ങളെയും കൂടി കണ്ടപ്പോള്‍ കളിയാക്കി കൊണ്ട് പറഞ്ഞു. നിന്നെക്കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു കരീല ആയിരിക്കുമെന്ന്. ഇതുകേട്ട് കരീലം പക്ഷി പറഞ്ഞു. എന്‍റെ നിറമിങ്ങനെയായെന്നും പറഞ്ഞ് തത്തമ്മേ നീ കളിയാക്കുകയൊന്നും വേണ്ട. എനിക്ക് ശത്രുക്കളില്‍ നിന്നും രക്ഷ നേടാനാണ് ഈനിറം ദൈവം തന്നിരിക്കുന്നത്. നിനക്കു് പച്ച നിറം തന്ന ദൈവത്തിന്റെ ഉദ്ദേശ്യവും അതു തന്നെയാണ്. നീ പച്ചിലകളുടെ ഇടയിലിരിക്കുമ്പോള്‍  നിന്നെയും തിരിച്ചറിയില്ല. അതിനാണ് നിനക്കും ആ നിറം തന്നിരിക്കുന്നത്.

ഇതു പറഞ്ഞു തീര്‍ന്നതും ഒരു പ്രാപ്പിടിയന്‍ താഴേക്കു പറന്നു വന്ന് തത്തമ്മയുടെ കുഞ്ഞിനെ റാഞ്ചാന്‍ നോക്കി.  തത്തമ്മക്കുഞ്ഞ് ഇലയുടെ ഇടയില്‍ ആയിരുന്നതു കൊണ്ട് പ്രാപ്പിടിയന് റാഞ്ചി എടുക്കാനായില്ല. അപ്പോള്‍ തത്തമ്മ കരീലം പക്ഷിയോടു പറഞ്ഞു. ശരിയാണ് നീ പറഞ്ഞത്  ശത്രുക്കളില്‍ നിന്നും രക്ഷനേടാനാണ് ഈശ്വരന്‍ ഓരോ ജീവിക്കും അതാതിന്‍റെ നിറവും, വലുപ്പവും ഒക്കെ തന്നിരിക്കുന്നത്.  നീ പറഞ്ഞപ്പോളത് ഞാന്‍ വിശ്വസിച്ചില്ല. പക്ഷെ എനിക്ക് ഇപ്പോളതു മനസ്സിലായി.

Friday, June 14, 2013

ഉണ്ണിക്കുട്ടനും കമ്പ്യൂട്ടറും(മാധ്യമം--മലര്‍വാടിയില്‍ പ്രസിദ്ധീകരിച്ചത്)



    സ്ക്കൂളില്‍നിന്നും വന്നു കഴിഞ്ഞാല്‍  നേരെ കമ്പ്യൂട്ടറിന്‍റെടുത്തേയ്ക്കാണ്     ഉണ്ണിക്കുട്ടന്‍  പോകുന്നത്.  കമ്പ്യൂട്ടറില്‍  ഗെയിം കളിയ്ക്കാനിരുന്നാല്‍ പിന്നെ ഉണ്ണിക്കുട്ടന് ഊണും ഇല്ല ഉറക്കവും ഇല്ല. എന്നും അമ്മയുടെയടുക്കല്‍നിന്നും വഴക്കും കേള്‍ക്കും.. അന്നും കുറേ നേരമായിട്ടു കാണാഞ്ഞിട്ടാണ് ഉണ്ണിക്കുട്ടനെ തേടി അമ്മ   മുറിയിലേയ്ക്കു വന്നത്.

അമ്മ അവനോടു പറഞ്ഞു. ഉണ്ണിക്കുട്ടാ  കമ്പ്യൂട്ടറിലെ കളി   മതിയാക്ക് മോനെ പുറത്തു പോയി കളിയ്ക്ക്. എപ്പോഴുംഇതിലിങ്ങനെ കളിച്ചാല്‍ കണ്ണിനു കേടാ. ഉണ്ണിക്കുട്ടന്‍പറഞ്ഞു. അമ്മ പൊയ്ക്കൊ. ദേ ഒരു കളി കൂടി. അതു കഴിഞ്ഞാലിപ്പം വരാം. അടുത്ത കളിയും ഉണ്ണിക്കുട്ടന്‍  കളിച്ചുഴിഞ്ഞു. പിന്നെ വിചാരിച്ചു. ഒരു കളി കൂടി കഴിയട്ടെ.
 അപ്പോളാണ് ഒരു വിളി കേട്ടത്. ഉണ്ണിക്കുട്ടാ..ഉണ്ണിക്കുട്ടന്‍തിരിഞ്ഞും മറിഞ്ഞും നോക്കി. ഈ കംപ്യൂട്ടറില്‍നിന്നാണല്ലോ തന്നെ വിളിയ്ക്കുന്നത്.
  ആ അതെ ഞാന്‍തന്നെയാണ്. നീ കളിയ്ക്കുന്ന കംപ്യൂട്ടര്‍തന്നെ. നിനക്കറിയുമോ.. ഒരുപാടു നേരം എന്നെ പ്രവര്‍ത്തിപ്പിച്ചാല്‍എനിയ്ക്കും കുഴപ്പമാണെന്നുള്ളത്. എന്‍റെ ഉള്ളിലും പല സാധനങ്ങളുമുണ്ട്.  ഇങ്ങനെ ഇടതടവില്ലാതെ എന്നെ പ്രവര്‍ത്തിപ്പിച്ചാല്‍ അതോരോന്നായി ചത്തു  പോകും. എനിയ്ക്കും ഒരു വിശ്രമമൊക്കെ വേണ്ടേ...
ഉണ്ണിക്കുട്ടന്‍ ചോദിച്ചു. കമ്പ്യൂട്ടര്‍ചങ്ങാതീ എന്തൊക്കെയാണീപ്പറയുന്നത്. അപ്പോള്‍വീണ്ടും കമ്പ്യൂട്ടറിനകത്തുനിന്നും പറയാന്‍തുടങ്ങി.
           ഉണ്ണിക്കുട്ടാ..കേട്ടോളൂ. എനിയ്ക്കും ഒരുഹൃദയമുണ്ട്.  ഉണ്ണിക്കുട്ടനാകെ സംശയമായി.  അവനതിശയത്തില്‍ ചോദിച്ചു.  ചങ്ങാതീ..നിനക്കും ഹൃദയമുണ്ടെന്നോ..  കമ്പ്യൂട്ടറുടനെ പറഞ്ഞു. അതെ. പ്രൊസസ്സെറെന്നാണ് ആള്‍ക്കാരതിനെ വിളിയ്ക്കുന്നത്. നിരന്തരമായി എന്നെ പ്രവര്‍ത്തിപ്പിച്ചോണ്ടിരുന്നാല്‍ കുറേ കഴിയുമ്പോളത് ഒരുപാടു ചൂടാകും. അതു തണുക്കാന്‍ ഫാനൊക്കെ അകത്തു പിടിപ്പിച്ചിട്ടുണ്ടെങ്കിലും എല്ലാത്തിനും ഒരു പരിധിയൊക്കെയില്ലേ. ചൂടുകൂടി വന്നാല്‍അതങ്ങു ചത്തുപോകും.
പിന്നെയോ...എനിയ്ക്കും ഒരു തലച്ചോറുണ്ട്. ഉണ്ണിക്കുട്ടന് സംശയമായി . അയ്യോ നിനക്കും തലച്ചോറുണ്ടെന്നോ. ഉണ്ണിക്കുട്ടന് അതിശയമായി. അപ്പോള്‍ വീണ്ടും കമ്പ്യൂട്ടറു പറഞ്ഞു--  ഉണ്ണിക്കുട്ടനു വിശ്വസിയ്ക്കാന്‍ പറ്റുന്നില്ലേ?  ആള്‍ക്കാരതിനെ റാമെന്നും മെമ്മറിയെന്നും ഒക്കെയാണു പറയുന്നത്.  അതും ഒരു വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചാല്‍ കേടാകും.
എന്‍റെ തലച്ചോറു പ്രവര്‍ത്തിക്കാതെയിരിക്കുമ്പോള്‍  നിങ്ങളു പറയും ഞാന്‍ തൂങ്ങി നില്‍ക്കുന്നെന്ന്.
ഇതേപോലെ എന്‍റെയുള്ളില്‍ നിങ്ങളുടെ അവയവങ്ങളെ പോലെ തന്നെ കുറേ സാധനങ്ങളുണ്ട്. നിരന്തരം ഒരു വിശ്രമവും തരാതെ എന്നെ പ്രവര്‍ത്തിപ്പിച്ചാല്‍ അതോരോന്നായി പ്രവര്‍ത്തിക്കാതെ യാകും. അപ്പോള്‍ നിങ്ങളുപറയും കംപ്യൂട്ടറിന്‍റെ പണി തീര്‍ന്നു. അതു ചത്തുപോയി എന്നൊക്കെ.ഒന്നുകൂടി വിശദീകരിച്ചു പറഞ്ഞാല്‍ കംപ്യൂട്ടറിന്‍റെ മദര്‍ ബോര്‍ഡു ചത്തു. ഹാര്‍ഡ് ഡിസ്ക്കു ചത്തു. പവര്‍ സപ്ലൈ പോയി എന്നൊക്കെയാണ്  അപ്പോള്‍ നിങ്ങളു പറയുന്നത്.
ഇത്രയും കേട്ടപ്പോള്‍  ഉണ്ണിക്കുട്ടന്‍പറഞ്ഞു. ചങ്ങാതീ എന്‍റ അറിവില്ലായ്മ കൊണ്ടാണ് ഞാന്‍നിനക്ക് ഒരു വിശ്രമവും തരാതെ ഇങ്ങനെ കളിച്ചു കൊണ്ടിരുന്നത്.
അപ്പോള്‍  വീണ്ടും കമ്പ്യൂട്ടര്‍  ഉണ്ണിക്കുട്ടനോടു പറഞ്ഞു. ഉണ്ണിക്കുട്ടാ ഒരു കാര്യം കൂടി ഞാന്‍പറയാം. പരമ രഹസ്യമാ.. പിന്നെ കുറേ നേരം എന്‍റെ കണ്ണ്--- എന്നു പറഞ്ഞാല്‍നിങ്ങളു കാണുന്ന ഈ സ്ക്രീനില്ലെ അത് ചൂടായിക്കഴിഞ്ഞാല്‍ അതില്‍ നിന്നും ഒരു തരം അപകടകാരിയായ രശ്മികള്‍വരും അതും നിങ്ങടെ കണ്ണിനു കേടാ കേട്ടോ. അതുകൊണ്ട് ആവശ്യത്തിനു മാത്രം നിങ്ങളെന്നോട് കളിയ്ക്കുക. അല്ലാത്തപ്പോളെന്നെ വിശ്രമിയ്ക്കാനനുവദിക്കുക. അതാണ്  നിങ്ങള്‍ക്കും എനിയ്ക്കും നല്ലത്. ഉണ്ണിക്കുട്ടന്‍പറഞ്ഞു. ശരി ചങ്ങാതീ. നീയൊരു നല്ല ചങ്ങാതി തന്നെയാ. ഇത്രയും നല്ല കാര്യങ്ങളും നീ എനിയ്ക്കു പറഞ്ഞു തന്നല്ലോ. ഇനിയും ഞാനാവശ്യത്തിനു മാത്രമെ നിന്നെ പ്രവര്‍ത്തിപ്പിക്കുകയുള്ളു. പിറ്റെ ദിവസം തൊട്ട് ഉണ്ണിക്കുട്ടന്‍ വൈകിട്ടു വന്നാല്‍  കൂട്ടുകാരുമായി മുറ്റത്തും പറമ്പിലുമൊക്കെ പോയി കളിച്ചു തുടങ്ങി.വളരെ കുറച്ചു സമയം അത്യാവശ്യത്തിന് വിവരങ്ങള്‍ ശേഖരിയ്ക്കാന്‍ മാത്രം കംപ്യൂട്ടറുപയോഗിച്ചു

Monday, April 15, 2013

ഒരു തണ്ണീര്‍തടത്തിന്‍റെ കണ്ണുനീര്‍തുള്ളി





കൊച്ചു കൂട്ടുകാരെ, നിങ്ങളിപ്പം വാചാരിക്കുന്നതെന്താണെന്നെനിയ്ക്കറിയാം. ആദ്യം ഞാനെന്നെപ്പറ്റി ഒന്നു പറയാം. ഞാനൊരു തണ്ണീര്‍ തടമാണ്. ഒന്നു കൂടി വിശദമായിട്ടു പറഞ്ഞാല്‍ നിങ്ങളുടെ ചുറ്റിനും ഞാനുണ്ട് കൂട്ടുകാരെ.ഞാനാണ് കരയേയും കടലിനേയും  തമ്മില്‍ ബന്ധിപ്പിക്കുന്നത്.
പുഴകളേയും നദികളേയും നീര്‍ച്ചാലുകളേയും, കണ്ടല്‍ക്കാടുകളേയും, ചതുപ്പു നിലങ്ങളേയും, നെല്‍പ്പാടങ്ങളേയും ഒക്കെ നിങ്ങള്‍ക്ക് എന്‍റെ പേരിടാം.
ഇനി നിങ്ങള്‍ക്കു മാത്രമേ എന്നെ രക്ഷിക്കുവാന്‍ കഴിയൂ. എല്ലാവരും പറയുന്നത്  ഇന്നത്തെ കുട്ടികളാണ് നാളത്തെ പൌരന്മാരെന്നല്ലെ. കൊച്ചു കൂട്ടുകാരെ  അതുകൊണ്ടാണ് ഞാന്‍ എന്‍റെ സങ്കടം നിങ്ങളോട് പങ്കുവെയ്ക്കാമെന്നു വിചാരിച്ചത്.

 ഞാന്‍ മനുഷ്യര്‍ക്കു വേണ്ടി എന്തെല്ലാം ഉപകാരമാണെന്നോ ചെയ്യുന്നത്.എന്നെ വിളിയ്ക്കുന്നതു തന്നെ ഭൂമിയുടെ വൃക്കകളെന്നാണ്. എന്നു പറഞ്ഞാല്‍ മനുഷ്യന്‍റെ ശരീരത്തില്‍ വൃക്കകളെങ്ങിനെയാണോ മാലിന്യങ്ങളെ അരിച്ചെടുക്കുന്നത് അതേപോലെ ഭൂമിയിലെ മാലിന്യങ്ങളെയെല്ലാം അരിച്ചെടുക്കുന്ന ഒരു അരിപ്പ പോലെയാണ്  ഞാന്‍ പ്രവര്‍ത്തിക്കുന്നത്.
ഒരു അരിപ്പപോലെ മണ്ണിലെ മഴ വെള്ളത്തിനെ അരിച്ച് അതിലെ മാലിന്യങ്ങളെല്ലാം മാറ്റും. പിന്നെ രാസമാലിന്യങ്ങളെയും ഞാന്‍  അരിച്ചു മാറ്റും. പിന്നെയോ, വെള്ളപ്പൊക്കത്തെ തടയും.അതേ സമയം വരള്‍ച്ചക്കാലത്ത് ഭൂമിയുടെ അടിഭാഗത്തുള്ള ജലനിരപ്പ് കൂട്ടി ഈ ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങള്‍ക്കും വെള്ളം തരും.
 എന്നെ ആശ്രയിച്ച് ധാരാളം മീനുകളും പക്ഷികളും, ജല ജന്തുക്കളും ഒക്കെ കഴിയുന്നുണ്ട്.
 ഇനി ഞാനെന്‍റെ സങ്കടം പറയാം. ഇത്രയും ഉപകാരം ചെയ്തിട്ടും എന്നെ ഈ മനുഷ്യര്‍ എന്തുപദ്രമാണെന്നോ ചെയ്യുന്നത്. വലിയ മലകളിടിച്ച്  കൊണ്ടു വന്ന് എന്നെ ആ മണ്ണിട്ടു മൂടിയിട്ട്  ആ സ്ഥലത്ത് വലിയ വലിയ കോണ്‍ക്രീറ്റു കെട്ടിടങ്ങള്‍ പണിയുകയാണ്.

 കൂട്ടുകാരെ നിങ്ങള്‍ക്ക് ഒരു കാര്യം അറിയണോ? എന്നെ തേടി അന്യ ദേശത്തുനിന്നുപോലും പക്ഷികളെത്തുമായിരുന്നു. പക്ഷെ എന്നെ  മണ്ണിട്ടു നികത്തി നശിപ്പിക്കുന്നതുകൊണ്ട് ഇപ്പോളെന്നെ തേടി അന്യ ദേശത്തു നിന്നുള്ള ദേശാടനക്കിളികളൊന്നും വരാറില്ല കൂട്ടുകാരെ.
എന്നില്‍ എന്തു ഭംഗിയായി വിരിഞ്ഞു നില്‍ക്കുന്ന ആമ്പലും താമരയും ഒക്കെ വംശം  നശിച്ചു പോകാറായിരിക്കുന്നു.എന്നെ ആശ്രയിച്ചു ജീവിച്ച ജീവികളെല്ലാം ഒട്ടു മുക്കാലും  മരിച്ചു മണ്ണടിഞ്ഞു.അവരുടെ വംശ പരമ്പര പോലും ഇല്ലാതായിക്കൊണ്ടിരിക്കുന്നു.
 നിങ്ങളു വിചാരിച്ചാലെ ഇനി എന്നെ രക്ഷിയ്ക്കുവാന്‍ പറ്റുകയുള്ളു..
 കൂട്ടുകാരെ നിങ്ങളോര്‍ക്കുന്നില്ലേ  2004-ാമാണ്ടിലെ സുനാമി.അപ്പോള്‍ കുറേ തീരപ്രദേശങ്ങള്‍ രക്ഷപ്പെട്ടതു തന്നെ എന്‍റെ കൂട്ടത്തില്‍ പ്പെട്ട കണ്ടല്‍ക്കാടുകളുള്ളതു കൊണ്ടായിരുന്നു.
അതിലെ മരങ്ങളുടെ വേരുകളാണ്  സുനാമി തിരകളെ അവിടെ തടുത്തു നിര്‍ത്തിയത്.
  ഇപ്പോള്‍ നിങ്ങള്‍ കേള്‍ക്കുന്നില്ലേ... വരള്‍ച്ച ബാധിച്ചു. ഭയങ്കര വെയില്, ചൂട് , വെള്ളമില്ല എന്നൊക്കെ. എന്നെ  മണ്ണിട്ടു മൂടി വലിയ വലിയ കെട്ടിടങ്ങളും ഫ്ലാറ്റുകളും ഒക്കെ പണിയുമ്പോള്‍ മനുഷ്യനിതൊന്നും  ഓര്‍ത്തിരുന്നില്ല കൂട്ടുകാരെ. അതുകൊണ്ട് എനിയ്ക്കൊന്നേ പറയാനുള്ളു. ഇനിയെങ്കിലും നിങ്ങളെങ്കിലും എന്‍റെ ഈ സങ്കടം കേള്‍ക്കണം.എന്നെ മണ്ണിട്ടു മൂടിക്കളയല്ലേ കൂട്ടുകാരേ..
 എല്ലാ വര്‍ഷവും ഫെബ്രുവരി രണ്ടാം തീയതിഎനിയ്ക്കുള്ള ദിവസമായിട്ട് ലോകരാഷ്ട്രങ്ങള്‍ റംസാര്‍ ഉടംമ്പടിയും ഒക്കെ ഉണ്ടാക്കിയിട്ടുണ്ട്. അതെല്ലാം മറന്നു കൊണ്ടാണ് ഈ കാണിയ്ക്കുന്നതൊക്കെയും. ഇപ്പോളെന്‍റെ കരച്ചിലിന്‍റെ കാരണം നിങ്ങള്‍ക്കു മനസ്സിലായി കാണുമല്ലൊ.
എന്‍റെ അവസാനത്തെ കണ്ണുനീര്‍ത്തുള്ളി വറ്റുന്നതുവരെ ഞാനിങ്ങനെ സങ്കടം പറഞ്ഞ്  കരഞ്ഞു കൊണ്ടേയിരിയ്ക്കും.

Friday, February 1, 2013

നിറത്തിന്റെ രഹസ്യം തേടി.



ഒരു സുന്ദരി ചിത്രശലഭം ഒരു പൂന്തോട്ടത്തില്   തേന്‍ കുടിക്കാന്‍ വന്നു.
പാറിപ്പറന്നു നടന്ന ആ പൂമ്പാറ്റ ആദ്യം തേന്‍കുടിക്കാന്‍ ചെന്നത് ആ വെളുത്ത മന്ദാരപ്പൂവിലേയ്ക്കായിരുന്നു.പൂമ്പാറ്റ മന്ദാരപ്പൂവിനോടുചോദിച്ചു. പൂവെ നീയെനിക്കു തേന്‍തന്നുവല്ലോ.എനിക്കു സന്തോഷമായി. പക്ഷെ എനി‍ക്കൊരു സംശയമുണ്ട്.നിനക്ക്  ഈ വെളുത്ത നിറം, .ഈ ശാന്തിയുടെയും സമാധാനത്തിന്‍റയും നിറം കിട്ടിയതെങ്ങിനെ? എത്ര  നല്ല നിറം.  പൂവു പെട്ടെന്നു തന്നെ പറഞ്ഞു. അതു പൂമ്പാറ്റെ, നമുക്കെല്ലാം സൂര്യന്‍ഏഴു നിറങ്ങളും തരുന്നു. ഞാനതിലൊന്നും എടുക്കാതെ മുഴുവനും പുറത്തേക്ക് വിടുന്നു. ഒന്നും ഞാന്‍ എന്നിലേയ്ക്ക് വിഴുങ്ങുന്നില്ല.   ഓ അങ്ങിനെയാണല്ലേ പൂമ്പാറ്റക്കു സമാധാനമായി.
അതു കഴിഞ്ഞാണ് പൂമ്പാറ്റ ആ ചെമപ്പു ചെമ്പരത്തിയുടെ അടുത്തേക്കു പോയത്.അപ്പോഴും പൂമ്പാറ്റ അവളുടെ ചോദ്യം ആവര്‍ത്തിച്ചു. ചെമ്പരത്തിയും പറഞ്ഞു. അത് പൂമ്പാറ്റേ എനിക്ക് സൂര്യന്‍ തന്ന ഏഴു നിറങ്ങളില്‍ എനിയ്ക്കിഷ്ടപ്പെട്ട ചുമപ്പു മാത്രം
പുറത്തേക്കു വിട്ടു. ബാക്കിയെല്ലാം ഞാന്‍ എന്നുള്ളിലേയ്ക്ക് എടുത്തു. മന്ദാരപ്പൂ പറഞ്ഞപോലെ വേണമെങ്കില്‍ വിഴുങ്ങി എന്നു തന്നെ പറയാം.                      അതുകൊണ്ടാണ് ഞാന്‍ ചെമന്നിരിക്കുന്നത്.
വീണ്ടും പൂമ്പാറ്റ മഞ്ഞപൂച്ചെടിയുടെ അടുത്തേക്കാണു പോയത്. അപ്പോള്‍ പൂച്ചെടി പറഞ്ഞു എനിയ്ക്കിഷ്ടം   ബുദ്ധിയുടെ നിറമായ മഞ്ഞ ആയതു കൊണ്ട് ഞാന്‍ ആ ഏഴു നിറങ്ങളിലും വെച്ച് മഞ്ഞ മാത്രമെടുത്തു  പുറത്തേക്കു വിട്ടു.  ബാക്കിയെല്ലാം ഞാന്‍ എന്നുള്ളിലേയ്ക്ക് എടുത്തു. അതുകൊണ്ട് ഞാന്‍ മഞ്ഞച്ചിരിക്കുവാ.
അപ്പോഴാണ് ആ ഒരു കാക്ക അതുവഴിപോയത്. മന്ദാരോം ,പൂച്ചെടീം,ചെമ്പരത്തീം എല്ലാം ഒരേ പോലെ അവന്‍ പോയപ്പോളൊരു ചിരി ചിരിച്ചു. കാക്ക തിരിഞ്ഞു നിന്നു.അവരു ചിരിച്ചതിന്റെ കാര്യം എന്താണ് എന്നു തിരക്കി. അപ്പോളാണ് പൂമ്പാറ്റ നിറത്തിന്റെ രഹസ്യം കാക്കക്കു പറഞ്ഞു കൊടുത്തത്. സൂര്യന്‍ നല്കിയ എല്ലാ നിറവും കൂടി വിഴുങ്ങിയതു കൊണ്ട് കറുത്തു പോയ കാക്ക സങ്കടപ്പെട്ട് അന്നു തുടങ്ങി കാ..കാ.. എന്നു കരഞ്ഞും കൊണ്ടു നടപ്പായി.

Saturday, January 5, 2013

കൂട്ടുകൃഷി ചെയ്ത കൂട്ടുകാര്‍




ടിങ്കു മുയലിന്‍റെ കയ്യിലിരുന്ന ക്യാരറ്റിലേക്ക് ആര്‍ത്തിയോടെ നോക്കിക്കൊണ്ട് ജിമ്മനാടു ചോദിച്ചു.നിനക്കെവിടുന്നാടാ ഈ കാരറ്റു കിട്ടിയത്.എനിക്കു വിശന്നിട്ടു വയ്യാ...ഇന്നൊന്നുമേ കഴിച്ചില്ല.അപ്പോള്‍ ടിങ്കു തിരിച്ചു ചോദിച്ചു. അതെന്താ ചേട്ടായീ ഇന്നൊന്നും കഴിക്കാഞ്ഞെ.  അപ്പോള്‍  ജിമ്മന്  വിഷമം വന്നു അവന്‍   പറഞ്ഞു,  അത് നീ നോക്കിക്കേ ചങ്ങാതീ.. ഈവലിയ മതില്  കെട്ടിയിരിക്കുന്നത്.  ഇതാണുകാരണം. എനിക്ക് അപ്പുറത്തുള്ള പുല്‍ത്തകിടീലേയ്ക്കൊന്നും പോകാനേ പറ്റുന്നില്ല. അവിടെയാണ് ധാരാളം കുറ്റിച്ചെടീം ഇലേം പുല്ലും എല്ലാമുള്ളത്.അപ്പോള്‍ ടിങ്കുവിന് സങ്കടമായി. അവന്‍ ആ കാരറ്റ് കൊടുത്തിട്ടു പറഞ്ഞു. ശരി ജിമ്മന്‍ ചേട്ടാ ഇതു തിന്നോ. ഞാന്‍ വയറു നിറയെ തിന്നതാ. എനിക്കു വിശപ്പൊന്നും ഇല്ല. അപ്പോള്‍ ജിമ്മനാടു പിന്നെയും ടിങ്കുവിനോടു പറഞ്ഞു.ഒരുദിവസം തിന്നാല്‍ മാത്രം പോരല്ലോ ചങ്ങാതി.   ഇനി എന്താണൊരു വഴി? ഇനിയുള്ള ദിവസങ്ങളിലും ആഹാരത്തിനൊരു മാര്‍ഗ്ഗവും കാണുന്നില്ല. ആ വലിയ മതിലുകാരണം അപ്പുറത്തോട്ടെറങ്ങാന്‍ പറ്റുന്നും ഇല്ല. അപ്പോള്‍ ടിങ്കു മുയലു പറഞ്ഞു. ചേട്ടായീ എന്‍റ മനസ്സിലൊരു ഉപായം തോന്നുന്നു. നമുക്കൊരു കാര്യം ചെയ്യാം നമുക്കു വേണ്ട ഭക്ഷണം ഇവിടെ തന്നെ  നട്ടു വളര്‍ത്തിയാലോ. നമുക്കിവിടെ ഒരു കൃഷിതോട്ടം ഉണ്ടാക്കാം.അപ്പോള്‍ ജിമ്മനാടു പറഞ്ഞു. അതിന് വിത്തും വളവും വെള്ളവും ഒക്കെ വേണ്ടേ. അപ്പോള്‍ ടിങ്കു മുയലു പറഞ്ഞു. ശരിയാ ജിമ്മന്‍ ചേട്ടാ.എല്ലാം വേണം. അതിനൊക്കെ മാര്‍ഗ്ഗമുണ്ടാക്കണം. നമുക്ക് ശ്രമിക്കാം.

    ആദ്യമായി നമുക്ക് വെള്ളത്തിന്‍റ കാര്യം ആലോചിക്കാം. അതാണല്ലോ ആദ്യം വേണ്ടത്. വിത്തു മുളക്കണമെങ്കില്‍ വെള്ളമില്ലാതെ പറ്റുകയില്ല.  ഒരു വലിയ കുഴികുഴിച്ച് മഴവെള്ളം ശേഖരിക്കാം. കുഴി കുഴിക്കാന്‍ വേണേല് ആ മണ്ടന്‍ പെരുച്ചാഴിയേ കൂടി വിളിക്കാം. അവനാണെങ്കി കുഴി കുഴിച്ച് നല്ല പരിചയമാണുതാനും.  അപ്പോള്‍ ജിമ്മന്‍ പറഞ്ഞു. നീയൊരു ബുദ്ധിമാന്‍ തന്നെ. ഞാന്‍ സമ്മതിച്ചിരിക്കുന്നു.എന്‍റെ മനസ്സിലിത് തോന്നിയേ ഇല്ല.പക്ഷേങ്കിലൊരു കാര്യമുണ്ട് വളമാണെങ്കിലെന്‍റെ കാഷ്ടം. മതി. ആട്ടിന്‍ കാഷ്ടം  പശൂന്‍റെ ചാണകം പോലെ തന്നെ നല്ല വളമാണെന്നാണ് മനുഷേമ്മാരു പറയുന്നത്. അതു കൊണ്ട് വളത്തിനു പാടില്ല.. ടിങ്കു മുയലു പറഞ്ഞു. അപ്പോള്‍ വെള്ളവും വളവുമായി. ഇനി വിത്തിനെന്തു ചെയ്യും. ഇവരുടെ വര്‍ത്തമാനങ്ങളെല്ലാം കേട്ടോണ്ട് ആ മതിലില്‍ മൂന്നു കുരുവികളിരിക്കുകയായിരുന്നു. അപ്പോളവരു മൂന്നുപേരും കൂടി പറഞ്ഞു. കൂട്ടുകാരെ വിത്തിനു വേണ്ടി നിങ്ങള് വിഷമിക്കുകയേ വേണ്ട. ഞങ്ങളു തീറ്റ തിന്നാന്‍  തോട്ടങ്ങളില്‍ പോകുമ്പോള്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള വിത്തു ഞങ്ങളു ഞങ്ങടെ ചുണ്ടില്‍ കൊത്തിയെടുത്തു കൊണ്ടു തരാം. അതുകേട്ടപ്പോള്‍ ടിങ്കു മുയലിനും ജിമ്മനാടിനും ഒരുപാടു സന്തോഷമായി. അവര്‍ പറഞ്ഞു. കുരുവി കൂട്ടുകാരെ വളരെ വളരെ സന്തോഷം.. ഞങ്ങളാവശ്യപ്പെടാതെ തന്നെ നിങ്ങളു ഞങ്ങള്‍ക്ക് വിത്തു കൊണ്ടു തരാമെന്നു പറഞ്ഞല്ലോ.ഇന്നത്തെ കാലത്ത് ഇങ്ങനത്തെ കൂട്ടുകാരെ കാണാന്‍ പോലും കിട്ടുകയില്ല. ഇതെല്ലാം കേട്ടു കൊണ്ട്  അവിടെ അടുത്ത് ഒരു മൂളന്‍ മൂങ്ങ ഇരിപ്പുണ്ടായിരുന്നു.അവനുടനെ പറഞ്ഞു. കൂട്ടുകാരെ ഞാനാണെങ്കി രാത്രിയിലുണര്‍ന്നിരിക്കുന്നവനാണ്. നിങ്ങളുടെ കൃഷിതോട്ടത്തിന് ഞാന്‍ രാവെളുക്കുവോളം കാവലു നിന്നോളാം. നിങ്ങളുടെ തോട്ടത്തിലെ ഒരു വിളയും കള്ളന്‍ കൊണ്ടുപോകാതെ ഞാന്‍ നോക്കിക്കോളാം. അപ്പോഴും ടിങ്കുവും ജിമ്മനും കൂടി മൂളന്‍ മൂങ്ങയുടെ നല്ല മനസ്സിന് നന്ദി പറഞ്ഞു.
  അങ്ങിനെ ടിങ്കുവും ജിമ്മനും  കൂടി ഒരു നല്ല ഒന്നാംതരം കൃഷിതോട്ടമുണ്ടാക്കി. നല്ല നല്ല വിത്തുകള്‍ കുരുവി കൂട്ടുകാര്‍ കൊണ്ടു കൊടുത്തു.തോട്ടത്തിലവരു പയറും, കാരറ്റും ചീരയും  ഒക്കെനട്ടു പിടിപ്പിച്ചു. തോട്ടത്തിന്‍റ അരികിലായി ചുറ്റിനും ഒരു പുല്‍ത്തകിടിയും ഉണ്ടാക്കി.നടുക്കുഭാഗത്തായിട്ടാണ് മഴവെള്ളം ശേഖരിക്കാനുള്ള കുഴി ഉണ്ടാക്കിയത്.
രാത്രി വെളുക്കുവോളം മൂളന്‍ മൂങ്ങ കാവലുനിന്നു. കൃഷി നശിപ്പിക്കുവാന്‍ വന്ന നച്ചെലിയെയും തവളക്കുഞ്ഞന്‍മാരെയും എല്ലാം മൂളന്‍ മൂങ്ങ തിന്നു വയറു നിറച്ചു.വിള നശിപ്പിക്കാന്‍ വന്ന പുഴുക്കളെയെല്ലാം കുരുവികള്‍ കൊത്തി വിഴുങ്ങി. അങ്ങിനെ അവരും വയറു നിറച്ചു. അങ്ങിനെ ജിമ്മനാടിനും ടിങ്കു മുയലിനും ഇഷ്ടം പോലെ ആഹാര സാധനങ്ങള്‍ അവരുതന്നെ കൃഷിചെയ്തുണ്ടാക്കി.അവിടെ ഭക്ഷണം തേടി വന്നവര്‍ ക്കെല്ലാം അവരിഷ്ടം പോലെ കാരറ്റും പയറും ചീരയും എല്ലാം കൊടുത്തു സന്തോഷിപ്പിച്ചു വിട്ടു.അങ്ങിനെ അവരുടെ കൂട്ടായ പ്രയത്നം കൊണ്ട് അവിടെ ഒരു നല്ല കൃഷി തോട്ടം ഉണ്ടാക്കി. അവിടെ യുള്ള ബാക്കി മൃഗങ്ങളും ഇതു കണ്ട് അവരവര്‍ താമസിക്കുന്ന സ്ഥലത്ത് ഇതേപോലെ ഒരോ കൃഷിതോട്ടം ഉണ്ടാക്കി.