Monday, May 23, 2011

കുഴിയാനയും ഉറുമ്പും(കേരള കൌമുദിയുടെ കുട്ടികളുടെ മാസിക മാജിക് സ്ലേറ്റില്‍ വന്നത്—മാര്ച്ച്-20—2011)



 മണ്ണിനകത്ത്  ഒരു കുഞ്ഞു കുഴിയുണ്ടാക്കിയ കുഴിയാന പതുങ്ങിയിരിയ്ക്കും.ഏതെങ്കിലും പ്രാണിയോ ഉറുമ്പോ കുഴിയുടെ അരികിലൂടെ പോകുമ്പോള്‍ പതിയെ മണ്‍തരി ഇളക്കും.കാലു തെന്നി പാവം ഉറുമ്പും പ്രാണിയുമൊക്കെ കുഴിയിലേയ്ക്ക് വീഴും.കുഴിയില്‍ വീണാല്‍ പിന്നെ കുഴിയാനയുടെ വായിലായതു തന്നെ!
  ഒരു ദിവസം ഒരു ഉറുമ്പ് കുഴിയുടെ അരികിലൂടെ പോവുകയായിരുന്നു.പെട്ടെന്നാണ് മണ്ണിളകി ഉറുമ്പ് കുഴിയിലേയ്ക്ക് വീണത്.പ്ധും!ഉടനെ കുഴിയാന പാഞ്ഞെത്തി ഉറുമ്പിനെ
അകത്താക്കാനൊരുങ്ങി.എന്നാല്‍ ബുദ്ധിയുള്ള ഉറുമ്പ് കുഴിയാനയോട് പറഞ്ഞു:'ഈ കുഴിയുടെ പുറത്ത് വിശാലമായ ഒരു ലോകമുണ്ട്..എന്നെ വെറുതെ വിടുകയാണെങ്കില്‍
ഞാന്‍ നിന്നെ കൊണ്ടുപോയി അതൊക്കെ കാണിച്ചു തരാം..'
  'ഓഹോ..വിശാലമായ ലോകം കാണിക്കാമെന്നോ..ശരി ശരി നിന്നെ ഞാന്‍ പുറത്തെത്തിക്കാം..' കുഴിയാന പറഞ്ഞു.ഒരു ഈര്‍ക്കിലിലൂടെ കുഴിയാന ഉറുമ്പിനെ കുഴിയുടെ മുകളിലെത്തിച്ചു.
  കുഴിയുടെ മുകളിലെത്തിയതും ഉറുമ്പ് കുഴിയാനയോടു പറഞ്ഞു:'ചതിയില്‍ കൂടി ആഹാരം സമ്പാദിക്കുന്ന നിനക്ക് വിശാലമായ പുറം ലോകം കാണാന്‍ ഒരു യോഗ്യതയുമില്ല.അതുകൊണ്ട് നീ എന്നും ഈ കുഴിയില്‍ കിടന്നാല്‍ മതി.!'
  അങ്ങിനെ ഉറുമ്പ് രക്ഷപ്പെട്ടു.കുഴിയാന ഇന്നും കുഴിയില്‍ കിടക്കുന്നു.

.

Sunday, May 22, 2011

കോഴി കുഞ്ഞു (കുട്ടി കവിത)

എന്റെ സുഹ്രത്തിന്റെ മകള്‍ ചൊല്ലി തന്ന ഒരു കുട്ടി കവിത ".കോഴി കുഞ്ഞു "

ഓടിച്ചിട്ട് പിടിക്കുമ്പോള്‍ ഓടിച്ചിട്ട് പിടിക്കുമ്പോള്‍
എന്താണ് പറഞ്ഞത് കോഴിക്കുഞ്ഞേ?
മല്‍സരത്തില്‍ പങ്കെടുക്കുന്നു മല്‍സരത്തില്‍ പങ്കെടുക്കുന്നു
എന്നാണു പറഞ്ഞത് കോഴിക്കുഞ്ഞേ !

തൂവല്‍ പറിക്കുമ്പോള്‍ തൂവല്‍ പറിക്കുമ്പോള്‍
എന്താണ് പറഞ്ഞത് കോഴിക്കുഞ്ഞേ ?
വസ്ത്രങ്ങള്‍ മാറ്റുന്നു വസ്ത്രങ്ങള്‍ മാറ്റുന്നു
എന്നാണു പറഞ്ഞത് കോഴിക്കുഞ്ഞ് !

കീറി മുറിക്കുമ്പോള്‍ കീറി മുറിക്കുമ്പോള്‍
എന്താണ് പറഞ്ഞത് കോഴിക്കുഞ്ഞേ ?
ഓപറേഷന്‍ ചെയുന്നു ഓപറേഷന്‍ ചെയുന്നു
എന്നാണു പറഞ്ഞത് കോഴിക്കുഞ്ഞ് !

മഞ്ഞള്‍ പുരട്ടുമ്പോള്‍ മഞ്ഞള്‍ പുരട്ടുമ്പോള്‍
എന്താണ് പറഞ്ഞത് കോഴിക്കുഞ്ഞേ ?
മേക്കപ്പ്‌ ചെയ്യുന്നു മേക്കപ്പ്‌ ചെയ്യുന്നു
എന്നാണു പറഞ്ഞത് കോഴിക്കുഞ്ഞ്!

എണ്ണയില്‍ ഇട്ടു വറുക്കുമ്പോള്‍ എണ്ണയില്‍ ഇട്ടു വറുക്കുമ്പോള്‍
എന്താണ് പറഞ്ഞത് കോഴിക്കുഞ്ഞേ?
ഞാന്‍ നീന്തി കുളിക്കുന്നു ഞാന്‍ നീന്തി കുളിക്കുന്നു
എന്നാണു പറഞ്ഞത് കോഴിക്കുഞ്ഞ് !

കറുമുറ തിന്നുമ്പോള്‍ കറുമുറ തിന്നുമ്പോള്‍
എന്താണ് പറഞ്ഞത് കോഴിക്കുഞ്ഞേ ?
അങ്ങയെ ലോകവും ഇങ്ങനെ ലോകവും കാണല്ലോ
എന്നാണു പറഞ്ഞത് കോഴിക്കുഞ്ഞ് ! !

Friday, May 20, 2011

സുന്ദരിപ്പഴം

pic.frm.google
    
മരത്തിലെ പഴങ്ങളെല്ലാം പഴുത്തു തുടങ്ങി. തോട്ടക്കാരന്‍ എന്നും കാവലിന്  രാപകലില്ലാതെ ആളെയും നിര്‍ത്തി തുടങ്ങി. പകലു മുഴുവനും പക്ഷികളേം അണ്ണാനേം ഓടിയ്ക്കും. രാത്രിയാകുമ്പോള്‍ വാവലിനേം കള്ളനേം ഓടിയ്ക്കും. അങ്ങിങ്ങായി കുറച്ചു കൂടി പഴുക്കാനുണ്ട്. അതുകഴിഞ്ഞാലെല്ലാം പറിച്ചു കൂടയിലാക്കും. പിന്നെ പഴക്കടകളിലെ തട്ടുമ്മേല്‍ നിരക്കും. പിന്നെ വീടുകളിലേയ്ക്കും.  ആ മരത്തിമ്മേ നിക്കുന്ന രണ്ടു പഴങ്ങളു തമ്മിലൊരു മര്‍മ്മരം തുടങ്ങീട്ടു ദിവസങ്ങളായി.  പഴുത്തു ചെമന്നു തുടങ്ങിയ പഴം തൊട്ടടുത്തു നിന്നപുഴുക്കുത്തേറ്റ പഴത്തിനോടു പറയുന്നു. നിന്നേക്കണ്ടാലെന്തിനു കൊള്ളാം, ചില  സുന്ദരികളുടെ മുഖത്ത് വന്നു വീഴുന്ന കരിമംഗല്യം പോലെ നിന്‍റ മുഖത്തു തന്നെയാ പുഴുക്കുത്തു പാട്. പാവം പുഴുക്കുത്തേറ്റ പഴം ഒരുപാടു വിഷമത്തില്‍ പറഞ്ഞു. എന്തു ചെയ്യാം ചങ്ങാതി ഞാനായിട്ടൊന്നും വരുത്തി വെച്ചതല്ലല്ലോ. അപ്പോള്‍ നല്ല പഴം വീണ്ടും ഒന്നു കൂടി അതിനെ കുത്തു വാക്കു പറഞ്ഞു നോവിച്ചു. നിന്നെയിനി ആരെങ്കിലും തിന്നുമോ..ആവോ.. പുഴുക്കുത്തു പഴം പറഞ്ഞു. ആ.. വരുന്നതുപോലെ കാണാം.വീണ്ടും സുന്ദരിപ്പഴം. ഒരു ഗോളു കൂടി അടിച്ചു. എന്നെ പഴക്കടയില്‍ വെച്ചാല്‍  ആള്‍ക്കാര്‍ മത്സരമായിരിക്കും-- വാങ്ങാന്‍. അതുകേട്ട്  പുഴുക്കുത്തു പഴം തലയും താഴ്ത്തി മിണ്ടാതെ നിന്നു.
     ദിവസങ്ങള്‍ കഴിഞ്ഞു. തോട്ടക്കാരന്‍ വലിയ തോട്ടയും കൂടയും എല്ലാമായി വന്നു.പുഴുക്കുത്തു പഴം പ്രാര്‍ത്ഥിച്ചു.എന്നേ പറിച്ച് ഈ സുന്ദരിപ്പഴത്തിന്‍റെകൂടെ ഇടരുതേയെന്ന്. പക്ഷേ പ്രാര്‍ത്ഥന ഫലിച്ചില്ല. . തോട്ടക്കാരന്‍ രണ്ടു പഴങ്ങളും ഒരേ കൂടയില്‍ അടുത്തടുത്ത് പറിച്ചിട്ടു. പഴങ്ങളെല്ലാം കടയിലേയ്ക്ക് യാത്രയായി. കടയിലെത്തുന്നതു വരെ സുന്ദരിപ്പഴം പുഴുക്കുത്തു പഴത്തിനെ കുത്തു വാക്കുപറഞ്ഞ് വേദനിപ്പിച്ചു കൊണ്ടേയിരുന്നു. കടയിലെത്തി. അപ്പോഴും പുഴുക്കുത്തേറ്റ പഴത്തിന് ഒരു പ്രാര്‍ത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു. ദൈവമേ . എന്നെ എടുത്ത് ചീത്തയാന്നും പറഞ്ഞ് കടക്കാരന്‍ ആ കുപ്പത്തൊട്ടീലോട്ടിട്ടാലും  എന്നെയീ സുനന്ദരിപ്പഴത്തിന്‍റ കൂടെ തട്ടേലടുക്കി വെയ്ക്കരുതേയെന്ന്.പക്ഷേ ഇത്തവണയും പ്രാര്‍ത്ഥന ഫലിച്ചില്ല. രണ്ടു പഴങ്ങളും തട്ടേലടുത്തടുത്തു തന്നെ
             പഴം വാങ്ങാനാള്‍ക്കാരെത്തി തുടങ്ങി. സുന്ദരിപ്പഴം പുഴുക്കുത്തു പഴത്തിനോടു പറഞ്ഞു. എന്നെ ദേ നോക്കിക്കോ ഇപ്പം വന്ന് വാങ്ങിക്കൊണ്ടു പോകും. നിന്നെയോ....
അപ്പോഴും പുഴുക്കുത്തു പഴം ഒന്നും മിണ്ടാതെ വിഷമത്തിലിരുന്നതേയുള്ളു. അതാ ഒരു പ്രായമായ മനുഷന്‍ വന്നു.  അയാള്‍ പഴം വാങ്ങനോര്‍ഡര്‍ കൊടുത്തു. കടക്കാരന്‍ സുന്ദരിപ്പഴം ഉള്‍പ്പടെ ഏറ്റവും നല്ല പഴം നോക്കി തുക്കാനാരംഭിച്ചു.ത്രാസ്സിന്‍റ തട്ടില്‍ കിടന്നോണ്ട് സുന്ദരിപ്പഴം പുഴുക്കുത്തു പഴത്തിനെ പുശ്ചത്തിലൊരു നോട്ടം കൂടി എറിഞ്ഞു.
പെട്ടെന്നാണ്  പഴം മേടിയ്ക്കുവാന്‍ വന്ന മനുഷന്‍ കടക്കാരന്‍ എടുത്തു വെച്ച പഴങ്ങളെല്ലാം തിരികെ ഇടുവിച്ചു. എന്നിട്ട്. തനിയെ തന്നെ പഴം തിരഞ്ഞെടുക്കുവാനാരംഭിച്ചു. അയാളാദ്യം എടുത്തത് ആ പുഴുക്കുത്തുള്ള പഴമായിരുന്നു. കടക്കാരന്‍ അത്ഭുതപ്പെട്ടു. സാറെന്തു മണ്ടത്തരമാണിക്കാണിയ്ക്കുന്നത്. അപ്പോളയാള്‍ തിരികെ പറഞ്ഞു. എടോ  ഞാന്‍ ബുദ്ധി പൂര്‍വ്വം എടുത്ത തീരുമാനമാണ്. പഴം പുഴുക്കുത്തണമെങ്കില്‍ അതില്‍ വെഷം ഏശിക്കാണില്ല. പുഴു തിന്നാതിരിക്കാന്‍ പുവാകുമ്പം തന്നെ വിഷം തളിച്ച് നല്ല ചെമന്നു തുടുത്ത പഴമാക്കി മാറ്റും.മനുഷരേ ആകര്‍ഷിക്കാന്‍. എടോ ഇത് പുഴുക്കുത്തിയ ഭാഗം ചെത്തിക്കളഞ്ഞാതന്നെ ബാക്കി ഭാഗം വിശ്വസിച്ച് തിന്നാമല്ലോ. തിരികെ തട്ടിമ്മേക്കേറിയിരുപ്പു പിടിച്ച സുന്ദരിപ്പഴം വിചാരിച്ചു. കണക്കു കൂട്ടുന്നപോലേം വിചാരിക്കുന്നപോലേം ഒന്നുമല്ലകാര്യങ്ങളവസാനിയ്ക്കുന്നത്. പുഴുക്കുത്തേറ്റ  പഴം ഒരുപാടുത്സാഹത്തില്‍
പൊതിക്കെട്ടിലായി സ്ഥലം വിട്ടു.