Tuesday, August 2, 2011

വെളുത്ത മനസ്സുള്ള കരിവണ്ട്പൂന്തോട്ടത്തിന്‍റെ ഒത്ത നടു ഭാഗത്തായി തേനൂറുന്ന ചുമന്ന പൂവ് വിടര്‍ന്നു
നിന്നു.നല്ല ചന്തമുള്ള പൂവെന്ന് ചുറ്റിനും നിന്ന കുഞ്ഞുചെടികളെല്ലാം പിറു പിറുത്തു.മുക്കുറ്റിയും..പൂവാംകുറിഞ്ഞിയും..തുമ്പപ്പൂവും എല്ലാം.അവരാഗ്രഹിച്ചു.തങ്ങള്‍ക്കും ഇതേപോലെയുള്ള പൂവായിരുന്നെങ്കില്‍.
വര്‍ണ്ണചിറകുള്ള    ചിത്രശലഭങ്ങളെല്ലാം എത്തി.അവര്‍  ഉത്സാഹത്തോടെ നൃത്തം തുടങ്ങി.പൂവു സന്തോഷത്തോടെ അവര്‍ക്കെല്ലാം തേന്‍ വിളമ്പി.അതുകണ്ട് ദൂരെയൊരു
കരിവണ്ട് കൊതിയൂറി നില്‍ക്കുകയായിരുന്നു.അവനാകെ ഒരു ജാള്യത. ആ ചുവന്നു തുടുത്ത് ഭംഗിയുള്ള പൂവ് തന്നെ അടുപ്പിയ്ക്കുമോ.അവരൊക്കെ വര്‍ണ്ണ ചിറകുള്ള നല്ല ഭംഗിയുള്ള ‍ശലഭങ്ങള്‍. അവര്‍ക്കൊക്കെ പൂവ്
തേന്‍ വിളമ്പി കൊടുത്തു.സന്തോഷത്തോടെ..
തന്‍റെയീ കറുത്ത നിറം. ഉണ്ടക്കണ്ണുകള്‍. ഉരുണ്ട തല.അതവള്‍ക്ക് ഇഷ്ടപ്പെടുമോ? ഒന്നു ചെന്നു നോക്കിയാലോ..കരിവണ്ടു മടിച്ചു മടിച്ചു പൂവിന്‍റ പരിസരത്തുകൂടി പറന്നു .അവള്‍ ചോദിച്ചു കരിവണ്ടേ..കരിവണ്ടേ..നീമാത്രമെന്താ തേന്‍കുടിയ്ക്കാന്‍ വരാതെ ദൂരെ ഒതുങ്ങി നിന്നുകളഞ്ഞത്.?അവന്‍ പറഞ്ഞു.എന്‍റയീ നിറം..കറുകറാ കറുത്ത്.ഈ ഒട്ടും ഭംഗിയില്ലാത്ത എന്‍റ തല.അതേപോലെ ഈ ഉണ്ടക്കണ്ണുകള്‍.എനിയ്ക്കു തന്നെയറിയാം..എനിയ്ക്കൊട്ടും ചന്തമില്ലെന്ന്.ആ ഭംഗിയുള്ള ശലഭങ്ങളുടെ ഇടയില്‍ വിരൂപനായി..അതുകൊണ്ടു ഞാന്‍ മാറി ഒതുങ്ങി നിന്നു.പൂവു പറഞ്ഞു സൌന്ദര്യത്തിലൊരു കാര്യവുമില്ലാ കരിവണ്ടേ....മനസ്സു നന്നായാല്‍ മതി.അതാണു സൌന്ദര്യം.ഒരുവന്‍റ മനസ്സാണ് അവന്‍റ സൌന്ദര്യം.നീ വരിക.ഇതാ ഞാന്‍ നിനക്ക്  പൊന്‍ തളികയില്‍ തേന്‍ പകര്‍ന്നു വെച്ചിരിയ്ക്കുന്നു.
വേണ്ടുവോളം കഴിയ്ക്കുക.കരിവണ്ട് സന്തോഷം കൊണ്ട്  മൂളിപ്പറന്നു പൂവിന്‍റടുത്തിരുന്ന് വേണ്ടുവോളം തേന്‍ നുകര്‍ന്നു.മനസ്സില്‍ നിഷ്ക്കളങ്കനായ കരിവണ്ട് അന്നുതൊട്ട് മൂളിപ്പാട്ടും പാടി പറന്നു നടന്നു....

5 comments:

 1. മനുഷ്യജീവിതവുമായി പൊരുത്തപ്പെട്ട സുന്ദരമായ ഒരു ആശയം.! ലാളിത്യമുള്ള, സുന്ദരിയായ, തേൻ കിനിയുന്ന ചുവന്ന പൂവിന്റെയും സ്വന്തം രൂപത്തിൽ സങ്കോചം പ്രകടിപ്പിക്കുന്ന വണ്ടിന്റെയും മനസ്സുകളുടെ ഐക്യഭാവവും, സുന്ദരശലഭങ്ങളുടെ ആത്മസംതൃപ്തിയും...എല്ലാം ചേർന്ന ഉദാത്തമായ എഴുത്ത്. കുസുമം ആർ പുന്നപ്രയുടെ ഇതുവരെയുള്ള രചനകളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടവയിൽ പ്രഥമസ്ഥാനം, കുറുക്കിക്കാച്ചിയ ഈ ജീവിതഗന്ധിയായ ഇതിനുതന്നെ. അനുമോദനങ്ങൾ....

  ReplyDelete
 2. ഒരുവന്‍റ മനസ്സാണ് അവന്‍റ സൌന്ദര്യം...ഈ കൊച്ചുകഥ ഇഷ്ടായി ചേച്ചി

  ReplyDelete
 3. ഇന്നത്തെ കാലത്തിനു ചേർന്ന കഥയായിട്ടു തോന്നുന്നില്ല. ഇന്ന് സൌന്ദര്യം മാത്രമല്ല സമ്പത്ത് പോലുള്ള മറ്റു പലതുമാണ് മുന്നിൽ. സ്വഭാവ ശുദ്ധിക്ക് അത്ര വലിയ വിലയൊന്നുമില്ല. പണത്തിനു മീതെ പരുന്തും പറക്കില്ലല്ലൊ.
  ആശംസകൾ...

  ReplyDelete
 4. മനസ്സ് നന്നാവട്ടെ.........മാനവ ഹൃത്തിന്‍ ചില്ലയിലെല്ലാം മാമ്പുകള്‍ വിടരട്ടെ.........കഥ നന്നായി.
  [എന്‍റെ ഒരു കുഞ്ഞു പോസ്റ്റ്‌ ഉണ്ട് ''അവള്‍ '']

  ReplyDelete
 5. ഇതിലഭിപ്രായമിട്ട എന്‍റ നല്ല കൂട്ടുകാരോട് നന്ദി അറിയിക്കട്ടെ.

  ReplyDelete