Monday, March 5, 2012

കാര്‍മേഘത്തിന്‍റ കാരുണ്യം




  അപ്പുപ്പന്‍താടിപോലെ  രണ്ടു കുഞ്ഞു  വെള്ളി  മേഘത്തുണ്ടുകള്‍ ആകാശത്തുകൂടി കളിച്ചു രസിച്ച് ഒഴുകി പോകുകയായിരുന്നു.അപ്പോളതുവഴി ഒരു
കാര്‍മേഘത്തുണ്ട് ഒരുപാടു വേഗത്തില്‍ ഓടി പോകുന്നതു കണ്ടു. ഇതുകണ്ടുകൊണ്ട് വെള്ളി മേഘങ്ങള്‍ ചോദിച്ചു. കാര്‍മേഘമേ നീ എന്താ ഇങ്ങനെ പാഞ്ഞു പോകുന്നത്.
 ഇത്തിരിനേരം ഞങ്ങളുടെ കൂടെ നിന്ന് കളിച്ചിട്ടു പോകാം.    അപ്പോള്‍ കാര്‍മേഘം അവരോടു പറഞ്ഞു. എനിയ്ക്ക് ഒട്ടും നില്‍ക്കുവാന്‍ സമയമില്ല ചങ്ങാതിമാരെ .അപ്പോള്‍ വെള്ളി മേഘത്തുണ്ടുകള്‍ രണ്ടുപേരും കൂടി കാര്‍മേഘത്തിനോടു ചോദിച്ചു . അതെന്താ അങ്ങിനെ. അപ്പോള്‍ കാര്‍മേഘം മറുപടി പറഞ്ഞു.അതോ അത് എന്നെ കടലമ്മ ഒരു ജോലി ഏല്‍പ്പിച്ചു വിട്ടിരിക്കുകയാണ്. ഓഹോ അതെന്താ ആ ജോലി. മറ്റെ മേഘങ്ങളാകാംക്ഷയോടെ ചോദിച്ചു. കാര്‍മേഘം മറുപടി പറഞ്ഞു. നിങ്ങള്‍ താഴോട്ടു. നോക്കൂ. ഭൂമിയിലെ വയലുകളെല്ലാം വരണ്ട് വിണ്ടു കീറി കിടക്കുന്നതു കണ്ടില്ലേ.... കുളങ്ങളും കിണറുകളും എല്ലാം വറ്റി വരണ്ടു കിടക്കുന്നതു കണ്ടില്ലേ...ചെടികളെല്ലാം ഉണങ്ങി കരിഞ്ഞു നില്‍ക്കുന്നതു കണ്ടില്ലേ.. നദികള് വറ്റി മണ്ണ് മാത്രമായിട്ടിരിക്കുന്നതു കണ്ടില്ലേ... വേഴാമ്പല് വായും പൊളിച്ച് ദാഹിച്ചു മുകളിലോട്ടു നോക്കി തപസ്സു ചെയ്യുന്നതു നിങ്ങള്‍ കാണുന്നില്ലേ.. അപ്പോളവര്‍ കാര്‍ മേഘത്തിനോടു പറഞ്ഞു. ഉണ്ട് ഉണ്ട് ഞങ്ങളും കാണുന്നുണ്ടല്ലോ ഇതൊക്കെ.അതുകൊണ്ട് നീ ഓടീട്ട് എന്തു കാര്യം അപ്പോള്‍ കാര്‍ മേഘം പറഞ്ഞു. എന്നെ കടലമ്മ ഒരു ജോലി ഏല്‍പ്പിച്ചെന്നു പറഞ്ഞില്ലേ.. എന്നില്‍ നിറയെ നീരാവിയാണ്. കടലമ്മ തന്നതാണ്. ഇത് ഓടിയോടി അങ്ങ് മുകളില്‍ ചെന്നു തണുക്കുമ്പോള് മഴത്തുള്ളിയായി മാറും. അതു താഴേക്കു വീണ് വെള്ളമാകുമ്പോള് കുളത്തിലും നദിയിലും കിണറിലും ഒക്കെ വെള്ളം കിട്ടും.. വായും പൊളിച്ചിരിക്കുന്ന വേഴാമ്പലിന്‍റ വായിലോട്ട് അതു വീഴുമ്പോളവന്‍റ ദാഹമെല്ലാം തീരും . ചെടികള്‍ക്കെല്ലാം പുതു നാമ്പുവരും.അപ്പോള്‍ വെള്ളി മേഘങ്ങളു വീണ്ടും പറഞ്ഞു. അയ്യോ ചങ്ങാതീ ഞങ്ങളോടും കടലമ്മ ഇതു പറഞ്ഞതാണ്. പക്ഷെ അപ്പോള്‍ വെള്ളമായിക്കഴിയുമ്പോള്‍ പിന്നെ നമ്മള്‍ മേഘങ്ങളങ്ങില്ലാതെ വരില്ലേ...അതുകൊണ്ട് ഞങ്ങളു പറഞ്ഞു ഞങ്ങള്‍ക്ക് ആ ജോലി വയ്യെന്ന്.
അപ്പോള്‍ കാര്‍മേഘം പറഞ്ഞു. നമ്മളില്ലാതായാലും നമ്മളു മുഖാന്തിരം ഭൂമിയ്ക്ക് എത്ര മാത്രം ഉപകാരമായി എന്ന് നിങ്ങളോര്‍ക്കാത്തതെന്തേ... അപ്പോള്‍ വെള്ളി മേഘത്തുണ്ടുകള്‍ കാര്‍ മേഘത്തിനോടു പറഞ്ഞു. ശരിയാണ് ചങ്ങാതീ.. നീ ഞങ്ങടെ കണ്ണു തുറപ്പിച്ചു. മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യുന്ന നിന്നെപ്പോലെ ഞങ്ങളും കടലമ്മയുടെ അടുക്കല്‍ പോയി നീരാവി കൊണ്ടുവരാം. നീ ഓടിപ്പൊയ്ക്കോ. ഞങ്ങളും ദേ പുറകേ എത്തിക്കഴിഞ്ഞു. അതുപറഞ്ഞ് അവരും കളി മതിയാക്കി, കാര്‍മേഘത്തിനെ പ്പോലെ നീരാവിയും വഹിച്ച് കാര്‍മേഘമായി ഭൂമിയില്‍ മഴ പെയ്യിച്ചു.അങ്ങിനെ ഭൂമിയിലെ വരള്‍ച്ച എല്ലാം പോയി.

6 comments:

  1. നമ്മളില്ലാതായാലും നമ്മളു മുഖാന്തിരം ഭൂമിയ്ക്ക് എത്ര മാത്രം ഉപകാരമായി എന്ന് നിങ്ങളോര്‍ക്കാത്തതെന്തേ... !!!!!

    അതാണി കൊച്ചു കഥയിലെ വലിയ ചിന്ത

    ആശംസകള്‍

    ReplyDelete
  2. കഥ ഇഷ്ടമായി.കാര്‍മേഘം ചെറിയ മേഘത്തൊട് തെറ്റ് ചൂണ്ടി കാട്ടിയപ്പോള്‍ അവര്‍ അത് തിരുത്തിയല്ലൊ. അതാ എനിക്ക് ഇഷ്ടമായത്..

    ReplyDelete
  3. ബാഷ്പീകരണ പ്രക്രിയ കഥയിലൂടേ വിവരിച്ചു, ആശംസകൾ

    ReplyDelete
  4. നമ്മള്‍ അനുഭവിക്കുന്ന ഓരോ മഴയിലും കാര്‍മേഘങ്ങളുടെ അത്മാഹുതിയുണ്ട് എന്നും വായിക്കാം അല്ലെ ? Very Good.

    ReplyDelete
  5. വായിച്ചപ്പോള് നേഴ്സറി കവിത വായിക്കുന്നതു പോലെ ഒരു തോന്നല്‍..

    ReplyDelete