Friday, May 4, 2012

എന്നോടെന്തിനീക്രൂരത

 .ഞാനൊരുപാവം പിടിയാന  ആണ്.
                    കൂട്ടുകാരെ കേട്ടോളു. എന്നോടു ചെയ്യുന്ന ക്രൂരത.കാട്ടില്‍ കളിച്ചു നടന്ന കാലത്താണ് ചതിക്കുഴി ഉണ്ടാക്കി  അവരെന്നെ പിടിച്ചത്. നാട്ടില്‍ കൊണ്ടുവന്ന അവരെന്നോട് ആദ്യമാദ്യം നല്ല സ്നേഹത്തിലാണ് പെരുമാറിയത്. അവരെന്നു പറഞ്ഞാല് മനുഷമ്മാര്.പിന്നെ പിന്നെ എന്നെ അവര് ഉപദ്രവിക്കാന്‍ തുടങ്ങി. എടത്തിയാനെ വലത്തിയാനെ എന്നൊക്കെ പറയും. അവരുടെ ഭാഷ ..എനിയ്ക്കതൊട്ട് അറിയത്തും ഇല്ല. അവരു വിചാരിക്കുന്നതുപോലെയല്ലെങ്കില്‍  നീളമുള്ള ഒരു വടിവെച്ച് എന്‍റ പുറം അടിച്ചു പൊളിക്കും. വേദന കൊണ്ട് ഞാന്‍ ബ്രാ..............എന്ന് കരയും. പിന്നെ ഇരുമ്പിന്‍റ ഒരു വടിയും കാണും .  അറ്റം വളഞ്ഞ ആ വടിക്ക് ആനത്തോട്ടിയെന്നാണ് പറയുന്നത്.അതു വെച്ച് എന്‍റ ചെവീടെ പുറകിലിട്ട് ആഞ്ഞു കുത്തും. എന്നെ നയിച്ചോണ്ടു പോകുന്നത്  മെലിഞ്ഞുണങ്ങി അശുവായ രണ്ടു പാപ്പന്മാരാണ്. ഒരു വലിയ പാപ്പാനും ഒരു ചെറിയ പാപ്പാനും.അവരുടെ വിചാരം അവരെ പേടിച്ചിട്ടാണ്  അവരു പറയുന്നതുപോലെ ഞാനെല്ലാം ചെയ്യുന്നതാണെന്നാണ്. അതൊന്നുമല്ല കൂട്ടുകാരെ. എനിക്ക് അവരെക്കാളും എന്നാ ശക്തിയാ. ഞാനൊന്നു തോണ്ടിയാലവരു ദൂരെ കിടക്കും. ചെറുതിലേ അമ്മ എന്നെ അനുസരണ ശീലം പഠിപ്പിച്ചതുകൊണ്ട് ഞാനെല്ലാം അനുസരിക്കും.
       ഇനി എന്നെക്കൊണ്ടു ചെയ്യിക്കുന്ന പണി എന്താണെന്നു നിങ്ങക്കു കേക്കണോ. കാട്ടിലെ കൂപ്പിക്കൊണ്ടു പോയി തടി പിടിപ്പിക്കല്‍. കൂപ്പെന്നു പറഞ്ഞാല്‍ ഒരുപാടു വൃക്ഷങ്ങളു വളരുന്നസ്ഥലം. അവിടെ വെട്ടിയിടുന്ന തടിയെല്ലാം എടുത്തോണ്ട് ദൂരെ ലോറി കിടക്കുന്നിടത്തു കൊണ്ടു പോയി ഇടണം. എനിക്കാണേല്‍ കൊമ്പും ഇല്ല. അതിനവരു ചെയ്യുന്ന പണി എന്താണെന്നോ വലിയ വടം തടിയില്‍ ചുറ്റിയിട്ട് അതിന്‍റ മറ്റെയറ്റം എന്‍റ അണപ്പല്ലുവെച്ച് കടിച്ചു പിടിപ്പിക്കും. എന്നിട്ട് തുമ്പിക്കൈ ചുറ്റി വലിക്കണം. എന്‍റ കഷ്ടപ്പാടു നിങ്ങളൊന്നു് ഓര്‍ത്തു നോക്കിക്കേ. എന്നിട്ടൊരു പറച്ചിലും തടിപിടിക്കാന്‍ പിടിയാനെയാണ് ഏറ്റവും പറ്റിയതെന്ന്.
     പിന്നെ വേറൊരു സങ്കടം എന്താണെന്നു വെച്ചാല്‍ ആഹാരോം നേരെ ചൊവ്വേ തരത്തില്ല. എന്‍റ ഉടമസ്ഥനോട് എനിക്കുള്ള ആഹാരം വാങ്ങിക്കാനുള്ള പൈസ          കണക്കു പറഞ്ഞ് വാങ്ങും .എന്നിട്ട് അതും പാപ്പാന്മാരങ്ങ് വഹിക്കും. എന്തു ചെയ്യാം ഞാനൊരു മിണ്ടാപ്രാണി മൃഗമായി പ്പോയില്ലേ.

നിങ്ങളോടു ഞാനൊരു കാര്യം പറയാം. നല്ല രസമാണേ. കേട്ടോളു. ഒരു ദിവസം ഇതേ പോലെ എന്നെ ഒരിടത്ത്  തടിപിടിക്കാന്‍ കൊണ്ടുപോയി. എനിയ്ക്ക് എടുക്കാവുന്നതിലും വലിയ ഭാരമുള്ള മൂന്നു തേക്കും തടിയായിരുന്നു. വലിയാനെ..വലിയെടീ എന്നും പറഞ്ഞ് ആ  തോട്ടിവെച്ച് എന്‍റ കാലിലിട്ട് കുത്തുവേം അടിക്കുകേം ഒക്കെചെയ്ത് എന്നേക്കൊണ്ട് ആ മൂന്നുതടീം പിടിപ്പിച്ചു ദൂരെക്കൊണ്ടിടീച്ചു കൂട്ടുകാരെ. എന്നിട്ട് ഒരു തെങ്ങോല പോലും എനിക്കു വെട്ടിത്തന്നില്ല. അതും പോരാഞ്ഞ് എന്നെ ഒരു കടേടെ മുമ്പിക്കൊണ്ടു നിര്‍ത്തി എന്‍റ പാപ്പമ്മാര് മൃഷ്ടാന്നം വയറു നിറയെ കഴിച്ചു. അവര് എന്നെ  ഒരു മരത്തിന്‍റ ചോട്ടില്‍ തളച്ചിട്ട് കിടന്നുറങ്ങുവാരുന്നു. ഞാനിവിടെ വെശന്നു പൊരിഞ്ഞു നിക്കുവാണെ. അവരുറങ്ങി കിടന്നപ്പം രണ്ടിനേം  ഫുട്ബാളു തട്ടുന്നതുപോലെ ഒരു തട്ടു കൊടുത്തു. ചെറുതായിട്ടേ തട്ടിയുള്ളു കേട്ടോ. അവരുരുണ്ട് ദൂരെ ചെന്നു കിടന്നു. ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്നും പറഞ്ഞ് ഞാനും നിന്നു. അവര്‍ക്ക് കാര്യം പിടികിട്ടി.  അവക്കു വിശന്നു നിക്കുവാണെന്ന് രണ്ടുപേരും കൂടി പറയുന്ന കേട്ടു. കുറച്ചു കഴിഞ്ഞപ്പം ഒരു കുലപ്പഴം ദേ എന്‍റ മുമ്പില്‍. ഞാന്‍ കുശാലായി തിന്നു. അന്നെനിക്കു മനസ്സിലായി പ്രതികരിക്കാതിരുന്നാലീ മനുഷമ്മാര്  നടുവൊടിയുന്നതുവരെ പണി എടുപ്പിക്കും എന്നിട്ട് പട്ടിണിക്കിടുകേം ചെയ്യുമെന്ന്. ഞങ്ങളിങ്ങനെ ഇടയ്ക്കിടയ്ക്ക് പിണങ്ങുന്നതിനാണ് അവരു പറയുന്നത് ആന ഇടഞ്ഞേ..ആള്‍ക്കാരെ ഉപദ്രവിച്ചേ... എന്നൊക്കെ. ഞങ്ങളോടു ചെയ്യുന്ന ക്രൂരത ആരും പറയുന്നുമില്ല. അറിയുന്നുമില്ല. ഞങ്ങളു പിണങ്ങിയാമാത്രം എല്ലാവരുമറിയുകേം ചെയ്യും. അതു കൊള്ളാമോ കൂട്ടുകാരെ നിങ്ങളുതന്നെ ഉത്തരം പറ.

4 comments:

 1. ""അളമുട്ടിയാ പാമ്പും കടിക്കും""

  ReplyDelete
 2. രസായി .... വ്യത്യസ്തം...

  ReplyDelete
 3. “ആന ഇടഞ്ഞേ..ആള്‍ക്കാരെ ഉപദ്രവിച്ചേ... എന്നൊക്കെ. ഞങ്ങളോടു ചെയ്യുന്ന ക്രൂരത ആരും പറയുന്നുമില്ല. അറിയുന്നുമില്ല. ഞങ്ങളു പിണങ്ങിയാമാത്രം എല്ലാവരുമറിയുകേം ചെയ്യും. അതു കൊള്ളാമോ കൂട്ടുകാരെ നിങ്ങളുതന്നെ ഉത്തരം പറ.“

  അതു കൊള്ളത്തില്ല കൂട്ടുകാരി കൊള്ളത്തില്ല...!
  ആനയാണെങ്കിലും പെൺവർഗ്ഗത്തോടുള്ള മാത്രമുള്ള സ്നേഹം ഇച്ചിരി കടന്നു പോയില്ലേ...? കൊമ്പുണ്ടെങ്കിലെന്താ മരപ്പണിക്കു കൊള്ളത്തില്ലേ...?
  പിടിയാനക്കഥ നന്നായിരിക്കുന്നു.
  ആശംസകൾ...

  ReplyDelete
 4. ഈ ക്രൂരത നന്നല്ല ....

  അള മുട്ടിയാല്‍ പാമ്പും കടിക്കും എന്നത് വാസ്തവം

  ReplyDelete