Sunday, June 5, 2011

കൊക്കമ്മാവനും തന്നാലായത്





 
   ലാലുമോന്‍  അവന്‍റെ മുല്ലേരി ഗ്രാമത്തിലെ ഒരു കുളക്കടവില്‍ സങ്കടപ്പെട്ടോണ്ട് ഇരിക്കുമ്പോളായിരുന്നു വലിയ ചിറകും വിരിച്ച് ആ കൊക്കമ്മാവന്‍ കുളക്കടവില്‍ പറന്നു വന്നിരുന്നത്.കൊക്കമ്മാവന്‍ ലാലുമോനോടു ചോദിച്ചു."നീയെന്താണിങ്ങനെ വിഷമിച്ചിരിക്കുന്നത്.കഴിഞ്ഞ തവണഞാന്‍ വന്നപ്പോള്‍ നീ ഈ കുളക്കടവില്‍ നല്ല സന്തോഷത്തിലിരുന്നതല്ലേ".ലാലുമോന്‍ കൊക്കമ്മവനോടു പറഞ്ഞു."അമ്മാവന്‍ ദാ..അങ്ങോട്ടൊന്നു നോക്കിക്കേ..ആ കുളത്തിലേയ്ക്ക്."കുളത്തിലെ മീനെല്ലാം ചത്തു പൊങ്ങിക്കിടക്കുന്ന കാഴ്ച കണ്ട് കൊക്കമ്മാവന്‍ അതിശയപ്പെട്ടു.
"ഇതെന്താ ലാലുമോനെ ഇങ്ങനെ.ഞാന്‍ വന്നതു തന്നെ ഈ കുളത്തീന്ന് അഞ്ചാറു മീനിനേം പിടിച്ചോണ്ടു പോകാമെന്നും കരുതിയാ." ലാലുമോന്‍ കാര്യങ്ങളെല്ലാം കൊക്കമ്മാവനെ പറഞ്ഞു കേള്‍പ്പിച്ചു."ഇവിടെയിപ്പോളിങ്ങനെയാണ് കൊക്കമ്മാവാ.ഞങ്ങടെ നാട്ടിലെ തോട്ടിലേം കുളത്തിലേം ജീവികളെല്ലാം ചത്തു പൊങ്ങുവാ.കിണറ്റിലേം തോട്ടിലേം കുളത്തിലേം വെള്ളമെല്ലാം വിഷമയമായിയെന്ന്  എല്ലാവരും കൂടി പറയുന്നത് ഞാന്‍ കേട്ടു.ഞാനത് കേള്‍ക്കാന്‍ചെന്നപ്പം ഓടിച്ചും വിട്ടില്ല.അവനും കൂടി കേള്‍ക്കട്ടെയെന്ന് ഒരു മാമന്‍ പറഞ്ഞു. ഇല്ലെങ്കി വലിയവരു പറയുന്നതൊന്നും ഞങ്ങളു പിള്ളേരെ കേള്‍പ്പിക്കുകയില്ല.ഓടിച്ചുവിടും".കൊക്കമ്മാവന്‍റെ ക്ഷമ കെട്ടു. കൊക്കമ്മാവന്‍ പറഞ്ഞു. "നീ കാര്യം ഇതുവരെ പറഞ്ഞില്ലല്ലോ ലാലുമോനെ, നീ കാര്യം പറ."ലാലു മോന്‍  പറഞ്ഞു "അതല്ലേ പറയാന്‍ പോകുന്നത്. ഞങ്ങടെ ഗ്രാമം മുഴുവനും എന്‍ഡോ സള്‍ഫാനെന്ന  മാരകമായ ഒരു വിഷം ബാധിച്ചേക്കുവാ. അതുകൊണ്ടാണിതെല്ലാം."
അതു കേട്ട കൊക്കമ്മാവന്‍ പറഞ്ഞു."ഓ..ലാലുമോനെ എനിയ്ക്കിപ്പം കാര്യം പിടികിട്ടി.കൃഷിക്ക് കീടങ്ങളെ കൊല്ലാനുള്ള വിഷം.  ഞാന്‍ അന്നാളൊരു ദിവസം അക്കരകണ്ടത്തു ചെന്നപ്പം കുരുവിപ്പെണ്ണും ഇക്കാര്യം എന്നോടു പറഞ്ഞു.അവളും കൂട്ടുകാരീം കൂടി ഏതോ പച്ചക്കറിതോട്ടത്തില്‍  ചെന്നെന്നും അവിടെ കിടന്ന ഒരു  പുഴുവിനെ അവളുടെ കൂട്ടുകാരി  കൊത്തി തിന്ന് ഇത്തിരി നേരം കഴിഞ്ഞപ്പം കൂട്ടുകാരി പെടച്ചുതല്ലി ചത്തുപോയീന്നും.അവളിപ്പം അതുകൊണ്ട്   പച്ചക്കറിതോട്ടത്തിലും ഒന്നും പോയി പുഴൂനെ തിന്നാറില്ലെന്നും പറഞ്ഞു. അവിടേം മുഴുവനും ഈ വിഷമാണെന്നാണ് കുരുവിപ്പെണ്ണു പറഞ്ഞത്."ലാലുമോന്‍ വീണ്ടും കൊക്കമ്മാവനോടു പറഞ്ഞു. "എന്‍റ അനിയന്‍ കുഞ്ഞാണെങ്കി നടക്കാന്‍ വയ്യാതെ കിടപ്പു തന്നെയാ. അമ്മ പറഞ്ഞു അവനും വിഷം ബാധിച്ചെന്നാ. എന്നോടു പറഞ്ഞത് എവിടേലും  വിഷമില്ലാത്ത നാട്ടിപ്പോയി രക്ഷപ്പെട്ടോളാന്‍.ഞാനെവിടെപ്പോവാനാ.. അതും ആലോചിച്ചോണ്ടിരുന്നപ്പോളാണ് കൊക്കമ്മാവന്‍ പറന്നു വന്നത്."

  കൊക്കമ്മാവന്‍ പറഞ്ഞു. "നീ  സങ്കടപ്പെടാതിരി. നമുക്കു വഴിയുണ്ടാക്കാം.എനിയ്ക്ക് നിങ്ങള് കുട്ടികള്‍ക്കു വേണ്ടി ഒരു കാര്യം ചെയ്യാന്‍ കഴിയും.നിങ്ങളെയെല്ലാം വിഷമില്ലാത്ത   എന്‍റ നാടായ പൂന്തേന്‍ കരയില്‍ കൊണ്ടുപോകാം.ഇവിടുത്തെ വിഷമെല്ലാം പോയി കഴിഞ്ഞ് തിരിച്ചിവിടെ കൊണ്ടാക്കാം.ലാലുമോന്‍ ചെന്ന് കൂട്ടുകാരെയൊക്കെ കൂട്ടി  വീട്ടുകാരുടെ അനുവാദം വാങ്ങി വരിക." അവനെളുപ്പം ചെന്ന് കൂട്ടുകാരോടെല്ലാം കാര്യം പറഞ്ഞു.അച്ഛനോടും അമ്മയോടും പറഞ്ഞു. അനുവാദം വാങ്ങി. അവര്‍ക്കൊരുപാടു സന്തോഷമായി.ഒരു മോനെങ്കിലും ഈ വിഷക്കരയില്‍ നിന്നും രക്ഷപ്പെടുമല്ലോയെന്നു കരുതി.
 ലാലുമോന്‍ സന്തോഷത്തിലോടിവന്നു. കൊക്കമ്മാവന്‍, ആദ്യത്തെ കുട്ടി-- ലാലുമോനെയും മുതുകില്‍ കയറ്റി പൂന്തേന്‍ കരയിലേയ്ക്ക് പറന്നു.വഴിയില്‍ കൂട്ടുകാര്‍ ചന്തുവും ലില്ലിയും നില്‍ക്കുന്നുണ്ടായിരുന്നു. എളുപ്പം റെഡിയായി നിന്നോ..കൊക്കമ്മാവന്‍ അവനെക്കൊണ്ടു വിട്ടിട്ട് അവരെ കൊണ്ടുപോകാന്‍ വരുമെന്ന് അവനവരോടു പറഞ്ഞു.അവര്‍ ചിരിച്ചോണ്ട് ലാലുമോന് റ്റാറ്റാ കൊടുത്ത് യാത്രയാക്കി.

അങ്ങനെ  ലാലുമോനും കൂട്ടുകാരും വിഷമയമില്ലാത്ത പൂന്തേന്‍ കരയില്‍ ചെന്നു ചേര്‍ന്നു. അവിടെ വിഷം തളിയ്ക്കാതെ ചെയ്യുന്ന കൃഷിരീതികള്‍ കണ്ടു പഠിച്ചു.തിരിച്ച് മുല്ലേരി ഗ്രാമത്തില്‍ വന്നപ്പോള്‍ അതേപോലെ കൃഷിചെയ്യാനും ആരംഭിച്ചു. അങ്ങിനെ മുല്ലേരി ഗ്രാമം പതുക്കെ പതുക്കെ വിഷത്തില്‍ നിന്നും കരകയറി. എല്ലാത്തിനും കാരണക്കാരനായ കൊക്കമ്മാവനുവേണ്ടി അവരുടെ കുളങ്ങളില്‍
ഇഷ്ടം പോലെ മീനിനെ വളര്‍ത്തുകയും ചെയ്തു. അവനവനെ കൊണ്ട് ചെയ്യാന്‍ പറ്റുന്നതെന്തായാലും മറ്റുള്ളവര്‍ക്കുവേണ്ടി ചെയ്യണമെന്ന ഒരു പാഠവും പഠിച്ചു.





2 comments:

  1. കൊക്കമ്മാവനും തന്നാലായത്

    ReplyDelete
  2. കുട്ടിക്കഥകളും കവിതകളും പാട്ടുകളും കുഞ്ഞുമനസ്സില്‍ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ഞാനെന്റെ ഭാര്യയോട് പറയാറുണ്ട്, എന്റെ സ്വഭാവ രൂപീകരണത്തില്‍ 'തരംഗിണി'യുടെ ചില്‍ഡ്രന്‍ സോങ്ങ്സ് നിര്‍ണായക സ്വാധീനം ചെലുതിയിട്ടുണ്ടെന്ന്.

    ആശംസകള്‍.

    ReplyDelete