Friday, February 1, 2013

നിറത്തിന്റെ രഹസ്യം തേടി.



ഒരു സുന്ദരി ചിത്രശലഭം ഒരു പൂന്തോട്ടത്തില്   തേന്‍ കുടിക്കാന്‍ വന്നു.
പാറിപ്പറന്നു നടന്ന ആ പൂമ്പാറ്റ ആദ്യം തേന്‍കുടിക്കാന്‍ ചെന്നത് ആ വെളുത്ത മന്ദാരപ്പൂവിലേയ്ക്കായിരുന്നു.പൂമ്പാറ്റ മന്ദാരപ്പൂവിനോടുചോദിച്ചു. പൂവെ നീയെനിക്കു തേന്‍തന്നുവല്ലോ.എനിക്കു സന്തോഷമായി. പക്ഷെ എനി‍ക്കൊരു സംശയമുണ്ട്.നിനക്ക്  ഈ വെളുത്ത നിറം, .ഈ ശാന്തിയുടെയും സമാധാനത്തിന്‍റയും നിറം കിട്ടിയതെങ്ങിനെ? എത്ര  നല്ല നിറം.  പൂവു പെട്ടെന്നു തന്നെ പറഞ്ഞു. അതു പൂമ്പാറ്റെ, നമുക്കെല്ലാം സൂര്യന്‍ഏഴു നിറങ്ങളും തരുന്നു. ഞാനതിലൊന്നും എടുക്കാതെ മുഴുവനും പുറത്തേക്ക് വിടുന്നു. ഒന്നും ഞാന്‍ എന്നിലേയ്ക്ക് വിഴുങ്ങുന്നില്ല.   ഓ അങ്ങിനെയാണല്ലേ പൂമ്പാറ്റക്കു സമാധാനമായി.
അതു കഴിഞ്ഞാണ് പൂമ്പാറ്റ ആ ചെമപ്പു ചെമ്പരത്തിയുടെ അടുത്തേക്കു പോയത്.അപ്പോഴും പൂമ്പാറ്റ അവളുടെ ചോദ്യം ആവര്‍ത്തിച്ചു. ചെമ്പരത്തിയും പറഞ്ഞു. അത് പൂമ്പാറ്റേ എനിക്ക് സൂര്യന്‍ തന്ന ഏഴു നിറങ്ങളില്‍ എനിയ്ക്കിഷ്ടപ്പെട്ട ചുമപ്പു മാത്രം
പുറത്തേക്കു വിട്ടു. ബാക്കിയെല്ലാം ഞാന്‍ എന്നുള്ളിലേയ്ക്ക് എടുത്തു. മന്ദാരപ്പൂ പറഞ്ഞപോലെ വേണമെങ്കില്‍ വിഴുങ്ങി എന്നു തന്നെ പറയാം.                      അതുകൊണ്ടാണ് ഞാന്‍ ചെമന്നിരിക്കുന്നത്.
വീണ്ടും പൂമ്പാറ്റ മഞ്ഞപൂച്ചെടിയുടെ അടുത്തേക്കാണു പോയത്. അപ്പോള്‍ പൂച്ചെടി പറഞ്ഞു എനിയ്ക്കിഷ്ടം   ബുദ്ധിയുടെ നിറമായ മഞ്ഞ ആയതു കൊണ്ട് ഞാന്‍ ആ ഏഴു നിറങ്ങളിലും വെച്ച് മഞ്ഞ മാത്രമെടുത്തു  പുറത്തേക്കു വിട്ടു.  ബാക്കിയെല്ലാം ഞാന്‍ എന്നുള്ളിലേയ്ക്ക് എടുത്തു. അതുകൊണ്ട് ഞാന്‍ മഞ്ഞച്ചിരിക്കുവാ.
അപ്പോഴാണ് ആ ഒരു കാക്ക അതുവഴിപോയത്. മന്ദാരോം ,പൂച്ചെടീം,ചെമ്പരത്തീം എല്ലാം ഒരേ പോലെ അവന്‍ പോയപ്പോളൊരു ചിരി ചിരിച്ചു. കാക്ക തിരിഞ്ഞു നിന്നു.അവരു ചിരിച്ചതിന്റെ കാര്യം എന്താണ് എന്നു തിരക്കി. അപ്പോളാണ് പൂമ്പാറ്റ നിറത്തിന്റെ രഹസ്യം കാക്കക്കു പറഞ്ഞു കൊടുത്തത്. സൂര്യന്‍ നല്കിയ എല്ലാ നിറവും കൂടി വിഴുങ്ങിയതു കൊണ്ട് കറുത്തു പോയ കാക്ക സങ്കടപ്പെട്ട് അന്നു തുടങ്ങി കാ..കാ.. എന്നു കരഞ്ഞും കൊണ്ടു നടപ്പായി.

10 comments:

  1. ഓഹോ... അങ്ങനെയാണല്ലെ ഭൂമിയിൽ നിറങ്ങൾ കാണാനായത്..!!
    വസ്തുക്കൾ പുറത്തേക്ക് പ്രതിഭലിപ്പിക്കുന്ന പ്രകാശം കാരണമാണ് നമുക്ക് കാണാനാകുന്നത്. പ്രതിഫലിപ്പിക്കാൻ കഴിയാത്തതിനെ കറുപ്പായും അല്ലെങ്കിൽ ഇരുട്ടായും മുഴുവൻ പ്രതിഫലിപ്പിക്കാൻ കഴിയുന്നതിനെ വെളുപ്പായും നാം തിരിച്ചറിയുന്നു.
    വളരെ താഴ്ന്ന ക്ലാസ്സിൽ വളരെ വർഷങ്ങൾക്കു മുൻ‌പ് പഠിച്ചതാണ്. അതിനു ശേഷം ഓർക്കുന്നതു പോലും ഇപ്പോഴാണ്. എന്റെ നിഗമനം ശരിയാണോന്നറിയില്ല.

    ഈ കഥ കൊച്ചു കൂട്ടുകാർക് വേഗം മനസ്സിലാകും..
    ആശംസകൾ...

    ReplyDelete
  2. നിറങ്ങളേഴും....

    ReplyDelete
  3. അവനവനു വേണ്ടത് മാത്രം എടുക്കുന്ന മിതവ്യയശീലത്തിന്റെ സന്ദേശം, കറുപ്പിന് ഏഴഴക് എന്ന ചൊല്ലിലൂടെ സൂര്യന്റെ നിറങ്ങളെല്ലാം ചാലിച്ചത് പാവം കാക്കയിലാണെന്നും അതിന് ഏഴഴകാണെന്നും പറയാം.... ഇങ്ങിനെ പറഞ്ഞു കൊടുക്കുന്ന ആളിന്റെ മനോഭാവത്തിനും, കഥ കേൾക്കുന്ന കുട്ടിയുടെ താൽപ്പര്യത്തിനും ഇണങ്ങുന്ന വിധം രണ്ടു രീതിയിൽ ഈ കഥ പറായനാവുമെന്ന് തോന്നുന്നു.....

    കൊച്ചു കൂട്ടുകാർക്ക് ഇണങ്ങുന്ന ഭാഷ....

    ReplyDelete
  4. ങേ ... അത് അതന്നല്ലെയോ ഇത് !!!!!!

    ഈ ആശയം വെച്ച് ഞാനും എഴുതിയിരുന്നു . 2-3 വരിയില്‍ (പക്ഷെ കുട്ട്യോള്‍ടെ ഭാഷ ഇത് തന്നെ ; ഇങ്ങനെ പറഞ്ഞാലേ അവര്‍ക്ക് മനസിലാവൂ )
    നന്നായി എഴുതി

    ReplyDelete
  5. ഹോ, കൊള്ളാം കേട്ടോ ഇത്, വീട്ടില്‍ പോയിട്ട് വേണം മകനെ ഈ കഥ പറഞ്ഞു കേള്‍പ്പിക്കാന്‍ !

    ReplyDelete
  6. ശാസ്ത്രം അരച്ച് ചേര്‍ത്ത ഈ കുട്ടികഥ മനോഹരം . ആശംസകള്‍

    ReplyDelete
  7. ഞാനെന്‍റെ മോള്‍ക്ക് വായിക്കാന്‍ കൊടുക്കാട്ടൊ ഏഴഴകുള്ള ഈ കഥ...

    ReplyDelete
  8. കളറുണ്ടാകുന്നതിനെ കുറിച്ചും, നമുക്കു വേണ്ടത് മറ്റുള്ളവർക്ക് നൽകുന്നതിന്റെ മഹത്വവുമെല്ലാം പറയുന്ന വളരെ നല്ല ഒരു കഥ...

    എല്ലാ ആശംസകളും

    ReplyDelete