Saturday, January 5, 2013

കൂട്ടുകൃഷി ചെയ്ത കൂട്ടുകാര്‍




ടിങ്കു മുയലിന്‍റെ കയ്യിലിരുന്ന ക്യാരറ്റിലേക്ക് ആര്‍ത്തിയോടെ നോക്കിക്കൊണ്ട് ജിമ്മനാടു ചോദിച്ചു.നിനക്കെവിടുന്നാടാ ഈ കാരറ്റു കിട്ടിയത്.എനിക്കു വിശന്നിട്ടു വയ്യാ...ഇന്നൊന്നുമേ കഴിച്ചില്ല.അപ്പോള്‍ ടിങ്കു തിരിച്ചു ചോദിച്ചു. അതെന്താ ചേട്ടായീ ഇന്നൊന്നും കഴിക്കാഞ്ഞെ.  അപ്പോള്‍  ജിമ്മന്  വിഷമം വന്നു അവന്‍   പറഞ്ഞു,  അത് നീ നോക്കിക്കേ ചങ്ങാതീ.. ഈവലിയ മതില്  കെട്ടിയിരിക്കുന്നത്.  ഇതാണുകാരണം. എനിക്ക് അപ്പുറത്തുള്ള പുല്‍ത്തകിടീലേയ്ക്കൊന്നും പോകാനേ പറ്റുന്നില്ല. അവിടെയാണ് ധാരാളം കുറ്റിച്ചെടീം ഇലേം പുല്ലും എല്ലാമുള്ളത്.അപ്പോള്‍ ടിങ്കുവിന് സങ്കടമായി. അവന്‍ ആ കാരറ്റ് കൊടുത്തിട്ടു പറഞ്ഞു. ശരി ജിമ്മന്‍ ചേട്ടാ ഇതു തിന്നോ. ഞാന്‍ വയറു നിറയെ തിന്നതാ. എനിക്കു വിശപ്പൊന്നും ഇല്ല. അപ്പോള്‍ ജിമ്മനാടു പിന്നെയും ടിങ്കുവിനോടു പറഞ്ഞു.ഒരുദിവസം തിന്നാല്‍ മാത്രം പോരല്ലോ ചങ്ങാതി.   ഇനി എന്താണൊരു വഴി? ഇനിയുള്ള ദിവസങ്ങളിലും ആഹാരത്തിനൊരു മാര്‍ഗ്ഗവും കാണുന്നില്ല. ആ വലിയ മതിലുകാരണം അപ്പുറത്തോട്ടെറങ്ങാന്‍ പറ്റുന്നും ഇല്ല. അപ്പോള്‍ ടിങ്കു മുയലു പറഞ്ഞു. ചേട്ടായീ എന്‍റ മനസ്സിലൊരു ഉപായം തോന്നുന്നു. നമുക്കൊരു കാര്യം ചെയ്യാം നമുക്കു വേണ്ട ഭക്ഷണം ഇവിടെ തന്നെ  നട്ടു വളര്‍ത്തിയാലോ. നമുക്കിവിടെ ഒരു കൃഷിതോട്ടം ഉണ്ടാക്കാം.അപ്പോള്‍ ജിമ്മനാടു പറഞ്ഞു. അതിന് വിത്തും വളവും വെള്ളവും ഒക്കെ വേണ്ടേ. അപ്പോള്‍ ടിങ്കു മുയലു പറഞ്ഞു. ശരിയാ ജിമ്മന്‍ ചേട്ടാ.എല്ലാം വേണം. അതിനൊക്കെ മാര്‍ഗ്ഗമുണ്ടാക്കണം. നമുക്ക് ശ്രമിക്കാം.

    ആദ്യമായി നമുക്ക് വെള്ളത്തിന്‍റ കാര്യം ആലോചിക്കാം. അതാണല്ലോ ആദ്യം വേണ്ടത്. വിത്തു മുളക്കണമെങ്കില്‍ വെള്ളമില്ലാതെ പറ്റുകയില്ല.  ഒരു വലിയ കുഴികുഴിച്ച് മഴവെള്ളം ശേഖരിക്കാം. കുഴി കുഴിക്കാന്‍ വേണേല് ആ മണ്ടന്‍ പെരുച്ചാഴിയേ കൂടി വിളിക്കാം. അവനാണെങ്കി കുഴി കുഴിച്ച് നല്ല പരിചയമാണുതാനും.  അപ്പോള്‍ ജിമ്മന്‍ പറഞ്ഞു. നീയൊരു ബുദ്ധിമാന്‍ തന്നെ. ഞാന്‍ സമ്മതിച്ചിരിക്കുന്നു.എന്‍റെ മനസ്സിലിത് തോന്നിയേ ഇല്ല.പക്ഷേങ്കിലൊരു കാര്യമുണ്ട് വളമാണെങ്കിലെന്‍റെ കാഷ്ടം. മതി. ആട്ടിന്‍ കാഷ്ടം  പശൂന്‍റെ ചാണകം പോലെ തന്നെ നല്ല വളമാണെന്നാണ് മനുഷേമ്മാരു പറയുന്നത്. അതു കൊണ്ട് വളത്തിനു പാടില്ല.. ടിങ്കു മുയലു പറഞ്ഞു. അപ്പോള്‍ വെള്ളവും വളവുമായി. ഇനി വിത്തിനെന്തു ചെയ്യും. ഇവരുടെ വര്‍ത്തമാനങ്ങളെല്ലാം കേട്ടോണ്ട് ആ മതിലില്‍ മൂന്നു കുരുവികളിരിക്കുകയായിരുന്നു. അപ്പോളവരു മൂന്നുപേരും കൂടി പറഞ്ഞു. കൂട്ടുകാരെ വിത്തിനു വേണ്ടി നിങ്ങള് വിഷമിക്കുകയേ വേണ്ട. ഞങ്ങളു തീറ്റ തിന്നാന്‍  തോട്ടങ്ങളില്‍ പോകുമ്പോള്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള വിത്തു ഞങ്ങളു ഞങ്ങടെ ചുണ്ടില്‍ കൊത്തിയെടുത്തു കൊണ്ടു തരാം. അതുകേട്ടപ്പോള്‍ ടിങ്കു മുയലിനും ജിമ്മനാടിനും ഒരുപാടു സന്തോഷമായി. അവര്‍ പറഞ്ഞു. കുരുവി കൂട്ടുകാരെ വളരെ വളരെ സന്തോഷം.. ഞങ്ങളാവശ്യപ്പെടാതെ തന്നെ നിങ്ങളു ഞങ്ങള്‍ക്ക് വിത്തു കൊണ്ടു തരാമെന്നു പറഞ്ഞല്ലോ.ഇന്നത്തെ കാലത്ത് ഇങ്ങനത്തെ കൂട്ടുകാരെ കാണാന്‍ പോലും കിട്ടുകയില്ല. ഇതെല്ലാം കേട്ടു കൊണ്ട്  അവിടെ അടുത്ത് ഒരു മൂളന്‍ മൂങ്ങ ഇരിപ്പുണ്ടായിരുന്നു.അവനുടനെ പറഞ്ഞു. കൂട്ടുകാരെ ഞാനാണെങ്കി രാത്രിയിലുണര്‍ന്നിരിക്കുന്നവനാണ്. നിങ്ങളുടെ കൃഷിതോട്ടത്തിന് ഞാന്‍ രാവെളുക്കുവോളം കാവലു നിന്നോളാം. നിങ്ങളുടെ തോട്ടത്തിലെ ഒരു വിളയും കള്ളന്‍ കൊണ്ടുപോകാതെ ഞാന്‍ നോക്കിക്കോളാം. അപ്പോഴും ടിങ്കുവും ജിമ്മനും കൂടി മൂളന്‍ മൂങ്ങയുടെ നല്ല മനസ്സിന് നന്ദി പറഞ്ഞു.
  അങ്ങിനെ ടിങ്കുവും ജിമ്മനും  കൂടി ഒരു നല്ല ഒന്നാംതരം കൃഷിതോട്ടമുണ്ടാക്കി. നല്ല നല്ല വിത്തുകള്‍ കുരുവി കൂട്ടുകാര്‍ കൊണ്ടു കൊടുത്തു.തോട്ടത്തിലവരു പയറും, കാരറ്റും ചീരയും  ഒക്കെനട്ടു പിടിപ്പിച്ചു. തോട്ടത്തിന്‍റ അരികിലായി ചുറ്റിനും ഒരു പുല്‍ത്തകിടിയും ഉണ്ടാക്കി.നടുക്കുഭാഗത്തായിട്ടാണ് മഴവെള്ളം ശേഖരിക്കാനുള്ള കുഴി ഉണ്ടാക്കിയത്.
രാത്രി വെളുക്കുവോളം മൂളന്‍ മൂങ്ങ കാവലുനിന്നു. കൃഷി നശിപ്പിക്കുവാന്‍ വന്ന നച്ചെലിയെയും തവളക്കുഞ്ഞന്‍മാരെയും എല്ലാം മൂളന്‍ മൂങ്ങ തിന്നു വയറു നിറച്ചു.വിള നശിപ്പിക്കാന്‍ വന്ന പുഴുക്കളെയെല്ലാം കുരുവികള്‍ കൊത്തി വിഴുങ്ങി. അങ്ങിനെ അവരും വയറു നിറച്ചു. അങ്ങിനെ ജിമ്മനാടിനും ടിങ്കു മുയലിനും ഇഷ്ടം പോലെ ആഹാര സാധനങ്ങള്‍ അവരുതന്നെ കൃഷിചെയ്തുണ്ടാക്കി.അവിടെ ഭക്ഷണം തേടി വന്നവര്‍ ക്കെല്ലാം അവരിഷ്ടം പോലെ കാരറ്റും പയറും ചീരയും എല്ലാം കൊടുത്തു സന്തോഷിപ്പിച്ചു വിട്ടു.അങ്ങിനെ അവരുടെ കൂട്ടായ പ്രയത്നം കൊണ്ട് അവിടെ ഒരു നല്ല കൃഷി തോട്ടം ഉണ്ടാക്കി. അവിടെ യുള്ള ബാക്കി മൃഗങ്ങളും ഇതു കണ്ട് അവരവര്‍ താമസിക്കുന്ന സ്ഥലത്ത് ഇതേപോലെ ഒരോ കൃഷിതോട്ടം ഉണ്ടാക്കി.



3 comments:

  1. കൊച്ചു കൂട്ടുകാര്‍ക്കായി ഇവിടെയൊരുക്കിയിരിക്കുന്ന സൃഷ്ടികള്‍ വളരെ മനോഹരം ഒപ്പം
    ലളിതവും. കൂട്ട് കൃഷി നല്ലൊരു പാഠം പറഞ്ഞു കൊണ്ട് അവസാനിപ്പിച്ചു നന്നായിരിക്കുന്നു.
    ഇവിടെ ഇതാദ്യം കൊള്ളാം ടീച്ചറേ വീണ്ടും വരാം, സൃഷ്ടികള്‍ പോസ്റ്റുമ്പോള്‍ ഒരു
    മെയില്‍ വിടുക. സസ്നേഹം ഫിലിപ്പ് ഏരിയല്‍
    PS : എന്റെ ബ്ലോഗില്‍ വന്നതിലും പറഞ്ഞതിലും ഒപ്പം നന്ദി

    ReplyDelete
    Replies
    1. ആട്ടിന്‍ കാഷ്ടം പശൂന്‍റെ ചാണകം പോലെ തന്നെ നല്ല വളമാണെന്നാണ് മനുഷേമ്മാരു പറയുന്നത്. അതു കൊണ്ട് വളത്തിനു ‘പാടില്ല..’
      ഈ പാടില്ലാ...ക്ക് ബുദ്ധിമുട്ടില്ല എന്ന അർത്ഥം ഉണ്ടോ...?
      കുസുമേച്ചി പറഞ്ഞ പോലൊരു അർത്ഥം എവിടേയും ഓർക്കാൻ കഴിഞ്ഞില്ല.

      കുടുംബശ്രീ പോലുള്ള സംരംഭങ്ങൾ ഇത്തരത്തിൽ ഒരുമയോടെ കൃഷിയിറക്കുന്നതായി കേട്ടിട്ടുണ്ട്. ഇനിയുള്ള കാലം ഈ രീതിയേ നടക്കുകയുള്ളു. കുട്ടിക്കഥക്ക് ആശംസകൾ...

      Delete
  2. ഇത്തിരി താമസിച്ചു എങ്കിലും ..... ഒരു അഭിപ്രായം പറയാല്ലോ ല്ലേ ....
    ഒരു കൊച്ചു കുട്ടിയായി വായിച്ചപ്പോള്‍ കഥ ഉഗ്രനായി :)
    വീണ്ടും വരാം

    ഇനി ഞാനും ഉണ്ട് ബ്ലോഗില്‍ കൂട്ടുകാരനായി

    ReplyDelete