Thursday, April 26, 2012

കള്ളനെ കണ്ടു പിടിച്ചേ



 കറുമ്പി കോഴി  അങ്കവാലന്‍ പൂവന്‍ കോഴിയുടെ അടുത്തു്  ഒരു ദിവസം കരഞ്ഞും കൊണ്ട് വന്നു.കറമ്പികോഴീടെ കരച്ചിലു കണ്ടപ്പോളങ്കവാലനും സങ്കടമായി. അവന്‍ പറഞ്ഞു .നീ കാര്യം പറ പെണ്ണേ എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുന്നതാണെങ്കില്‍ ഞാന്‍ ചെയ്തു തരാം.   കറമ്പിക്കോഴി പറഞ്ഞു.
നോക്കിക്കെ അങ്കവാലന്‍ചേട്ടാ. എന്ത് ആശിച്ചു മോഹിച്ചാണെന്നോ അഞ്ചു  കുഞ്ഞുങ്ങളെ കിട്ടിയത്. എത്രദിവസം ഞാനാഹാരം പോലും കഴിയ്ക്കാതെ മുട്ടയ്ക്ക് ചൂടും കൊടുത്ത് ഇരുന്നിട്ടാണെന്നോ ഈ അഞ്ചെണ്ണത്തിനെ എനിയ്ക്കു കിട്ടിയതെന്നറിയാമൊ. ബാക്കിയെല്ലാം ചീമൊട്ടയായി പോയില്ലെ. അപ്പോളങ്കവാലന്‍ പറഞ്ഞു.  ഇപ്പോളഞ്ചു കുഞ്ഞുങ്ങളെ കിട്ടിയില്ലെ.പിന്നെന്താ.  അപ്പോള്‍ വീണ്ടും കറുമ്പിക്കോഴി കരഞ്ഞും കൊണ്ട് പറഞ്ഞു തുടങ്ങി. അതില്‍ രണ്ടെണ്ണത്തിനെ ആരോ ശത്രുക്കളു പിടിച്ചോണ്ടു പോയി. അപ്പോളങ്കവാലന്‍  പറഞ്ഞു. നീ കാര്യമെല്ലാം വിശദമായി പ്പറ. കേക്കട്ടെ.അപ്പോള്‍ വീണ്ടും കറുമ്പിക്കോഴി പറഞ്ഞു തുടങ്ങി.അതങ്കവാലന്‍ ചേട്ടാ ,ഞാനാ കുറ്റിക്കാട്ടിന്‍റെവിടെ നിന്ന് ചിക്കി ചികഞ്ഞ് കുഞ്ഞുങ്ങളെ തീറ്റിക്കുകയായിരുന്നു. ഇഷ്ടം പോലെ ചിതലും മണ്ണിരേം എല്ലാം കിട്ടി. കുഞ്ഞുങ്ങടെ വയറു നിറയാനും വേണ്ടികിട്ടി.അപ്പോഴൊരു കാക്ക എന്‍റെ കുഞ്ഞുങ്ങളെ  റാഞ്ചാന്‍ വന്നു. ഞാന്‍ കൊക്കി കൊണ്ട് കാക്കയുടെ പുറകേ പോയി തിരികെ വന്നപ്പോളൊരു കുഞ്ഞിനെ കാണാനില്ല.ഒരു കരച്ചിലു പോലും കേട്ടില്ല.പിന്നെ നാലെണ്ണത്തിനേം കൊണ്ട് ഞാനങ്ങ് വീട്ടില്‍ പോയി. പിറ്റെ ദിവസവും അവിടെ തന്നെയാണ് കുഞ്ഞുങ്ങളെ തീറ്റിക്കാന്‍ പോയത്. പിറ്റെന്നും അതു തന്നെ  പറ്റി.  കാക്കേ ഓടിച്ചിട്ടു തിരിച്ചു വന്നപ്പം ഒരു കുഞ്ഞിനേം കൂടികാണാനില്ല. ഇപ്പം ദേ മൂന്നു കുഞ്ഞുങ്ങളേ ബാക്കിയൊള്ളു.ആരാണ് പിടിച്ചോണ്ടു പോയന്നു പോലും കണ്ടില്ല. അതും പറഞ്ഞ് കറുമ്പിക്കോഴി വീണ്ടും കരഞ്ഞോണ്ടു പറയാന്‍ തുടങ്ങി.ഇങ്ങിനെയാണെങ്കി ബാക്കി മൂന്നു കുഞ്ഞുങ്ങളേം ഇതേ പോലെ ആരെങ്കിലും പിടിച്ചോണ്ട് പോകത്തെയൊള്ളു.

    കറമ്പിക്കോഴീടെ സങ്കടം കണ്ടിട്ടങ്കവാലന്‍ പറഞ്ഞു.നീ സങ്കടപ്പെടാതിരിക്ക് . നിന്‍റെ കുഞ്ഞുങ്ങളെ കട്ടോണ്ടു പോകുന്ന കള്ളനെ ഞാന്‍ നിനക്കു കണ്ടു പിടിച്ചു തരാം.എന്നിട്ടു കറമ്പിക്കോഴീടടുക്കല്‍   അങ്കവാലന്‍ പറഞ്ഞു. നാളെ ഞാനാണ് അവരെ തീറ്റിക്കാന്‍ കൊണ്ടു പോകുന്നത്. നീ വരുകയേ വേണ്ട.അങ്ങിനെ പിറ്റെ ദിവസം അങ്കവാലന്‍ കറമ്പികോഴി , കുഞ്ഞുങ്ങളെ തീറ്റിക്കാന്‍ കൊണ്ടുപോകുന്ന സ്ഥലത്ത്  ആദ്യം  കുഞ്ഞുങ്ങളില്ലാതെ ഒന്നു പോയി. കുറ്റിക്കാടിന്‍റെടുത്ത് പതുങ്ങി നിന്നു.അപ്പോള്‍ അക്കരെ കാട്ടിലെ ചെമ്പന്‍ പൂച്ചേം കോങ്കണ്ണി കാക്കേം കൂടി എന്തോ രഹസ്യം പറയുന്നതു കണ്ടു. അങ്കവാലന്‍ പതുങ്ങി നിന്ന് ചെവി വട്ടം പിടിച്ചു. അപ്പോള്‍ ചെമ്പന്‍ കോങ്കണ്ണി കാക്കേടടുക്കല്‍   പതുക്കെ  പറയുന്നു . എടീ കാക്കേ നീ എന്നത്തേയും പോലെ കോഴി കുഞ്ഞുങ്ങളെ റാഞ്ചുന്ന പോലെ പറന്നു വരണം. അപ്പൊ നിന്നെ ഓടിക്കാന്‍ കറുമ്പിക്കോഴി വരും. അപ്പോള്‍ ഞാന്‍ കുറ്റിക്കാട്ടീന്ന് ഒറ്റചാട്ടത്തിനൊരെണ്ണത്തിനെ എന്‍റ വായിലാക്കിക്കോളാം. നീയാ മരത്തിന്‍റെ ചോട്ടി വന്നാമതി. നമുക്കു രണ്ടുപേര്‍ക്കും കൂടി ശാപ്പിടാം. അപ്പോള്‍  കറുമ്പികാക്ക പറഞ്ഞു. അതു ഞാനേറ്റു. ചെമ്പന്‍ ചേട്ടാ.  കറുമ്പികാക്ക പറഞ്ഞു ഇനീം നമുക്ക് പതുങ്ങിയിരിക്കാം. കറുമ്പിക്കോഴി വരാന്‍ സമയമായി.ചെമ്പന്‍ ചേട്ടന്‍ കുറ്റിക്കാട്ടിലും ഞാനാ തെങ്ങിന്‍റെ ഓലേലും ഇരിക്കാം.  ചെമ്പന്‍ പൂച്ച പറഞ്ഞു.  ഓ ശരി...ശരി.
അങ്കവാലന്‍  വിചാരിച്ചു ആ..അപ്പോളിവനാണു കക്ഷി. ഇവനിട്ടിന്നു രണ്ടു കൊടുക്കണം.   തിരിച്ചു വന്ന് കോഴിക്കുഞ്ഞുങ്ങളുമായി കുറ്റിക്കാട്ടിന്‍റെടുത്തോട്ട് പോയി.അവിടെകരിയിലയൊക്കെ ചിക്കിയിട്ടു കൊടുത്തിട്ട് കുഞ്ഞുങ്ങളോടു പറഞ്ഞു. ഞാനിതാ ഇവിടെ നിങ്ങടെ അടുത്തു തന്നെ നില്‍പ്പുണ്ട്. നിങ്ങളുപോയി കൊത്തിപ്പെറുക്കി തീറ്റതിന്നോണം.അങ്ങിനെ അങ്കവാലന്‍ ചുറ്റിനും നിരീക്ഷിച്ചോണ്ട് പതുങ്ങി നിന്നു.അപ്പോള്‍ ദേ നോക്കുമ്പം ചെമ്പന്‍ പൂച്ച പതുങ്ങി പതുങ്ങി വരുന്നു.അങ്കവാലന്‍ ചെമ്പന്‍റെടുത്തോട്ട് ഒറ്റ ചാട്ടം ചാടി. ഒരു കൊത്തും കൊടുത്തു. അവന്‍ പേടിച്ചു വിറച്ചു പോയി. കുഞ്ഞുങ്ങളു വന്ന് അങ്കവാലന്‍റെ ചിറകിനടിയില്‍ വന്നു നിന്നു.അങ്കവാലന്‍ ചെമ്പനോടു പറഞ്ഞു. എടാ ചെമ്പാ..ഇപ്പോഴല്ലെ മനസ്സിലായത് നീയാണ് ആ രണ്ടു കുഞ്ഞുങ്ങളേം കട്ടോണ്ടു പോയതെന്ന്. നീ നേരത്തെ വന്ന് ആ കോങ്കണ്ണി കാക്കേടടുക്കല്‍ പറഞ്ഞതു മുഴുവനും ഞാന്‍ കേട്ടു കേട്ടോ.ഇനി ഇവിടെങ്ങാനും കണ്ടു പോയാല്‍ നിന്‍റെ കണ്ണു ഞാന്‍ കൊത്തിപ്പറിച്ചെടുക്കും. വേഗം ഇവിടെ നിന്നും പൊയ്ക്കോ. ചെമ്പന്‍ ജീവനും കൊണ്ട് ഓടിപ്പോയി. ഇതെല്ലാം തെങ്ങിന്‍റെ ഓലേലിരുന്ന് കണ്ടോണ്ടിരുന്ന കോങ്കണ്ണി കാക്ക കാ..കാ..എന്ന് കാറിക്കൊണ്ട്  നാണിച്ചു പറന്നും പോയി.കറമ്പികോഴീം ബാക്കി കുഞ്ഞുങ്ങളും കൂടി    ആരേം പേടിക്കാതെ സുഖമായി കഴിഞ്ഞു.



3 comments:

  1. കഥ വായിച്ചു..
    കഥ പറയുന്ന ശൈലി നന്നായിരിക്കുന്നു..
    ഈ കഥയുടെ ഗുണപാഠം എന്താണെന്ന് പെട്ടെന്ന് മനസ്സിലായില്ല. മനസ്സിലായ ഗുണപാഠം ആണെങ്കിൽ ഒട്ടും ശരിയുമല്ലെന്നൊരു തോന്നൽ.
    ‘ആണുങ്ങളില്ലാത്ത കുടുംബങ്ങൾ മുഴുവൻ കാക്ക കൊത്തിപ്പോകുമെന്നൊരു‘ ധ്വനിയല്ലെ ഈ കഥ തരുന്നത്...?!!
    അതോ എന്റെ വക്രബുദ്ധിക്ക് അങ്ങനെ തോന്നിയതോ..?
    എന്തായാലും മറ്റുള്ളവർ എന്തു പറയുന്നുവെന്നു കൂടി നോക്കാം. ഇനിയും വരാം.
    ആശംസകൾ...

    ReplyDelete
  2. കഥ വായിച്ചു രസകരമായി തന്നെ. ഇവിടെ കമന്റ് കോളത്തില്‍ വന്നപ്പൊ വി കെ ഉടെ വക ഒരു ചോദ്യം..ഗുണപാഠം ...? അതെനിക്ക് അറിഞ്ഞൂടാട്ടൊ...ഏതായാലും അതിന്റെ ബാക്കി മൂന്ന് കുഞ്ഞുങ്ങള്‍ രക്ഷപെട്ടല്ലൊ..അത് മതി...

    ReplyDelete
  3. ഉഗ്രന്‍ കഥ... കുട്ടികളുടെ മനസ്സോടെ കാര്യങ്ങളെ കാണാന്‍ കഴിയുന്നവര്‍ക്കാണ് ബാലസാഹിത്യത്തില്‍ ശോഭിക്കാനാവുന്നത്. കഥാകാരിയ്ക്ക് അതു സാധിച്ചിരിക്കുന്നു. ആശംസകള്‍...
    വീ കെ ഗുണപാഠം ഇതുവരെ കണ്ടെത്തിയില്ലേ? അശക്തരെ സഹായിക്കേണ്ടത് ശക്തരുടെ ഉത്തരവാദിത്തമാണ്. നാം പരസ്പരം സഹായിക്കുമ്പോള്‍ നമ്മുടെ ലോകം സ്വര്‍ഗ്ഗമായി മാറും.

    ReplyDelete