Saturday, May 26, 2012

പൂവിനെ സ്നേഹിച്ച മണിക്കുട്ടിയും മണിക്കുട്ടിയെ സ്നേഹിച്ച പൂവും.







 അങ്ങിനെ ഒരു ദിവസം മണിക്കുട്ടിയുടെ റോസാച്ചെടിയിലൊരു കുഞ്ഞു മൊട്ടു വന്നു. മണിക്കുട്ടിക്ക് അന്ന് ഒരുപാടു സന്തോഷമുള്ള ദിവസമായിരുന്നു. അവളോടി ചെന്ന് ഈ വിവരം എല്ലാവരോടും പറഞ്ഞു. അച്ഛനോട്, അമ്മയോട്, മുത്തച്ഛനോട് മുത്തശ്ശിയോട്, ചേട്ടനോട്. എന്നുവേണ്ട വീട്ടിലെ കറുമ്പി പൂച്ചയോടും ടൈഗറു പട്ടിയോടും വരെ ഈ സന്തോഷ വാര്‍ത്ത പറഞ്ഞു. മണിക്കുട്ടിയുടെ ക്ലാസ്സിലെ കൂട്ടുകാരി ചിന്നുവാണ് ആ റോസാച്ചെടി അവള്‍ക്കു കൊടുത്തത്.  മണിക്കുട്ടി അതിനെ വീടിന്‍റ മുറ്റത്ത് ഒരരുകിലായി നട്ടു. എന്നും രാവിലെ എണീറ്റാലാദ്യം ചെന്ന് റോസാചെടിയോട് കുറച്ചു വര്‍ത്തമാനം പറയും.എന്നിട്ട് ചെടിയുടെ ചുവട്ടില്‍ വെള്ളം ഒഴിക്കും. അങ്ങിനെ  കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അതിന് പുതിയ ഒരു ശിഖരം  പൊട്ടി മുളച്ചു.  അപ്പോള്‍ മുതല്‍ മണിക്കുട്ടി അതിനെ കൂടുതല്‍  ശ്രദ്ധിക്കാന്‍ തുടങ്ങി.  കുറച്ചുകൂടി കൂടുതല്‍ വെള്ളം ഒഴിക്കാന്‍തുടങ്ങി. അതേപോലെ അടുത്തവീട്ടില്‍ ചെന്ന് കുറച്ചു ചാണകം കൊണ്ടുവന്ന് ചെടിക്ക് ഇട്ടു കൊടുത്തു. ഇതെല്ലാം കൂട്ടു കാരി ചിന്നു അവള്‍ക്ക് പറഞ്ഞു കൊടുത്തതായിരുന്നു. മനുഷ്യ കുഞ്ഞുങ്ങള് വളരാന്‍ ആഹാരം കഴിക്കുന്നതുപോലെ ചെടിക്കും വളരാന്‍ ആഹാരം വേണമെന്നും അതേപോലെ വെള്ളവും  ഒഴിച്ചു കൊടുക്കണമെന്നും എല്ലാം. ചെടിക്കും വിശപ്പും ദാഹവും എല്ലാമുണ്ടെന്ന് മണിക്കുട്ടിക്ക്  അറിയാമായിരുന്നു. ഓരോ ദിവസവും  മണിക്കുട്ടി റോസാചെടിയിലെ മൊട്ട് വലുതാകുന്നതു നോക്കി സന്തോഷിക്കും. ഒരു ദിവസം ഒരു ചിത്ര ശലഭം അതു വഴി വന്നു. ശലഭം മൊട്ടിന്‍റടുത്തു ചെന്ന് ഒന്നു വട്ടം പറന്നു. അപ്പോള്‍ മണിക്കുട്ടി ശലഭത്തിനോടു ചോദിച്ചു എന്തിനാണ് ചിത്ര ശലഭമേ ഇങ്ങനെ എന്‍റ മൊട്ടിനു ചുറ്റും  വട്ടമിട്ടു പറക്കുന്നതെന്ന്. അപ്പോള്‍ ശലഭം പറഞ്ഞു, അത്  ഈ  മൊട്ടു വിരിയാറായോ എന്ന് നോക്കിയതാ. അപ്പോള്‍ മണിക്കുട്ടി ചോദിച്ചു.. എന്നിട്ട് ശലഭത്തിനെന്തു തോന്നി. വിരിയാറായോ. അപ്പോള്‍ ശലഭം പറഞ്ഞു. ഈ മൊട്ട് നാളെ വിരിയും.     അന്നു രാത്രി മുഴുവനും  മണിക്കുട്ടി റോസാപ്പൂവ് വിരിയുന്നതും വിചാരിച്ചു കിടന്നു. പിറ്റെന്ന് കാലത്തെ മണിക്കുട്ടി നേരത്തെ എണീറ്റു.. . അവളോടി റോസാ ചെടിയുടെ അടുത്തേക്കു ചെന്നു. അവള്‍ക്ക് അത്ഭുതമായി. ചിത്ര ശലഭം പറഞ്ഞതു പോലെ  മൊട്ടു വിരിഞ്ഞു. നല്ല ഭംഗിയും മണവുമുള്ള നല്ലൊരു റോസാപ്പൂവ് ചെടിയില്‍ നില്‍ക്കുന്നു.അവളെല്ലാവരേയും വിളിച്ചു കാണിച്ചു. അവളുടെ റോസാചെടിയിലെ പൂവിനെ. അന്നും പതിവു പോലെ ചിത്ര ശലഭം വന്നു. ശലഭം പൂവിനു ചുറ്റും വട്ടമിട്ടു പറന്നു. അപ്പോള്‍ മണിക്കുട്ടി ശലഭത്തിനോടു ചോദിച്ചു. നീ ഇനിയും എന്തിനാണ് വട്ടമിട്ടു  പൂവിനു ചുറ്റും പറക്കുന്നത്. അപ്പോള്‍ ശലഭം പറഞ്ഞു. അത് ഇപ്പോള്‍  ഞാന്‍ നോക്കിയത് ഈ പൂവെന്നു കൊഴിയുമെന്നാണു മണിക്കുട്ടി.     അതു കേട്ടപ്പോള്‍ മണിക്കുട്ടി സങ്കടത്തോടെ ചോദിച്ചു . എന്താണു ശലഭമേ ഈ പറയുന്നെ. എന്‍റ പൂവു കൊഴിഞ്ഞു പോകുമെന്നോ..        ഇല്ല ഞാനൊരിക്കലും എന്‍റ പൂവിനെ കൊഴിഞ്ഞു പോകാന്‍ സമ്മതിക്കില്ല. അപ്പോള്‍ ശലഭം വീണ്ടും മണിക്കുട്ടിയോടു പറഞ്ഞു. മനുഷ്യര്‍ മരിക്കുന്നതുപോലെ വിരിഞ്ഞപൂവും കൊഴിഞ്ഞുപോകും.അതു പ്രകൃതി നിയമമാണു മണിക്കുട്ടി. അതില്‍ നീ സങ്കടപ്പെട്ടിട്ട് ഒരു കാര്യവുമില്ല.ശലഭം അകലേക്കു പറന്നുപോയി. മണിക്കുട്ടി പൂവിന് ഒരു ചക്കരയുമ്മ കൊടുത്തു. എന്നിട്ടു പറഞ്ഞു. പൂവെ നീ എന്നെ വിട്ടു പോകല്ലെ. എനിക്ക് അതു സഹിക്കാന്‍ പറ്റുകയില്ല. അത്രക്ക് എനിക്ക് നിന്നെ ഇഷ്ടമാണ്.അപ്പോള്‍ മണിക്കുട്ടിയുടെ സങ്കടം കണ്ടിട്ട് പൂവു പറഞ്ഞു. മണിക്കുട്ടി വിഷമിക്കേണ്ട. നീ വീണ്ടും ചെടിക്ക് വെള്ളവും വളവും എല്ലാം നല്‍കണം. ഞാന്‍ കൊഴിഞ്ഞു പോയാലും അടുത്ത ഒരു കുഞ്ഞു മൊട്ടായിട്ട് ഈ ചെടിയില്‍ ഒരു ശിഖരത്തില്‍ വരും അപ്പോള്‍ കുറച്ചു ദിവസം കഴിയുമ്പോള്‍ ആമൊട്ടു വലുതായി വീണ്ടും പൂവായി മണിക്കുട്ടിയുടെ ചക്കര ഉമ്മ മേടിക്കുവാന്‍ ഞാന്‍ വരും. അങ്ങിനെ ശലഭം പറഞ്ഞതുപോലെ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍  പൂവു കൊഴിയുവാന്‍ തുടങ്ങി.    വീണ്ടും മൊട്ടു വരുന്നതും പ്രതീക്ഷിച്ച്   മണിക്കുട്ടി  വെള്ളവും വളവും റോസാചെടിക്ക് കൊടുത്തു കൊണ്ടേയിരുന്നു.


5 comments:

  1. കുട്ടിക്കഥ കൊള്ളാം ചേച്ചി.

    ReplyDelete
  2. രസകരം ..... കുഞ്ഞുങ്ങള്‍ നന്നായി ആസ്വദിക്കും....

    ReplyDelete
  3. മണിക്കുട്ടിയുടെയും റോസാപ്പൂവിന്റെയും കഥ സൂപ്പറായി. ഞാനത് എന്റെ മക്കള്‍ക്ക് ഈണത്തില്‍ വായിച്ചുകൊടുത്തു. അവര്‍ക്കത് എന്തിഷ്ടമായെന്നോ... ആശംസകള്‍. കഥ വായിക്കാന്‍ ഞങ്ങള്‍ ഇനിയും വരും... എഴുതണേ...

    ReplyDelete
  4. കുട്ടിക്കഥ നന്നായിട്ടുണ്ട് ചേച്ചി ...!
    ഈ മണിക്കുട്ടി ഞാന്‍ തന്നെ അല്ലെ എന്നൊരു സംശയം ....!
    ഞാനും ഈ മണിക്കുട്ടിയെപ്പോലെ കാത്തിരുന്നിട്ടുണ്ട് പൂവ് വിരിയുന്നതും നോക്കി ...ഇപ്പോളും അത് തുടരുന്നുണ്ട് ട്ടോ...:))

    ReplyDelete